/sathyam/media/media_files/2025/06/20/nbbvvb-2025-06-20-03-02-53.jpg)
ഒട്ടാവ: ഏറെ നാളുകള്‍ക്കു ശേഷം ഇന്ത്യയും ക്യാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിക്കാന്‍ ധാരണയായി. ഇന്ത്യയും ക്യാനഡയും പുതിയ ഹൈക്കമ്മീഷണര്‍മാരെ നിയമിക്കും. ജി~7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് സുപ്രധാന തീരുമാനം.
കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു. ഹര്‍ദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന മുന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്ററിന്‍ ട്രൂഡോയുടെ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.
ഇന്ത്യയും ക്യാനഡയും തമ്മിലുള്ള നയതന്ത്ര തലത്തിലെ അകല്‍ച്ച തുടരുന്നതിനിടെയാണ് ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം പുനസ്ഥാപിക്കാന്‍ തീരുമാനമായത്.
ഇന്ത്യയും ക്യാനഡയും പരസ്പരം തലസ്ഥാനങ്ങളിലേയ്ക്കുള്ള അംബാസഡര്‍മാരെ തിരികെ എടുക്കാന്‍ സമ്മതിച്ചു. ഇരു രാജ്യങ്ങളും പുതിയ ഹൈക്കമ്മീഷണര്‍മാരെ നിയമിക്കുമെന്ന് രണ്ട് പ്രധാനമന്ത്രിമാരും സമ്മതിച്ചു.
ജനാധിപത്യം, സ്വാതന്ത്ര്യം,നിയമവാഴ്ച തുടങ്ങിയ കാര്യങ്ങളില്‍ ഉറച്ചു വിശ്വസിച്ചു കൊണ്ട് ഇന്ത്യയും ക്യാനഡയും ഏറെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും കൂടിക്കാഴ്ച മികച്ചതായിരുന്നു എന്നും പ്രധാനമന്ത്രി മോദി എക്സില്‍ കുറിച്ചു. ഒരു ദശാബ്ദത്തിനു ശേഷമാണ് മോദി ക്യാനഡയിലെത്തുന്നത്.