ട്രംപിന്റെ ഫോണ്‍ മോദി അറ്റന്‍ഡ് ചെയ്തില്ലെന്ന് ജര്‍മന്‍ മാധ്യമങ്ങള്‍

New Update
Bhdb

യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ നാല് ഫോണ്‍ കോളുകള്‍ അറ്റന്‍ഡ് ചെയ്യാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സമീപ ദിവസങ്ങളില്‍ വിസമ്മതിച്ചെന്ന് ജര്‍മനിയിലെയും ജപ്പാനിലെയും മാധ്യമങ്ങള്‍. ഇന്ത്യക്കു മേല്‍ യുഎസ് 50% അധിക തീരുവ പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു ഇത്.

Advertisment

ഡോണള്‍ഡ് ട്രംപും നരേന്ദ്ര മോദിയും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദം ചരിത്രം മാത്രമായിക്കഴിഞ്ഞെന്നും, ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം ഉലയുന്നതിന്‍റെ സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്നുമാണ് നിഗമനം. 21ാം നൂറ്റാണ്ടിലെ ഏറ്റവും നിര്‍ണായകമായൊരു അന്താരാഷ്ട്ര പങ്കാളിത്തമാണ് ഇതോടെ അപകടത്തിലായിരിക്കുന്നത്.

ട്രംപിന്‍റെ താരിഫ് യുദ്ധത്തോട് നരേന്ദ്ര മോദി ഇതുവരെ പരസ്യ പ്രതികരണമൊന്നും നടത്തിയിട്ടില്ല. മറുപടിയായി യുഎസ് ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ തീരുവ വര്‍ധിപ്പിച്ചിട്ടുമില്ല. എന്നാല്‍, യുഎസ് സമ്മര്‍ദത്തിനു വഴങ്ങാന്‍ ഇന്ത്യ തയാറല്ലെന്നും, യുഎസുമായും ചൈനയുമായുമുള്ള ബന്ധം സ്വന്തം നിലപാടനുസരിച്ചു മാത്രം മുന്നോട്ടു കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നുമാണ് വിലയിരുത്തല്‍. ഇത് ട്രംപിനെ കൂടുതല്‍ അസ്വസ്ഥനാക്കുന്നു എന്നാണ് ജപ്പാന്‍ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

ട്രംപ് മോഡിയെ ഫോണില്‍ വിളിച്ചിരുന്നു എന്ന വാര്‍ത്ത സ്ഥിരീകരിക്കാനോ നിരാകരിക്കാനോ വാഷിങ്ടണ്‍ തയാറായിട്ടില്ല. അതേസമയം, വിശദമായ ചര്‍ച്ചകള്‍ ഫോണിലൂടെ നടത്തുന്നത് നരേന്ദ്ര മോദിയുടെ രീതിയല്ലെന്നാണ് യുഎസിലെ ഒരു ഇന്ത്യന്‍ നയതന്ത്രജ്ഞന്‍ ചൂണ്ടിക്കാട്ടുന്നത്.

ട്രംപുമായി ഫോണില്‍ സംസാരിച്ചാല്‍ യുഎസ് അത് ദുര്‍വ്യാഖ്യാനം ചെയ്യാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് മോദി കോള്‍ ഒഴിവാക്കിയതെന്നാണ് മറ്റൊരു വ്യാഖ്യാനം. ഇന്ത്യ ~ പാക്കിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിച്ചതു താനാണെന്ന മട്ടില്‍ ട്രംപ് ഇത്തരത്തില്‍ മുന്‍പ് ദുര്‍വ്യാഖ്യാനം നടത്തിയിട്ടുള്ളതുമാണ്.

സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടുന്നതിന് ട്രംപ് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം അവകാശവാദങ്ങളെന്നാണ് കരുതപ്പെടുന്നത്.

Advertisment