കീവ്: യുക്രെയ്നില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മരുന്ന് കമ്പനിയുടെ വെയര്‍ഹൗസ് റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നതായി റിപ്പോര്‍ട്ട്. റഷ്യ ബോധപൂര്‍വം നടത്തിയ ആക്രമണമായിരുന്നു ഇതെന്ന് ഇന്ത്യയിലെ യുക്രെയ്ന്‍ എംബസി.
കുസും ഹെല്‍ത്ത്കെയര്‍ എന്ന സ്ഥാപനത്തിന്‍റെ വെയര്‍ഹൗസാണ് ആക്രമണത്തില്‍ തകര്‍ന്നത്. ഇന്ത്യയുമായി പ്രത്യേക സൗഹൃദമുണ്ടെന്ന് അവകാശപ്പെടുന്ന മോസ്കോ ബോധപൂര്‍വം ഇന്ത്യന്‍ സ്ഥാപനങ്ങളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണെന്നും യുക്രെയ്ന്‍ എംബസി എക്സ് പോസ്ററില്‍ ആരോപിക്കുന്നു.
കീവിലെ പ്രമുഖ മരുന്ന് കമ്പനിയുടെ വെയര്‍ഹൗസ് റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നതായി യുക്രെയ്നിലെ യുകെ അംബാസഡര്‍ മാര്‍ട്ടിന്‍ ഹാരിസും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, മിസൈലുകളല്ല, ഡ്രോണുകളാണ് റഷ്യ ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് ഹാരിസിന്‍റെ പോസ്ററില്‍ പറയുന്നത്. കമ്പനിയുടെ പേര് പറയുന്നതുമില്ല.
അതേസമയം, ഉക്രെയ്നിന്‍റെ വടക്കുകിഴക്കന്‍ നഗരമായ സുമിയില്‍ ഞായറാഴ്ച റഷ്യ നടത്തിയ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 31 പേര്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കീവ് അറിയിച്ചു. ഓശാന ഞായറാഴ്ച സുമി നഗരമധ്യത്തില്‍ റഷ്യ ബാലിസ്ററിക് മിസൈലുകള്‍ വിക്ഷേപിച്ചു.
യുഎസ് പ്രതിനിധി സ്ററീവ് വിറ്റ്കോഫ് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനുമായി ചര്‍ച്ച നടത്തി രണ്ട് ദിവസത്തിന് ശേഷമാണ് ആക്രമണം ഉണ്ടായത്. റഷ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന സുമി ആഴ്ചകളായി വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.
ഉക്രെയ്നില്‍ ഏപ്രില്‍ മാസം റഷ്യ നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്. കൊല്ലപ്പെട്ട സിവിലിയന്മാരുടെ എണ്ണം വളരെ കൂടുതലുമാണ്. ഉക്രെയ്നില്‍ മോസ്കോ നടത്തുന്ന ആക്രമണത്തെ ' ഭ്രാന്തമായ ബോംബാക്രമണം ' എന്നാണ് ട്രംപ് കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചത്.