ഓട്ടവ: കാനഡയിൽ ദക്ഷിണേഷ്യൻ വംശജർക്കെതിരെയുള്ള വംശീയ വിദ്വേഷ കുറ്റകൃത്യങ്ങൾ കുത്തനെ വർധിക്കുന്നതായി റിപ്പോർട്ട്, പ്രധാനമായും ഇന്ത്യൻ വംശജരാണ് വിദ്വേഷ പരാമർശങ്ങൾക്ക് ഇരയാകുന്നതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. കാനഡയിലുടനീളം ഓൺലൈനിലും ഓഫ്ലൈനിലും ദക്ഷിണേഷ്യൻ വിരുദ്ധ വംശീയ-വിദ്വേഷ കുറ്റകൃത്യങ്ങൾ ഉയർന്നുവരുന്നത് ഈ സമൂഹങ്ങൾക്കും രാജ്യത്തിന്റെ സാമൂഹിക ഘടനയ്ക്കും ഭീഷണി ഉയർത്തുന്നതായി റിപ്പോർട്ടിൽ പറയുന്നു.
വംശീയ-വിദ്വേഷ കുറ്റകൃത്യങ്ങൾ 2019-നും 2023-നും ഇടയിൽ 1,350% വർധിച്ചതായി ദി ഇൻസ്റ്റിറ്ട്ട് ഫോർ സ്ട്രാറ്റജിക് ഡയലോഗ് (SD) റിപ്പോർട്ട് ചെയ്തു. 2019-നും 2023- നും ഇടയിൽ ദക്ഷിണേഷ്യൻ സമൂഹങ്ങൾക്കെതിരായി ഓൺലൈനിലും ഓഫ്ലൈനിലുമുള്ള വംശീയ-വിദ്വേഷ കുറ്റകൃത്യങ്ങൾ 227% വർധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. ഐഎസ്സിയുടെ കണക്കനുസരിച്ച്, ഇതേ കാലയളവിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ എക്സിൽ ദക്ഷിണേഷ്യൻ വിരുദ്ധ അധിക്ഷേപങ്ങൾ അടങ്ങിയ പോസ്റ്റുകൾ, പ്രധാനമായും ഇന്ത്യൻ വംശജരായ കുടിയേറ്റക്കാരെ ലക്ഷ്യം വച്ചുള്ളവ,1,350% വർധന രേഖപ്പെടുത്തി.
കാനഡയിലെ ഫെഡറൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി, 2025 മാർച്ച് 1-നും ഏപ്രിൽ 20-നും ഇടയിൽ, ദക്ഷിണേഷ്യൻ വിരുദ്ധ വംശീയ വിദ്വേഷ പരാമർശങ്ങൾ അടങ്ങിയ രണ്ടായിരത്തിലധികം പോസ്റ്റുകൾ വിവിധ പ്ലാറ്റ്ഫോമുകളിലായി പങ്കിട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു. “അശുദ്ധർ, "വൈദഗ്ധ്യമില്ലാത്തവർ", "ഭീഷണിപ്പെടുത്തുന്നവർ" എന്നിങ്ങനെ കാനഡയിലെ ഇന്ത്യക്കാരെ അധിക്ഷേപിക്കാൻ വിവിധ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഉപയോഗിക്കുന്നുണ്ട്.
കാനഡയിൽ ദക്ഷിണേഷ്യൻ വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങൾക്ക് ഒരു പ്രധാന സംഭാവന നൽകുന്നത്, തീവ്ര വലതുപക്ഷ ലൈവ് സ്ട്രീമർമാരുടെയും അവരുടെ പിന്തുണക്കാരുടെയും ഒരു കൂട്ടായ്മയായി ഉയർന്നുവന്ന തീവ്രവാദ ശൃംഖലയായ ഡയഗോലോൺ ആണെന്നും റിപ്പോർട്ടിൽ പറയുന്നു. മുൻ കനേഡിയൻ സായുധ സേന അംഗമായ ജെറമി മക്കെൻസി നയിക്കുന്ന ഈ സ്ട്രീമർമാർ വംശീയതയെയും സർക്കാർ വിരുദ്ധ ഗൂഢാലോചന സിദ്ധാന്തങ്ങളെയും പ്രോത്സാഹിപ്പിക്കുന്നവരാണ്.