/sathyam/media/media_files/2025/10/05/bbxb-2025-10-05-06-58-52.jpg)
ഇറ്റലിയിൽ ഉണ്ടായ വാഹനാപകടത്തിൽ നാഗ്‌പൂർ ആസ്ഥാനമായുള്ള ഇന്ത്യൻ ദമ്പതികൾക്ക് ദാരുണാന്ത്യം. ഹോട്ടൽ വ്യവസായിയായ ജാവേദ് അക്തർ, ഭാര്യ നാദിറ ഗുൽഷൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മക്കളായ മൂന്ന് പേർക്ക് പരിക്കേറ്റു. ഇറ്റലിയിലെ ഔറേലിയ ഹൈവേയിൽ ഗ്രോസെറ്റോയ്ക്ക് അടുത്തുവെച്ചാണ് ദമ്പതികളും മക്കളും സഞ്ചരിച്ച ഒമ്പത് സീറ്റുള്ള മിനിബസ് അപകടത്തിൽപ്പെട്ടത്. കുടുംബം ഫ്രാൻസിൽ അവധിക്കാലം ആഘോഷിച്ച ശേഷം സെപ്റ്റംബർ 22-ന് ഇറ്റലിയിൽ എത്തിയതായിരുന്നു.
മിനിബസിലേക്ക് ഒരു ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. മിനിബസിൻ്റെ ഡ്രൈവറും അപകടത്തിൽ മരണപ്പെട്ടു. പരിക്കേറ്റ മക്കളിൽ അർസൂ അക്തറിന്റെ (21) നില അതീവ ഗുരുതരമാണ്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അർസൂവിനെ സിയാനയിലെ ലീ സ്കോട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് മക്കളായ ഷിഫ അക്തറും, ജാസൽ അക്തറും ഫ്ലോറൻസിലെയും ഗ്രോസെറ്റോയിലെയും ആശുപത്രികളിൽ ചികിത്സയിൽ സുഖം പ്രാപിച്ചു വരുന്നു.
അപകടത്തിൽപ്പെട്ടവർക്ക് സഹായം വൈകിയാണ് ലഭിച്ചതെന്ന് പ്രാദേശിക വാർത്താ പോർട്ടലുകൾ റിപ്പോർട്ട് ചെയ്തു. തകർന്ന വാഹനങ്ങളിൽ നിന്ന് രണ്ട് ഫയർഫോഴ്‌സ് ടീമുകളാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. തുടർന്ന് ഹെലികോപ്റ്ററുകൾ ഉപയോഗിച്ചാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ദമ്പതികളുടെ മരണത്തിൽ ഇറ്റലിയിലെ ഇന്ത്യൻ എംബസി അനുശോചനം രേഖപ്പെടുത്തി. നാട്ടിലുള്ള കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ആവശ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്നും എംബസി അറിയിച്ചു.