ജര്‍മനിയില്‍ ജനനം, ഇന്നു ലോകത്താകെ മരണത്തിന്റെ വലവിരിച്ച രാസലഹരി,

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Nujnbhb

സമീപകാലത്ത് കേരളത്തിലെ ചെറുപ്പക്കാരോ കൗമാരക്കാരോ ഉള്‍പ്പെട്ട പല കുറ്റകൃത്യങ്ങളുടെയും ഉള്ളറകളിലേക്കു ചെല്ലുമ്പോള്‍ തെളിഞ്ഞു കാണുന്ന പേരാണ് പലതരം രാസലഹരികളുടേത്. അതില്‍ ഒന്നാം സ്ഥാനത്ത് എംഡിഎംഎ ഉണ്ട്. മെത്തലിന്‍ ഡയോക്സിന്‍ മെത്താംഫിറ്റമിന്‍ എന്ന എംഡിഎംഎ ഇന്ന് ലോകം മുഴുവന്‍ വല വിരിച്ച മരണദൂതനായി മാറിക്കഴിഞ്ഞിരിക്കുന്നു.

Advertisment

ഇതിനെ എങ്ങനെ നേരിടുമെന്നത് ഡോണള്‍ഡ് ട്രംപ് മുതല്‍ പിണറായി വിജയന്‍ വരെയുള്ള ഭരണാധികാരികള്‍ക്ക് തലവേദനയാണ്. യുഎസും യൂറോപ്പുമെല്ലാം ലഹരി വ്യാപാരത്തിന്റെ വിളനിലങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. പ്രതിവര്‍ഷം 10 ലക്ഷം കോടി ഡോളറിന്റെ എംഡിഎംഎയാണ് ആഗോളവ്യാപകമായി വിറ്റുപോവുന്നത്. ലോകത്തെ ഏറ്റവും വലിയ മാഫിയയായി ഇതു മാറിക്കഴിഞ്ഞിരിക്കുന്നു.

ജര്‍മന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മെര്‍ക്കിലെ, ആന്റണ്‍ ഗോലിഷ് എന്ന ശാസ്ത്രഞ്ജനാണ് 1912ല്‍ വിശപ്പിനെ ജയിക്കാനുള്ള മരുന്ന് എന്ന രീതിയില്‍ എംഡിഎംഎ വികസിപ്പിച്ചത്. 1970കളില്‍ സൈക്കോ തെറാപ്പി ഡ്രഗ് ആയി എംഡിഎംഎ ഉപയോഗിക്കാന്‍ തുടങ്ങി. പക്ഷേ 1980 ആയപ്പോഴേക്കും യൂറോപ്പിലും അമേരിക്കയിലും ഇത് വ്യാപകമായ തോതില്‍ മയക്കുമരുന്നായി മാറുകയായിരുന്നു.

രുചിയും മണവുമില്ലാത്ത എംഡിഎംഎ പൊടിച്ച് ജ്യൂസിലോ മറ്റോ കലര്‍ത്തിയാല്‍ ഉപയോഗിക്കുന്നവര്‍ അറിയണമെന്നു പോലുമില്ല. ഇതുകൂടാതെ പുകയായി വലിച്ചും, കുത്തിവച്ചും, ഗ്ളാസ് പാത്രങ്ങളില്‍ ചൂടാക്കി ശ്വസിച്ചും ഇതുപയോഗിച്ചു വരുന്നു. ആദ്യ ഉപയോഗത്തില്‍ തന്നെ ഒരുവനെ അടിമയാക്കാന്‍ ശേഷിയുളളതാണ് എംഡിഎംഎ. ക്രിസ്റ്റല്‍ രൂപത്തിലുള്ള ഇതു പൊടിച്ചശേഷം സ്പൂണിലോ മറ്റോ ഇട്ട് മെഴുകുതിരിയോ, ലൈറ്ററോ ഉപയോഗിച്ച് ചൂടാക്കി ദ്രവരൂപത്തിലാക്കിയ ശേഷം കുത്തിവയ്ക്കുന്നതാണ് സാധാരണ രീതി. ചിലര്‍ക്ക് ഇത് ഉപയോഗിച്ചാല്‍ 12~16 മണിക്കൂര്‍ ഉറക്കംപോലും വരില്ല.

നെതര്‍ലാന്‍ഡ്, സ്പെയിന്‍, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളാണ് ഇന്നു രാസലഹരിയുടെ ആഗോള തലസ്ഥാനമായി അറിയപ്പെടുന്നത്. പണ്ട് കൊക്കേയിനും മരിജുവാനയും കടത്തിയിരുന്നു മെക്സിക്കോയിലെ ഡ്രഗ് കാര്‍ട്ടലുകള്‍പോലും ഇന്ന് രാസലഹരിയിലേക്ക് മാറിയിരിക്കുന്നു. നൈജീരിയ അടക്കമുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഒരുകാലത്ത് കുടില്‍ വ്യവസായംപോലെയായിരുന്നു രാസലഹരി നിര്‍മ്മാണം. മലേഷ്യ, സിങ്കപ്പുര്‍, ജപ്പാന്‍, ചൈന, തായ്ലന്‍ഡ് എന്നിവയൊക്കെ രാസലഹരിയുടെ കേളീരംഗമാണ്. ഒരുകിലോ എംഡിഎംഎയുടെ വിപണി മൂല്യം അഞ്ചരക്കോടിയോളം വരും.

പാര്‍ട്ടി ഡ്രഗ് എന്ന നിലയിലാണ് എംഡിഎംഎ ആദ്യമായി ഇന്ത്യയിത്തുന്നത്. നിശാ പാര്‍ട്ടികളിലും മറ്റും തളരാതെ ദീര്‍ഘനേരം സജീവമായിരിക്കാനും, തുടര്‍ച്ചയായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനും സഹായിക്കുന്ന ലഹരി വസ്തുവെന്ന നിലയ്ക്ക് ഇത് കുപ്രസിദ്ധി നേടി. ഡിജെ പാര്‍ട്ടികളിലെത്തുന്ന പെണ്‍കുട്ടികളെ മയക്കാനും, അതുവഴി ലൈംഗിക ചൂഷണത്തിന് ഉപയോഗിക്കാനും ഇത് പ്രയോഗിക്കപ്പെട്ടു. ലൈംഗികാസക്തി ഉയര്‍ത്താന്‍ ഈ ലഹരിമരുന്ന് ഉപയോഗിക്കാറുണ്ട്. നീലച്ചിത്ര നിര്‍മാണ്ണ മേഖലയില്‍ ഉദ്ധാരണ ശേഷി വര്‍ധിപ്പിക്കാനും നിലനിര്‍ത്താനും ഉപയോഗിക്കുന്ന മയക്കുമരുന്നും ഇതുതന്നെ.

ഇന്ത്യന്‍ നിര്‍മ്മിത രാസലഹരികള്‍ വന്നപ്പോള്‍ അതിന്റെ വില കുറയുകയും, ലഭ്യത കൂടുകയും ചെയ്തു. ഇതോടെ അത് പതുക്കെ കാമ്പസുകളിലും സ്കുളുകളിലും വരെ എത്തി. കേരളത്തില്‍ എംഡിഎംഎ അടക്കമുള്ള രാസലഹരികളുടെ വില്‍പ്പന നന്നായി നടക്കുന്നുണ്ടെങ്കിലും, ഇതിന്റെ നിര്‍മ്മാണമൊന്നും ഇവിടെയുള്ളതായി വിരവമില്ല. പക്ഷേ കേരളത്തിലേക്ക് അടക്കം, കെമിക്കല്‍ ഡ്രഗ് എത്തുന്നത്, ഗുജാറാത്തില്‍നിന്നാണ്. എന്നാല്‍, അവിടെ ഉപയോഗം തീരെ കുറവും. പഞ്ചാബ്, ഡല്‍ഹി, ഗോവ, കര്‍ണാടക, എന്നിവടങ്ങളിലാണ് ഇന്ത്യയിലെ മെത്തിന്റെ ഉല്‍പ്പാദനത്തില്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത്.

നൈജീരിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണ്, ഇത് ഇന്ത്യയിലും കുടില്‍ വ്യവസായം പോലെയാക്കിയത്. പഠനം, ജോലി തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി ഇന്ത്യയിലെത്തിയ ഇവര്‍ ബെംഗളൂരു, ഹൈദരാബാദ്, ചെനൈ്ന തുടങ്ങിയ നഗരങ്ങളിലെത്തി. ഈ ആഫ്രിക്കക്കാരില്‍ ചിലരിലൂടെയാണ്യാണ് മെത്ത് നിര്‍മ്മാണം ഇന്ത്യയില്‍ തുടങ്ങിയത് എന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

ഡിറ്റര്‍ജന്റ്, പെര്‍ഫ്യൂം തുടങ്ങിയവ നിര്‍മിക്കുന്ന ചെറുകിട വ്യവസായ സംരംഭകരെ പാട്ടിലാക്കിയാണ് എംഡിഎംഎ നിര്‍മ്മാണം. ഇവരുടെ നിര്‍മാണകേന്ദ്രത്തില്‍ ഒരു വശത്തു ചെറിയ മുറി തരപ്പെടുത്തി ലാബ് സ്ഥാപിക്കും. രാസവസ്തുക്കളില്‍ ചിലതില്‍ മറ്റുചില രാസവസ്തുക്കള്‍ ചേര്‍ത്തു നിശ്ചിത താപനിലയില്‍ ചൂടാക്കിയാണ് എംഡിഎംഎ നിര്‍മിക്കുന്നത്. ചെറുകിട ഡിറ്റര്‍ജന്റ്, പെര്‍ഫ്യും നിര്‍മാതാക്കള്‍ക്കു വലിയ തുക വിഹിതമായി നല്‍കും. ഓരോ തവണ നിര്‍മാണം കഴിഞ്ഞാലും താല്‍ക്കാലിക ലാബ് ഉള്‍പ്പെടെ എല്ലാം എടുത്തു മാറ്റും. അതിനാല്‍ ഇത്തരം കേന്ദ്രങ്ങള്‍ കണ്ടെത്തി പിടികൂടുക എളുപ്പമല്ല. ഈ രീതിയിലാണ് ഗുജറാത്ത് അടക്കമുള്ള സ്ഥലങ്ങളില്‍ ഇവര്‍ പിടിമുറുക്കിയത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ എംഡിഎംഎ നെറ്റ്വര്‍ക്ക് ഉള്ളത് ബംഗളൂരുവിലാണ്. അടുത്തകാലത്ത് കേരളത്തില്‍ നടന്ന രാസലഹരി കേസുകള്‍ക്കെല്ലാം ബംഗളൂരു കണക്ഷനുണ്ട്. പാക്കിസ്ഥാനില്‍നിന്നും, മലേഷ്യയില്‍നിന്നും, സിങ്കപ്പൂരില്‍നിന്നുമൊക്കെ കടല്‍വഴി ഗുജറാത്ത് തീരത്ത് എത്തി, ഇന്ത്യയുടെ നനാഭാഗത്തേക്ക് എംഡിഎംഎ കൊണ്ടുപോവുന്ന സംഘങ്ങള്‍ സജീവമാണ്.

80~കളില്‍ മെത്ത് ലോകത്ത് വ്യാപകമാക്കിയതില്‍ ചൈനക്കും വലിയ പങ്കുണ്ട്. ചൈനയില്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന മരുന്നാണ് മെത്ത് നിര്‍മിക്കാനുപയോഗിക്കുന്ന എഫ്രഡിന്‍. ഫുട്ബോള്‍ ഇതിഹാസം, മാറഡോണയെ ഈ മരുന്ന് അടിച്ചതിന്റെ പേരിലാണ് ലോകകപ്പില്‍നിന്ന് പുറത്തതാക്കിയത്. എഫെഡ്രാ സിനിക്ക എന്ന ചെടിയില്‍ നിന്നാണ് എഫ്രഡിന്‍ ഉല്‍പാദിപ്പിച്ചിരുന്നത്. ചൈനയിലും മംഗോളിയയിലുമെല്ലാം ധാരാളം കാണുന്ന ഈ ചെടിയില്‍നിന്നുള്ള എഫ്രഡിന്‍ കായികതാരങ്ങള്‍ ഉത്തേജന മരുന്നായി ഉപയോഗിച്ചിരുന്നു. ഇതോടെ കടുത്ത നിയന്ത്രണവും വന്നു. അവിടെ ഇപ്പോള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാണു ചെടി വളര്‍ത്തലും എഫ്രഡിന്‍ ഉത്പാദനവും ഉപയോഗവുമെല്ലാം.

മയക്കുമരുന്നിലെ ഏറ്റവും അപകടകാരിയാണ് എംഡിഎംഎ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പല്ലുപൊടിഞ്ഞ് ശരീരം ദ്രവിച്ചുള്ള അതി ദയനീയമായ മരണമാണ് ഇതിന്റെ സ്ഥിര ഉപയോഗം മൂലം ഉണ്ടാവുന്നത്. എംഡിഎംഎ ശരീരത്തില്‍ എത്തുന്നതോടെ വ്യക്തിക്ക് കൂടുതല്‍ ഊര്‍ജ്ജസ്വലത കൈവന്നതായി തോന്നും. എന്നാല്‍ തുടര്‍ച്ചയായ ഉപയോഗം അവസാനിപ്പിക്കുന്നതിലൂടെ ഉത്കണ്ഠ, വിഷാദം, ആത്മഹത്യാ പ്രവണത, നിസംഗത, തലവേദന തുടങ്ങിയ അവസ്ഥകളിലേക്ക് ആ വ്യക്തി പതിക്കും.

ചിലപ്പോള്‍ മാനസിക വൈകൃതം കാണിച്ച് ഒരു വ്യക്തിയെ കൊല്ലാനുള്ള മനസ്സുപോലുമുണ്ടാകുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ഇത്തരം സിന്തറ്റിക് ലഹരി ഉപയോഗിക്കുന്ന ഒരാളെ തുടക്കത്തില്‍ അയാളുടെ വീട്ടുകാര്‍ക്ക് പോലും മനസിലാക്കാന്‍ പറ്റില്ല. അറിഞ്ഞു വരുമ്പോഴേക്കും അയാള്‍ പൂര്‍ണമായും അതിന്റെ അടിമയായി മാറിയിട്ടുണ്ടാകും. മണമില്ലാത്തതിനാല്‍ മനസ്സിലാക്കാന്‍ കഴിയില്ല. പുകവലിയും മദ്യപാനവും ആണെങ്കില്‍ ഏറെ കാലം കഴിഞ്ഞിട്ടാണ് അതിന്റെ ദൂഷ്യഫലം ശരീരം കാണിക്കുക. എം.ഡി.എം.എയുടെ കാര്യത്തില്‍ അങ്ങനെയല്ല. പെട്ടെന്ന് തന്നെ ശരീരം പ്രതികരിക്കും. എം.ഡി.എം.എയുടെ ഉപയോഗം നിര്‍ത്തിയാല്‍ പോലും രോഗലക്ഷണങ്ങള്‍ കൂടെയുണ്ടാകും.

Advertisment