കടമെടുക്കല്‍ പരിധിയില്‍ തര്‍ക്കിച്ച് ജര്‍മന്‍ രാഷ്ട്രീയം

New Update
 Vyjghvuh

കടമെടുക്കല്‍ പരിധി സംബന്ധിച്ച തര്‍ക്കമാണ് ജര്‍മനിയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ തകര്‍ച്ചയ്ക്കു കാരണമായത്. കടമെടുക്കല്‍ പരിധി എടുത്തു കളയുക എന്ന ലക്ഷ്യത്തോടെയായിരിക്കും പുതിയ സര്‍ക്കാര്‍ മുന്നോട്ടു പോകുക എന്നാണ് സൂചന. അടിസ്ഥാനസൗകര്യ വികസനത്തിനും പ്രതിരോധ മേഖലയ്ക്കും വകയിരുത്തുന്ന തുക വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിനു മുന്നില്‍ തത്കാലം മറ്റു മാര്‍ഗങ്ങളില്ല.

Advertisment

പരിധിയില്‍ കവിഞ്ഞ വായ്പയെടുക്കാന്‍ നിലവില്‍ ജര്‍മന്‍ ഫെഡറല്‍ ഗവണ്‍മെന്റിനോ പതിനാറ് സ്റേററ്റ് ഗവണ്‍മെന്റുകള്‍ക്കോ അധികാരമില്ല. ജി7 രാജ്യങ്ങളില്‍ മറ്റൊരിടത്തുമില്ലാത്ത വിധം കര്‍ക്കശമാണ് ജര്‍മനി ഇക്കാര്യത്തില്‍ പിന്തുടരുന്ന നിയന്ത്രണം. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ രാജ്യത്തിന്റെ ഭരണഘടനയില്‍ തന്നെ എഴുതിവച്ചിട്ടുള്ളതാണ്.

അടിസ്ഥാനപരമായി, സര്‍ക്കാരുകളുടെ വരുമാനത്തിനുള്ളില്‍ നിന്നു മാത്രം ചെലവാക്കുക എന്നതാണ് ജര്‍മനിയുടെ തത്വം. നികുതികളും ചുങ്കങ്ങളും പോലുള്ള വരുമാനങ്ങള്‍ കണക്കാക്കി വേണം ചെലവിനുള്ള പണം വകയിരുത്താന്‍. ഇതിനാണ് ഡെബ്റ്റ് ബ്രേക്ക് എന്നു പറയുന്നത്.

2009ല്‍ അംഗല മെര്‍ക്കല്‍ ചാന്‍സലറായിരിക്കെയാണ് ആഗോള സാമ്പത്തിക മാന്ദ്യം കണക്കിലെടുത്ത് ഇങ്ങനെയൊരു നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സി ഡ ിയു പ്രതിനിധിയായ മെര്‍ക്കലിനു കീഴില്‍ എസ് പി ഡി പ്രതിനിധി പിയര്‍ സ്ററീന്‍ബ്രൂക്ക് ആയിരുന്നു അന്ന് ധനമന്ത്രി. ചരിത്രപ്രാധാന്യമുള്ള തീരുമാനമെന്നാണ് സ്ററീന്‍ബ്രൂക്ക് അന്ന് അതിനെ വിശേഷിപ്പിച്ചത്.

ഇപ്പോള്‍ ഒരിക്കല്‍ക്കൂടി സി ഡി യുവും എസ് പി ഡിയും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ ചരിത്രപരമായ ഈ തീരുമാനമാണ് തിരുത്തപ്പെടാന്‍ പോകുന്നത്.

വായ്പയെടുക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ ഗ്രീന്‍ പാര്‍ട്ടിയും ഇടതുപക്ഷ പാര്‍ട്ടിയും അന്നു മുതല്‍ ശക്തമായി എതിര്‍ത്തുപോരുന്നതാണ്. രാജ്യത്തിന്റെ വളര്‍ച്ചാ ശേഷി നിയന്ത്രിക്കുന്നതിനു തുല്യമാണിതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, വായ്പയെടുത്താല്‍ പലിശയിനത്തില്‍ കടം കുന്നുകൂടുമെന്ന് നിയന്ത്രണത്തിന്റെ വക്താക്കളും വാദിക്കുന്നു.

2016ലാണ് ഫെഡറല്‍ ഗവണ്‍മെന്റിന് ഡെബ്റ്റ് ബ്രേക്ക് ബാധകമായത്. സ്റേററ്റ് ഗവണ്‍മെന്റുകള്‍ക്ക് 2020ലും. എന്നാല്‍, 2014 മുതല്‍ തന്നെ അന്നത്തെ ധനമന്ത്രി വോള്‍ഫ്ഗാങ് ഷോബിള്‍ ഇതു കണക്കിലെടുത്തുള്ള സന്തുലിത ബജറ്റാണ് അവതരിപ്പിച്ചത്. 45 വര്‍ഷത്തിനിടെ ആദ്യമായിരുന്നു ജര്‍മനിയയില്‍ അങ്ങനെയൊരു ബജറ്റ്.

അതേസമയം, നിയന്ത്രണത്തില്‍ ഫെഡറല്‍ ഗവണ്‍മെന്റിനു മാത്രം ലഭിക്കുന്ന ഇളവുകള്‍ ഉപയോഗിച്ച് കൊവിഡ് കാലത്തും യുക്രെയ്ന്‍ യുദ്ധകാലത്തും ജര്‍മന്‍ സര്‍ക്കാര്‍ കടമെടുക്കാന്‍ നിര്‍ബന്ധിതമായിരുന്നു. നിയന്ത്രണങ്ങളില്‍ ഇനിയെങ്കിലും ഇളവ് വരുത്തിയില്ലെങ്കില്‍, നിക്ഷേപം നടത്തുന്നതിനുള്ള രാജ്യത്തിന്റെ ശേഷി ചുരുങ്ങിപ്പോകുമെന്ന് പല സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

നിയുക്ത ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് പ്രതിരോധ, അടിസ്ഥാനസൗകര്യ മേഖലകളില്‍ ചെലവാക്കുന്ന തുകയില്‍ വലിയ തോതില്‍ വര്‍ധന വരുത്തുമെന്ന പ്രഖ്യാപനവും നടത്തിക്കഴിഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍, ഇതിന് അനുസൃതമായി ഡെബ്റ്റ് ബ്രേക്ക് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ സി ഡി യുവും എസ് പി ഡിയും തമ്മില്‍ ഏകദേശ ധാരണയുമായിക്കഴിഞ്ഞു.