ബര്‍ലിന്‍: ജര്‍മനിയിലെ തൊഴിലില്ലായ്മാ നിരക്ക് 2024 ഡിസംബറിലും 6.1 ശതമാനം എന്ന നിരക്കില്‍ സ്ഥിരത പുലര്‍ത്തി. എന്നാല്‍, വാര്‍ഷിക വിലയിരുത്തലില്‍, രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യം തൊഴില്‍ വിപണിയിലും ആഘാതം സൃഷ്ടിച്ചു തുടങ്ങിയെന്നാണ് വ്യക്തമാകുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്ത് ജോലി ചെയ്യുന്നവരുടെ എണ്ണത്തില്‍ പതിനായിരം പേരുടെ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. 6.2 ശതമാനമായി തൊഴിലില്ലായ്മ വര്‍ധിക്കുമെന്നായിരുന്നു നേരത്തെയുള്ള കണക്കുകൂട്ടല്‍.
തുടരെ രണ്ടാം വര്‍ഷവും രാജ്യം സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോകുമ്പോള്‍, വരും മാസങ്ങളില്‍ തൊഴില്‍ വിപണിയുടെ സ്ഥിതി മോശമാകുമെന്നു തന്നെയാണ് ആശങ്ക.
ജോലിയില്ലാതെ നില്‍ക്കുന്നവരുടെ എണ്ണത്തില്‍ ഡിസംബറില്‍ മാത്രം 2.81 മില്യനാണ്. 2019 നവംബറിലേതിനെ അപേക്ഷിച്ച് 29 ശതമാനം കൂടുതലാണിത്. അതായത്, ആറേകാല്‍ ലക്ഷത്തിലധികം പേരുടെ വര്‍ധന.
ഫെബ്രുവരിയില്‍ രാജ്യത്ത് പൊതുതെരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്. സര്‍ക്കാര്‍ നിലംപതിച്ചതിനെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ അസ്ഥിരതയും സമ്പദ് വ്യവസ്ഥയ്ക്കും അതുവഴി തൊഴില്‍ വിപണിക്കും പ്രതിസന്ധിയാണ്.