/sathyam/media/media_files/3dxzrAXrQ3gk7IA0ttD8.jpg)
യു കെ: ഇഷ കൊടുങ്കാറ്റ് മൂലം യു കെയിൽ കനത്ത മഴയും മണിക്കൂറിൽ 99 മൈൽ വരെ വേഗതയിലുള്ള കാറ്റും. ദുരന്തത്തിൽ പെട്ട് രാജ്യത്ത് ആയിരക്കണക്കിന് ആളുകൾക്ക് വൈദ്യുതി മുടങ്ങി.
ഇഷ കൊടുങ്കാറ്റ് വിതച്ച ദുരന്തം, സ്‌കോട്ട്‌ലൻഡ്, നോർത്തേൺ അയർലൻഡ്, നോർത്ത് - വെസ്റ്റ് ഇംഗ്ലണ്ട്, വെയിൽസ് എന്നീ പ്രദേശങ്ങളെ സാരമായി ബാധിച്ചു. വിദൂര പ്രദേശങ്ങളിലുള്ള ചിലർക്ക് ചൊവ്വാഴ്ച വരെ വൈദ്യുതി ഉണ്ടാകില്ല എന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സ്‌കോട്ട്‌ലൻഡിൽ 84 കാരൻ ഉൾപ്പെടെ രണ്ട് പേരാണ് കാലാവസ്ഥ കെടുതിയിൽ മരണപ്പെട്ടത്. 85 കാരൻ സഞ്ചരിച്ചിരുന്ന കാർ വീണുകിടന്ന മരത്തിൽ ഇടിക്കുകയായിരുന്നു എന്ന് സ്‌കോട്ട്‌ലൻഡ് പോലീസ് അറിയിച്ചു. വടക്കൻ അയർലണ്ടിൽ, ലണ്ടൻഡെറി കൗണ്ടിയിലെ ലിമാവഡിയിൽ കാറിനു മുകളിൽ മരം വീണതാണ് രണ്ടാമന്റെ മരണ കാരണം.
ചൊവ്വാഴ്ച മുതൽ വടക്കൻ അയർലൻഡിലും ബ്രിട്ടന്റെ ചില ഭാഗങ്ങളിലും 'ജോസെലിൻ' കൊടുങ്കാറ്റ് വീശുന്നത് ശക്തമായ കാറ്റിനും മഴക്കും കാരണമാകും.
സെപ്റ്റംബർ മുതൽ വീശിയടിക്കുന്നതിൽ പത്താമത്തെ കൊടുങ്കാറ്റായ 'ജോസലിൻ', വടക്ക് - പടിഞ്ഞാറൻ സ്കോട്ട്‌ലൻഡിലുടനീളം 55 മുതൽ 65 മൈൽ (89 മുതൽ 105 കിമീ/മണിക്കൂർ) വരെ വേഗതയിൽ അടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നോർത്തംബർലാൻഡിലെ ബ്രിസ്‌ലീ വുഡിലുള്ള മെറ്റ് ഓഫീസ് രേഖപ്പെടുത്തിയ കണക്കനുസരിച്ചു ഇഷ 99mph (159km/h) വേഗതയിൽ വരെ വീശി എന്നാണ് രേഖപ്പെടുത്തിയത്.
107mph (172km/h) വേഗതയിലുള്ള കാറ്റ് ഡണ്ടിയിലെ ടേ ബ്രിഡ്ജിൽ രേഖപ്പെടുത്തിയതായി ട്രാൻസ്പോർട്ട് സ്കോട്ട്ലൻഡ് അറിയിച്ചു. കഴിഞ്ഞ 10 - 20 വർഷത്തിനിടയിൽ യുകെയിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റായിരുന്നു 'ഇഷ'.
വടക്കൻ അയർലണ്ടിൽ കൊടുങ്കാറ്റിന്റെ മൂർദ്ധന്യത്തിൽ ഏകദേശം 53,000 വീടുകൾക്ക് വൈദ്യുതി മുടങ്ങി.
ഊർജ്ജ ദാതാക്കളെ പ്രതിനിധീകരിക്കുന്ന എനർജി നെറ്റ്‌വർക്ക്സ് അസോസിയേഷന്റെ (ENA) കണക്കു പ്രകാരം, തിങ്കളാഴ്ച രാവിലെ ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്‌ലൻഡ് എന്നിവിടങ്ങളിലായി ഏകദേശം 30,000 വീടുകൾക്ക് വൈദ്യുതി ഉണ്ടായിരുന്നില്ല.
വീടുകളിലേക്ക് വൈദ്യുതി പുനഃസ്ഥാപിക്കാൻ അധികാരികളുമായി സർക്കാർ കഠിനമായി പരിശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. ഏകദേശം 300,000 വീടുകളിൽ വൈദ്യുതി പുനസ്ഥാപിച്ചതായും അദ്ദേഹം അറിയിച്ചു.
ചില പ്രദേശങ്ങളിലെ വീടുകളിൽ ചൊവ്വാഴ്ച വരെ, പ്രത്യേകിച്ച് വിദൂര പ്രദേശങ്ങളിൽ ഉള്ളവർക്ക് വൈദ്യുതി മുടങ്ങുമെന്ന് ENA പ്രതിനിധി ലോറൻസ് സ്ലേഡ് പറഞ്ഞു. കിഴക്കൻ ഇംഗ്ലണ്ടിലെ ഒരു ചെറിയ പോക്കറ്റ് ഒഴികെ യു കെയുടെ ഭൂരിഭാഗം പ്രദേശങ്ങളെയും കൊടുങ്കാറ്റ് ബാധിച്ചതിനാൽ, എഞ്ചിനീയർ ടീമുകളെ ഏകോപിപ്പിക്കുന്നത് ബുദ്ധിമുട്ടാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദുരന്തബാധിത പ്രദേശങ്ങളിലേക്ക് വേഗത്തിൽ എഞ്ചിനീയർമാരെ എത്തിക്കാൻ ഹെലികോപ്റ്ററുകളും ഡ്രോണുകളും വിന്യസിക്കുമെന്ന് അദ്ദേഹം ബിബിസിയോട് പറഞ്ഞു.
റിപ്പബ്ലിക് ഓഫ് അയർലണ്ടിൽ ഏകദേശം 235,000 വീടുകളേയും വ്യാപാര സ്ഥാപനങ്ങളേയും ദുരന്തം ബാധിച്ചു.
അതേസമയം, ഡസൻ കണക്കിന് സ്കൂളുകൾ തിങ്കളാഴ്ച അടച്ചു. കൂടുതൽ സ്കൂൾ അവധി പ്രഖ്യാപിച്ചത് സ്കോട്ട്ലൻഡിലും വടക്കൻ അയർലൻഡിലും ആണ് എന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ചില റോഡുകൾ അടഞ്ഞുകിടക്കുകയും റെയിൽവേ ലൈനുകൾ സ്തംഭനാവസ്ഥയിൽ ആയെങ്കിലും, തിങ്കളാഴ്ച ഗതാഗത സേവനങ്ങൾ ഏറെക്കുറെ വീണ്ടെടുത്തു.
സ്‌കോട്‌റെയിൽ, ഗാറ്റ്‌വിക്ക് എക്‌സ്‌പ്രസ്, ഗ്രേറ്റ് നോർത്തേൺ, സതേൺ, തേംസ്‌ലിങ്ക്, ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് റെയിൽവേ സർവീസുകൾ തിങ്കളാഴ്ച രാവിലെ തടസ്സപ്പെട്ടു.
ജോസെലിൻ കൊടുങ്കാറ്റിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെ 19:00 GMT മുതൽ റെയിൽ സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് സ്കോട്ട് റെയിൽ അറിയിച്ചു.
യു കെയിലേക്കുള്ള വിമാനങ്ങൾ ഫ്രാൻസ്, ജർമ്മനി, നെതർലാൻഡ്സ് എന്നിവിടങ്ങളിലേക്ക് വഴിതിരിച്ചുവിടാൻ നിർബന്ധിതരായതോടെ നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കി. വിദേശത്തെ വിമാനത്താവളങ്ങളിൽ യാത്രക്കാർ കുടുങ്ങിയിട്ടുമുണ്ട്.
സ്കോട്ട്ലൻഡിന്റെ വടക്ക് ഭാഗത്തുള്ള തുർസോ, വിക്ക്, കിഴക്ക് ഫ്രേസർബർഗ്, പീറ്റർഹെഡ്, പടിഞ്ഞാറ് ക്രോമാർട്ടി, നായർ എന്നിവിടങ്ങളിൽ 'റെഡ് അലർട്ട്' മുന്നറിയിപ്പ് പ്രഖ്യാപിച്ചു.
വടക്കൻ സ്‌കോട്ട്‌ലൻഡിന്റെ ചില ഭാഗങ്ങളിൽ ശക്തമായ കാറ്റിന്റെ മുന്നറിയിപ്പായി ചൊവ്വാഴ്ച 6 മണിമുതൽ 'ആംബർ അലർട്ട്' പ്രാബല്യത്തിൽ വരും. അതേസമയം, സ്കോട്ട്‌ലൻഡ്, നോർത്തേൺ അയർലൻഡ്, വെയിൽസ്, ഇംഗ്ലണ്ടിന്റെ വലിയ ഭാഗങ്ങൾ രണ്ട് 'യെല്ലോ അലർട്ട്' മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്.
വടക്ക് - പടിഞ്ഞാറൻ ഇംഗ്ലണ്ടിലും സ്കോട്ട്ലൻഡിന്റെ പടിഞ്ഞാറൻ തീരത്തും ചൊവ്വാഴ്ച മുതൽ കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പായി രണ്ട് 'യെല്ലോ അലർട്ട്' പ്രാബല്യത്തിൽ വരും. കാറ്റിനൊപ്പം, മഴയും കനത്ത ഇടിമുഴക്കവും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കുന്നു.
2023 സെപ്റ്റംബറിൽ ആരംഭിച്ച സീസണിലെ ഒമ്പതാമത്തെ കൊടുങ്കാറ്റാണ് 'ഇഷ', 'ജോസെലിൻ' പത്താമത്തേതും.