ഇറ്റാലിയന്‍ മാധ്യമ പ്രവര്‍ത്തകയെ ഇറാന്‍ മോചിപ്പിച്ചു

New Update
Hgb

റോം: ഇറാന്‍ തടവിലാക്കിയിരുന്ന ഇറ്റാലിയന്‍ മാധ്യമ പ്രവര്‍ത്തക സിസിലിയ സല ജയില്‍ മോചിതയായി. നിരവധി നയതന്ത്ര നീക്കങ്ങള്‍ക്കൊടുവിലാണ് ഇരുപത്തൊമ്പതുകാരിയുടെ മോചനം സാധ്യമായിരിക്കുന്നത്.

Advertisment

സിസിലിയ മോചിതയായ വിവരം ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയുടെ ഓഫിസ് സ്ഥിരീകരിച്ചു. സിസിലിയയുടെ മോചനം സാധ്യമാക്കാന്‍ സഹായിച്ചവര്‍ക്കെല്ലാം എക്സില്‍ പോസ്ററ് ചെയ്ത പ്രസ്താവനയില്‍ മെലോനി നന്ദി പറഞ്ഞു. നിയുക്ത യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി മെലോനി കഴിഞ്ഞയാഴ്ച നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് മോചനകാര്യത്തില്‍ തീരുമാനമായത്.

ഡിസംബര്‍ 19നാണ് ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ സിസിലിയ അറസ്ററിലായത്. ഇറാനുമായി മികച്ച ബന്ധമുള്ള യു.എസ് സഖ്യകക്ഷിയായ ഇറ്റലിയെ സംബന്ധിച്ച സങ്കീര്‍ണമായ നയതന്ത്ര കുരുക്കായിരുന്നു സംഭവം. ഇറ്റലിയിലെ മിലാന്‍ വിമാനത്താവളത്തില്‍ ഡിസംബര്‍ 16ന് അറസ്ററിലായ മുഹമ്മദ് ആബിദീന്റെ മോചനത്തിന് വിലപേശാനാണ് സിസിലിയയെ തടവിലിട്ടതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ജോര്‍ഡനിലെ സൈനിക താവളം ആക്രമിച്ച സംഭവത്തില്‍ യു.എസ് ജസ്ററിസ് വകുപ്പാണ് ആബിദീനെതിരെ അറസ്ററ് വാറന്റ് പുറപ്പെടുവിച്ചത്. നിലവില്‍ ഇറ്റലിയില്‍ തടവിലാണ് ഇയാള്‍.

Advertisment