ബര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ ഇന്ത്യ സന്ദര്‍ശനവേളയില്‍ ഒപ്പുവച്ച മൈഗ്രേഷന്‍ ധാരണാപത്രം ഇരുരാജ്യങ്ങള്‍ക്കും നിര്‍ണായകം. പ്രതിമാസം പത്തു ലക്ഷത്തോളം പേര്‍ പുതിയതായി തൊഴില്‍ വിപണിയിലെത്തുന്ന ഇന്ത്യക്ക് ഇത് തൊഴിലില്ലായ്മ പരിഹരിക്കാനുള്ള അവസരം. ജര്‍മനിക്കാകട്ടെ, വിവിധ മേഖലകളിലെ കടുത്ത തൊഴിലാളി ക്ഷാമം പരിഹരിക്കാനുള്ള വഴിയാണ് തുറന്നു കിട്ടിയിരിക്കുന്നത്.
ഇരുരാജ്യങ്ങളും ഒപ്പുവച്ച ധാരണാപത്രം അനുസരിച്ച് പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ക്കാണ് ജര്‍മനിയിലേക്ക് കുടിയേറാന്‍ അവസരമൊരുങ്ങുന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം, 1,38,000 ഇന്ത്യക്കാരാണ് ഇപ്പോള്‍ ജര്‍മനിയിലെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നത്. ജര്‍മനിയിലെ വിദഗ്ധ തൊഴിലാളി ക്ഷാമത്തിന്റെ ഇരുപതു ശതമാനം പരിഹരിക്കുന്നത് ഇന്ത്യക്കാരാണ്.
2021ല്‍ അധികാരമേറ്റതു മുതല്‍ രാജ്യത്തെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതില്‍ ബദ്ധശ്രദ്ധമാണ് ജര്‍മനിയിലെ ട്രാഫിക് ലൈറ്റ് ഭരണമുന്നണി. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കോ ഗ്രീന്‍ പാര്‍ട്ടിക്കോ ഫ്രീ ഡെമോക്രാറ്റിക് പാര്‍ട്ടിക്കോ കുടിയേറ്റ വിരുദ്ധ നയം ഇല്ലാത്തത് ഇക്കാര്യത്തില്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നു ജര്‍മനിയിലേക്കു കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഹായകമാണ്. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യത്തെ പൗരത്വ നിയമങ്ങളില്‍ ഗണ്യമായ ഇളവുകള്‍ പ്രഖ്യാപിച്ച ഫെഡറല്‍ ഗവണ്‍മെന്റ്, പുതിയ മൈഗ്രേഷന്‍ റൂട്ടുകളും, വിദേശ വിദഗ്ധ തൊഴിലാളികള്‍ക്ക് നിരവധി ആനുകൂല്യങ്ങളും നടപ്പാക്കിക്കഴിഞ്ഞു.
ഇന്ത്യയില്‍ നിന്നു ജര്‍മനിയിലേക്കുള്ള കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മുപ്പതിന പദ്ധതിയാണ് ഇരുരാജ്യങ്ങളും ചേര്‍ന്ന് തയാറാക്കിയിരിക്കുന്നത്. ഇന്ത്യന്‍ സ്കൂളുകളില്‍ ജര്‍മന്‍ ഭാഷ പഠിപ്പിക്കുന്നത് അടക്കമുള്ള സുപ്രധാന നിര്‍ദേശങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. തൊഴില്‍ അന്വേഷകര്‍ക്കു മാത്രമല്ല, ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും ട്രെയ്നികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും സാംസ്കാരിക മേഖലയില്‍ വൈദഗ്ധ്യമുള്ളവര്‍ക്കും കൂടി രാജ്യത്തിന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ് ജര്‍മനി.
ജര്‍മന്‍ കമ്പനികള്‍ക്ക് പരിശീലന ആവശ്യത്തിനായി ഇന്ത്യക്കാര്‍ക്ക് താത്കാലിക റെസിഡന്‍സ് പെര്‍മിറ്റുകള്‍ അനുവദിക്കുന്നതിനും, ആവശ്യമെങ്കില്‍ ഇത് ദീര്‍ഘകാല വര്‍ക്ക് പെര്‍മിറ്റായി മാറ്റിയെടുക്കുന്നതിനുമുള്ള വ്യവസ്ഥകളും ധാരണാപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തൊഴിലാളികള്‍ക്ക് കുടുംബാംഗങ്ങളെ ഒപ്പം കൂട്ടാനുള്ള സൗകര്യം മാത്രമല്ല, മതിയായ യോഗ്യതകളുള്ള കുടുംബാംഗങ്ങള്‍ക്ക് ജര്‍മനിയില്‍ ജോലി ചെയ്യാനും അനുമതി ലഭിക്കും.
രണ്ടു വര്‍ഷത്തിനിടെ ജര്‍മനിയിലെ ഇന്ത്യക്കാരുടെ എണ്ണത്തില്‍ 25 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യക്കാര്‍ക്കുള്ള വിസ ക്വോട്ടയില്‍ ജര്‍മനി വര്‍ധന വരുത്തിയ പശ്ചാത്തലത്തില്‍ ഇതിനിയും കൂടും. പ്രതിവര്‍ഷം ഇരുപതിനായിരം ഇന്ത്യക്കാര്‍ക്ക് ജര്‍മനി വിസ നല്‍കിയിരുന്ന സ്ഥാനത്തം ഇനി തൊണ്ണൂറായിരം പേര്‍ക്കു നല്‍കാനാണ് തീരുമാനം. വിസ അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങളിലെ സങ്കീര്‍ണതകള്‍ കുറയ്ക്കാനുള്ള നടപടികളും ജര്‍മന്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നു.