/sathyam/media/media_files/2024/11/01/05iF2wA8bQeRRWuXHtCg.jpg)
കനേഡിയൻ പാർലമെന്റ് ഹാളിൽ നടത്താനിരുന്ന ദീപാവലി ആഘോഷം റദ്ദാക്കിയതിനു ഹൈന്ദവ സംഘടനകൾ ആതിഥേയൻ ആകേണ്ടിയിരുന്ന പ്രതിപക്ഷ നേതാവ് പിയറി പൊളിവറിനെ വിമർശിച്ചു. എന്നാൽ ആഘോഷം റദ്ദാക്കിയില്ലെന്നും അത് മറ്റൊരിടത്തു വച്ച് നടത്തുമെന്നും പൊളിവർ അറിയിച്ചു.
ദീപാവലി ആഘോഷിക്കേണ്ടതില്ലെന്ന പൊളിവറിന്റെ തീരുമാനം നിരാശ ഉണ്ടാക്കുന്നുവെന്നു ഹിന്ദു ഫോറം ഓഫ് കാനഡ പറഞ്ഞു. കാനഡയുടെ സംസ്കാരിക ജീവിതത്തിൽ ആഴത്തിൽ ഇഴ ചേർന്ന ഹിന്ദു സമൂഹത്തെ അകറ്റി നിർത്തുന്ന നടപടിയാണത്.
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷിച്ചത് അവർ എടുത്തു കാട്ടി. ബഹിരാകാശത്തു നിന്നു സുനിത വില്യംസ് സന്ദേശമയക്കുകയും ചെയ്തു."എന്നിട്ടും സി പി സി നേതാവ് പിയറി പൊളിവർ കനേഡിയൻ ഹിന്ദുക്കളെയും
സിഖുകാരെയും ബുദ്ധ-ജൈന മതക്കാരെയും അവഗണിക്കുന്ന നടപടിയാണ് എടുത്തത്. അതൊരു രാഷ്ട്രീയ പ്രേരിത നീക്കമാണ്. കനേഡിയൻ സമൂഹത്തിലെ ഊർജസ്വലതയുള്ള ഒരു വിഭാഗത്തെയാണ് അദ്ദേഹം മാറ്റി നിർത്തിയത്."
എന്നാൽ എല്ലാ കൊല്ലവും ഒരു പ്രതിപക്ഷ നേതാവ് നയിക്കുന്ന ആഘോഷം ഇക്കുറി ഏല്പിച്ചത് എം പി: ഡോഹെർട്ടിയെ ആണെന്നും അത് ഓട്ടവയിൽ തന്നെ നടത്തുമെന്നും പൊളിവറുടെ ഓഫിസ് പ്രസ്താവനയിൽ അറിയിച്ചു.
എല്ലാ സമൂഹങ്ങളെയും ആദരിക്കുന്നവർക്കു മാത്രമേ വോട്ട് ചെയ്യാവൂ എന്നു ഫോറം ഇന്ത്യൻ വംശജരോട് പറഞ്ഞു. "അദ്ദേഹം പ്രധാനമന്ത്രിയായാൽ ഇനി എന്തൊക്കെ അടവുകളാണ് എടുക്കുക? ഈ ദീപാവലിയിൽ നമുക്ക് ഒന്നിച്ചു നിന്ന് പ്രതിനിധ്യത്തിനും ആദരവിനും യഥാർഥമായ തുല്യതയ്ക്കും വേണ്ടി പൊരുതാം."
ദീപാവലി ആഘോഷം സംഘടിപ്പിച്ച ഓവർസീസ് ഫ്രണ്ട്സ് ഓഫ് ഇന്ത്യ കാനഡ പറയുന്നത് പരിപാടി റദ്ദാക്കിയതിനു കാരണമൊന്നും നൽകിയിട്ടില്ല എന്നാണ്. സംഘടനയുടെ പ്രസിഡന്റ് ശിവ് ഭാസ്കർ പൊളിവറിനു എഴുതിയ കത്തിൽ പറഞ്ഞു: "ഈ സുപ്രധാന സാംസ്‌കാരിക പരിപാടിയിൽ പങ്കെടുക്കാൻ രാഷ്ട്രീയക്കാർക്കു കഴിയുന്നില്ലെങ്കിൽ അവർ അയക്കുന്ന സന്ദേശം ഞങ്ങൾ ഇന്തോ-കനേഡിയൻ ജനതയെ നിങ്ങൾ പുറം തള്ളപ്പെട്ടവരായി കാണുന്നു എന്നാണ്."