ഫ്രാന്‍സില്‍ തൂക്ക് സഭ; സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം

New Update
bgtttttttt555555555555556

ഫ്രാന്‍സില്‍ നടത്തിയ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ന്യൂ പോപ്പുലര്‍ ഫ്രണ്ട് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം നടത്തിയ തീവ്ര വലതുപക്ഷം മൂന്നാം സ്ഥാനത്തേക്കു പതിച്ചു.

ഒരാഴ്ച മുമ്പ് നടന്ന ഫ്രഞ്ച് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ ആദ്യ റൗണ്ടില്‍ തീവ്ര വലതുപക്ഷമായ നാഷണല്‍ റാലിയായിരുന്നു മുന്നില്‍. അവര്‍ അധികാരത്തില്‍നിന്നകറ്റാന്‍ ഇടതു സഖ്യവും പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രമോണ്‍ നേതൃത്വം നല്‍കുന്ന മിതവാദി വിഭാഗവും തന്ത്രപൂര്‍വം നീങ്ങിയതാണ് അപ്രതീക്ഷിത ഫലത്തിന് കാരണം.

എന്നാല്‍, അപ്രതീക്ഷിതമായി മുന്നേറ്റം നടത്തിയ ഇടതുപക്ഷത്തിന് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിട്ടില്ല. മാക്രോണിന്റെ എന്‍സെംബിള്‍ മുന്നണിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനാണ് ശ്രമം നടക്കുന്നത്.

577 അംഗ പാര്‍ലമെന്റില്‍ 289 സീറ്റാണ് ഭൂരിപക്ഷത്തിനു വേണ്ടത്. ന്യൂ പോപുലര്‍ ഫ്രണ്ട് 182 സീറ്റ് നേടി. എന്‍സെംബിള്‍ സഖ്യത്തിന് 168 സീറ്റും മരീന്‍ ലീ പെന്നിന്റെ നാഷനല്‍ റാലിക്ക് 143 സീറ്റും ലഭിച്ചു. റിപ്പബ്ളിക്കന്‍ കക്ഷികളും മറ്റ് വലതുപാര്‍ട്ടികളും ചേര്‍ന്ന് 60 സീറ്റും മറ്റ് ഇടതുപാര്‍ട്ടികള്‍ 13ഉം മറ്റുള്ളവര്‍ 11 സീറ്റും നേടി.

തെരഞ്ഞെടുപ്പ് ഫലം എതിരാകുമെന്ന് ഉറപ്പായതോടെ രാജി പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗബ്രിയേല്‍ അട്ടലിനോട്, ഭരണ സുസ്ഥിരത ഉറപ്പാക്കുന്നതിനു പദവിയില്‍ തുടരാന്‍ പ്രസിഡന്റ് മാക്രോണ്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. പുതിയ സര്‍ക്കാറുണ്ടാക്കാന്‍ ഇടതുസഖ്യം അവകാശവാദമുന്നയിച്ചു. ഈയാഴ്ച ഒടുവില്‍ പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്ന് ന്യൂ പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ പറഞ്ഞു.

Advertisment
Advertisment