വിവാഹം റെസിഡന്‍സ് അവകാശങ്ങള്‍ക്ക് സഹായമാകും എന്നതുപോലെ തന്നെ ജര്‍മനിയില്‍ വിവാഹമോചനം റെസിഡന്‍സ് അവകാശങ്ങളെ ബാധിക്കുക്കകയും ചെയ്യും. അതേസമയം, വിവാഹത്തിലൂടെ കിട്ടിയ റെസിഡന്‍സ് പെര്‍മിറ്റ് വിവാഹമോചനത്തോടെ ഒറ്റയടിക്ക് അവസാനിക്കുകയല്ല ചെയ്യുന്നത്. വിവാഹജീവിതം എത്രകാലം നീണ്ടു, ജര്‍മനിയില്‍ കുട്ടികളുണ്ടോ തുടങ്ങിയ ഘടകങ്ങളും ഇതില്‍ നിര്‍ണായകമാണ്.
വിവാഹം വഴി കിട്ടിയ പൗരത്വമല്ല ജര്‍മനിയിലേതെങ്കില്‍ ഇക്കാര്യങ്ങളൊന്നും ആലോചിക്കേണ്ട ആവശ്യം തന്നെയില്ല. വിവാഹത്തിലൂടെയല്ലാതെ കിട്ടിയ റെസിഡന്‍സ് പെര്‍മിറ്റിനെ വിവാഹമോചനം ഒരു തരത്തിലും ബാധിക്കില്ല. അതേസമയം, വിവാഹത്തിന്റെ അടിസ്ഥാനത്തില്‍ റെസിഡന്‍സ് പെര്‍മിറ്റ് പുതുക്കാന്‍ വിസ കാലാവധി കഴിയുമ്പോള്‍ സാധിക്കുകയുമില്ല.
ഇനി, വിവാഹത്തിന്റെ അടിസ്ഥാനത്തില്‍ കിട്ടിയ ഫാമിലി വിസ ജര്‍മനിയിലെത്തിയവരാണെങ്കിലും, പെര്‍മനന്റ് റെസിഡന്‍സോ ജര്‍മന്‍ പൗരത്വമോ ലഭിച്ചു കഴിഞ്ഞ ശേഷമുള്ള വിവാഹമോചനം അതിനെയൊന്നും ബാധിക്കില്ല. ഏതെങ്കിലുമൊരു യൂറോപ്യന്‍ യൂണിയന്‍ രാജ്യത്തിന്റെ പൗരത്വമുണ്ടെങ്കിലും വിവാഹമോചനം ഒരുതരത്തിലും ബാധിക്കാതെ ജര്‍മനിയില്‍ തുടരാം. അഞ്ച് വര്‍ഷം ഇവിടെ താമസിച്ച ശേഷം പെര്‍മനന്റ് റെസിഡന്‍സിക്ക് അപേക്ഷിക്കുകയും ചെയ്യാം.
വിവാഹത്തിലൂടെ ലഭിച്ച വിസ മാത്രമുള്ളവരുടെ കാര്യത്തിലാണ് വിവാഹമോചനം പ്രശ്നമാകുന്നത്. അവരില്‍ തന്നെ മൂന്നു വര്‍ഷം നിയമപരമായി ജര്‍മനിയില്‍ താമസിച്ചവരാണെങ്കില്‍ ഒരു വര്‍ഷം കൂടി റെസിഡന്‍സ് പെര്‍മിറ്റ് നീട്ടിക്കിട്ടാന്‍ അവകാശമുണ്ട്. ആ സമയത്തിനുള്ളില്‍ വര്‍ക്ക് പെര്‍മിറ്റോ നിയപരമായ മറ്റു മാര്‍ഗങ്ങളോ ഉപയോഗിച്ച് രാജ്യത്ത് തുടരാനുള്ള അവകാശം നേടിയെടുക്കാനുള്ള അവസരം ഉപയോഗിക്കാം.
വിവാഹമോചനത്തിനു ശേഷവും കുട്ടികള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നുണ്ടെങ്കിലും റെസിഡന്‍സ് പെര്‍മിറ്റ് നീട്ടിക്കിട്ടാന്‍ അവസരമുണ്ട്.
ഇത്തരത്തില്‍ മറ്റു മാര്‍ഗങ്ങളൊന്നും തുറന്നു കിട്ടുന്നില്ലെങ്കില്‍, സ്വന്തം രാജ്യത്തേക്കു മടങ്ങിയാല്‍ അപകടമാണെന്നു തെളിയിച്ചാലേ രാജ്യത്ത് തുടരാന്‍ സാധിക്കൂ.