/sathyam/media/media_files/2025/10/09/vvv-2025-10-09-04-55-20.jpg)
ബെര്‍ലിന്‍: ജര്‍മ്മനിയിലെ തൊഴില്‍ വിപണി വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ജനസംഖ്യാപരമായ മാറ്റങ്ങള്‍ കാരണം അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ ജര്‍മ്മന്‍ തൊഴില്‍ വിപണിയില്‍ നിന്ന് പുറത്തുപോകുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. ഈ പ്രതിസന്ധി നേരിടാനാണ് സര്‍ക്കാര്‍ വിദേശ തൊഴിലാളികളുടെ കുടിയേറ്റ നയം പരിഷ്കരിക്കുന്നത്.
തൊഴില്‍ മന്ത്രി ബര്‍ബെല്‍ ബാസിന്റെ നേതൃത്വത്തില്‍ പുതിയ 'വര്‍ക്ക് ആന്‍ഡ് സ്റേറ ഏജന്‍സി' രൂപീകരിച്ചുകൊണ്ട്, കുടിയേറ്റത്തിലെ കാലതാമസം കുറയ്ക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. നിലവില്‍ വിസ അംഗീകാരത്തിന് വിദേശകാര്യ ഓഫീസുകളും, തൊഴില്‍ വിപണി പ്രവേശനത്തിന് ഫെഡറല്‍ ഏജന്‍സിയും, താമസാനുമതിക്ക് പ്രാദേശിക അധികാരികളും ഉള്‍പ്പെടെ 549~ഓളം ഓഫീസുകളാണ് ജര്‍മ്മനിയില്‍ പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ നൈപുണ്യമുള്ള തൊഴിലാളികളുടെ കുടിയേറ്റ നിയമം പോലുള്ള പരിഷ്കാരങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെങ്കിലും, അമിതമായ ഉദ്യോഗസ്ഥ കെടുകാര്യസ്ഥത കാരണം ഇതിന്റെ ഫലം പരിമിതമായിരുന്നു. ഈ സാഹചര്യം മാറ്റാനും രാജ്യത്തിന്റെ ആധുനികവല്‍ക്കരണം മുന്നോട്ട് കൊണ്ടുപോകാനും പുതിയ ഏജന്‍സി സഹായിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.