Advertisment

ഭവനവായ്പ നിരക്കുകൾ കുറയും: ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ; പണപ്പെരുപ്പം 2% - ലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധർ; യുകെയിൽ സ്വന്തമായി ഒരു വീട് എന്ന സ്വപ്നത്തിലേക്ക് ഇത് ശുഭ സൂചനയോ?

New Update
ukku

യുകെ: മോർട്ട്ഗേജ് നിരക്ക്  കുറയുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി. കഴിഞ്ഞ കുറച്ച് മാസങ്ങളായി പലിശ നിരക്കുകളിൽ വന്ന വലിയ മാറ്റങ്ങൾ മൂലം മോർട്ട്ഗേജുകളുടെ നിരക്ക് കുറയുമെന്നാണ് അദ്ദേഹം എംപിമാരോട് പറഞ്ഞത്.

Advertisment

വർദ്ധിച്ചുവരുന്ന പലിശ നിരക്ക് സാമ്പത്തിക മേഖലയെ അസ്ഥിരപ്പെടുത്തിയിട്ടില്ലെങ്കിലും, പക്ഷെ ഗൾഫ് മേഖലയിലെ സംഘർഷം ഊർജ വില ഉയർത്തിയാൽ സാമ്പത്തിക രംഗം അപകടാവസ്ഥയിലേക്ക് പോകുമെന്നും ബെയ്‌ലി കൂട്ടിച്ചേർത്തു.

അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ യുകെയിലെ പണപ്പെരുപ്പം 2% ആയി കുറയുമെന്നാണ് നിരവധി സാമ്പത്തിക വിദഗ്ധരും പ്രവചിച്ചിരിക്കുന്നത്.  ഇതും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പലിശ നിരക്ക് കുറയ്ക്കാനുള്ള അവസരം നൽകും.

ഡോയ്ച ബാങ്ക് അധികാരികൾ നൽകുന്ന സൂചന അനുസരിച്ച്, ഏപ്രിൽ മാസത്തോടുകൂടി ഉപഭോക്തൃ വില സൂചിക നിരക്ക് 2% ആയി  കുറയും. ശരാശരി പണപ്പെരുപ്പം  2.1% ആകുമെന്നാണ് യു കെയിലെ കൺസൾട്ടൻസി ഓക്സ്ഫോർഡ് ഇക്കണോമിക്സിലെ ചീഫ് ഇക്കണോമിസ്റ്റ് ആൻഡ്രൂ ഗുഡ്വിന്റെ വിലയിരുത്തൽ. 

യുകെയിൽ 2023 വർഷത്തിൽ ഭവന വായ്പ നിരക്ക് 6% ശതമാനം കടന്നത് വൻ ആശകയോടെയാണ് ജനങ്ങളും സാമ്പത്തിക വിദഗ്ധരും കണ്ടിരുന്നത്. അന്ന് നിരക്കിലുണ്ടായ വർധനവ് ഭവന വായ്പ വിപണിയെ വൻ തോതിൽ പ്രതികൂലമായി ബാധിക്കുകയുണ്ടായി.

ജീവിത ചിലവിലുണ്ടായ വർധനവ് ഒരുവശത്തും, കുതിച്ചു പൊങ്ങിയ വായ്പ നിരക്ക് മറുവശത്തും അണിനിരന്നത് ഒട്ടനവധി പേരുടെ വീട് സ്വന്തമാക്കുക എന്ന സ്വപ്നം തന്നെ ഇല്ലാതാക്കി.

എങ്കിലും, 2023 - വർഷാവസാനത്തോട് കൂടി വായ്പ നിരക്കിൽ ക്രമമായി വന്ന കുറവുകൾ, മലയാളികൾ ഉൾപ്പെടെ യുകെയിലേക്ക് കുടിയേറിയ ഒരുപാട് പേർക്ക് വീടെന്ന യഥാർഥ്യത്തിലേക്കുള്ള ചുവടുവയ്പ്പിന് കൂടുതൽ കരുത്ത് നൽകും.

Advertisment