ബര്‍ലിന്‍: തീവ്രവലതുപക്ഷ പാര്‍ട്ടിയായ എ എഫ് ഡി തുരിംഗിയയിലെ സ്റേററ്റ് തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ പാര്‍ട്ടിയായിരിക്കുന്നു. സാക്സണിയിലും നിര്‍ണായക മുന്നേറ്റമാണ് കുടിയേറ്റ വിരുദ്ധ പാര്‍ട്ടി സ്വന്തമാക്കിയിരിക്കുന്നത്. ജര്‍മനിയില്‍ താമസിക്കുന്ന കുടിയേറ്റക്കാര്‍ക്ക് ആശങ്കയുണര്‍ത്തുന്നതാണ് എ എഫ് ഡിയുടെ വര്‍ധിച്ചു വരുന്ന ജനപിന്തുണ.
രണ്ടാം ലോക യുദ്ധത്തിനു ശേഷം ആദ്യമായാണ് ഏതെങ്കിലും ജര്‍മന്‍ സ്റ്റേറ്റില്‍ ഒരു തീവ്ര വലതുപക്ഷ പാര്‍ട്ടി ഏറ്റവും കൂടുതല്‍ വോട്ട് നേടുന്നത്. ജര്‍മനിയുടെ കിഴക്കന്‍ മേഖലകളിലാണ് തീവ്ര വലതുപക്ഷ പ്രസ്ഥാനത്തിന് കൂടുതല്‍ വേരോട്ടമുള്ളത്. ലീപ്സിഗും ഡ്രെസ്ഡനും പോലുള്ള കിഴക്കന്‍ നഗരങ്ങളെ പല കുടിയേറ്റക്കാരും താമസമുറപ്പിക്കാന്‍ തെരഞ്ഞെടുത്തു വരുന്നതുമാണ്. ബര്‍ലിന്‍, മ്യൂണിച്ച്, ഹാംബര്‍ഗ് തുടങ്ങിയ പടിഞ്ഞാറന്‍ നഗരങ്ങളെക്കാള്‍ ജീവിതച്ചെലവ് കുറവാണെന്നതു മാത്രമല്ല, നിരവധി യൂണിവേഴ്സിറ്റികളുടെ സാന്നിധ്യവും കിഴക്കന്‍ നഗരങ്ങളെ പല കുടിയേറ്റക്കാര്‍ക്കും പ്രിയപ്പെട്ടതാക്കുന്നു.
2.1 മില്യന്‍ ജനസംഖ്യയുള്ള സ്റേററ്റാണ് തുരിംഗിയ. 2023ലെ കണക്കനുസരിച്ച് ഇവിടെ 176,500 വിദേശികളാണ് താമസിച്ചിരുന്നത്. അതായത്, ജനസംഖ്യയുടെ 8.3 ശതമാനം കുടിയേറ്റക്കാര്‍. സാക്സണിയില്‍ ജനസംഖ്യയുടെ 8.1 ശതമാനം കുടിയേറ്റക്കാരാണ്. എന്നാല്‍, ദേശീയ ശരാശരിയില്‍ വിദേശികളുടെ സാന്നിധ്യം 15.2 ശതമാനവുമാണ്.
തുരിംഗിയയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയും സാക്സണിയില്‍ രണ്ടാമത്തെ വലിയ കക്ഷിയുമായെങ്കിലും രണ്ടിടത്തും എ എഫ് ഡി അധികാരത്തില്‍ വരില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. കാരണം, മറ്റു പാര്‍ട്ടികളൊന്നും അവരുമായി സഖ്യത്തിനു തയാറല്ല. ജര്‍മന്‍ സംസ്ഥാനങ്ങളിലും ഫെഡറല്‍ തലത്തിലും സഖ്യങ്ങളില്ലാതെ ഒരു പാര്‍ട്ടിക്കും ഒറ്റയ്ക്ക് ഭരിക്കാന്‍ സാധിക്കാറില്ല.
വലതുപക്ഷ തീവ്രവാദികളെ അകറ്റിനിര്‍ത്തി ജനാധിപത്യ പാര്‍ട്ടികള്‍ ഐക്യത്തോടെ സര്‍ക്കാരുകള്‍ രൂപീകരിക്കണമെന്നാണ് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് ആഹ്വാനം ചെയ്തിരിക്കുന്നത്. വിവിധ പാര്‍ട്ടി പ്രതിനിധികള്‍ എ എഫ് ഡിയുടെ വളര്‍ച്ചയില്‍ ആശങ്ക പരസ്യമായി പ്രകടിപ്പിക്കുന്നുമുണ്ട്.
റീമൈഗ്രേഷന്‍ എന്നൊരു പുതിയ ആശയമാണ് എ എഫ് ഡി ഇപ്പോള്‍ രൂപീകരിക്കുന്നതെന്നും ഇതിനിടെ വ്യക്തമായിരുന്നു. കുടിയേറ്റക്കാരെ അവരവരുടെ നാടുകളിലേക്കു തിരിച്ചയക്കുക എന്നതാണ് ഇതിന്റെ അടിസ്ഥാന ലക്ഷ്യം. അതേസമയം, കുടിയേറ്റക്കാരുടെ സാന്നിധ്യം കിഴക്കന്‍ മേഖലകള്‍ അടക്കം ജര്‍മനിയിലെ വിവിധ തൊഴിലുകളില്‍ ഇപ്പോള്‍ ഒഴിച്ചുകൂടാനാകാത്ത ഘടകവുമാണ്.