/sathyam/media/media_files/7mVckh8mYrmd0dkAU2Mh.jpg)
ബെര്‍മിങ്ഹാം: യു കെയിലെ തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ ഇന്ത്യന്‍ ജോലിക്കാരുടേയും തൊഴിൽ അവകാശസംരക്ഷണവും തുല്യ നീതിയും ലക്ഷ്യമാക്കി രൂപീകൃതമായ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (IWU) സംഘടനയുടെ മിഡ്‌ലാന്‍ഡ്‌സ് റീജണല്‍ കോര്‍ഡിനേറ്ററായി പൊതുപ്രവർത്തകൻ കെ പി വിജിയെ നിയമിച്ചു.
യുക്മ പ്രസിഡന്റ്, വൈസ് പ്രസിഡണ്ട് എന്നീ നിലകളില്‍ യു കെയിലെ പൊതുരംഗത്ത് സജീവമായ കെ പി വിജി, മണിമലക്കുന്ന് ഗവ. കോളേജ് യൂണിയൻ ചെയർമാൻ, കെ എസ് യു - യൂത്ത് കോൺഗ്രസ് - ഐഎന്‍ടിയുസി ഭാരവാഹിത്വം, കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ല പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
യുകെയിലെ മുഴുവൻ ഇന്ത്യൻ തൊഴിലാളികളേയും ശക്തമായ ഒരു സംഘടനയുടെ കുടക്കീഴിൽ അണിചേർക്കുക എന്നതാണ് IWU - ന്റെ പ്രഖ്യാപിത ലക്ഷ്യം.
ഇന്ത്യയിലെ ഏറ്റവും വലിയ മതേതര പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ട്രേഡ് യൂണിയന്‍ സംഘടനയായ ഐഎന്‍ടിയുസിയുമായി ചേർന്നാണ് ഇന്ത്യന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രവർത്തിക്കുക. അതിന്റെ ഭാഗമായി, യു കെയിലെ തൊഴിലിടങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യന്‍ ജോലിക്കാർക്ക് താമസിയാതെ യു കെയിലും സ്വദേശത്തുമുള്ള അവരുടെ പ്രശ്‌നങ്ങള്‍ക്ക് സഹായവും നിർദേശങ്ങളും നല്‍കുവനാവുമെന്നു IWU എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.
നാട്ടില്‍ ഐഎന്‍ടിയുസിയുമായി സഹകരിച്ചും യു കെയില്‍ ഇവിടെയുള്ള ട്രേഡ് യൂണിയനുകളുമായി ചേര്‍ന്നും IWF പ്രവർത്തിക്കുമെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.
തങ്ങളുടെ പ്രവര്‍ത്തന ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും തൊഴിലാളികള്‍ക്ക് അവരുടെ പ്രശ്‌നപരിഹാരങ്ങൾക്ക് ബന്ധപ്പെടുവാന്‍ കൂടുതല്‍ സൗകര്യത്തിനും വേണ്ടി റീജണല്‍ തലത്തില്‍ സംഘടനയുടെ കമ്മിറ്റികള്‍ രൂപീകരിക്കുവാനും തീരുമാനിച്ചു.
റീജണല്‍ കോര്‍ഡിനേറ്റേഴ്‌സിനായി യു കെ യിലെ തൊഴിൽ നിയമങ്ങൾ, ഹൗസിങ് നിയമങ്ങൾ എന്നിവയില്‍ വിദഗ്ധ പരിശീലനം നല്‍കുവാനും, പരിശീലന ശേഷം അവരുടെ നേതൃത്വത്തില്‍ റീജണല്‍ കമ്മിറ്റികള്‍ രൂപീകരിക്കുവാനും, റീജണല്‍ തലത്തില്‍ തൊഴില്‍ മേഖലകളിലെ വ്യത്യസ്ത വിഭാഗങ്ങള്‍ക്കായി പ്രത്യേകം സമിതികള്‍ രൂപീകരിക്കുവാനും പദ്ധതിയിട്ടതായി കേംബ്രിഡ്ജ് ഡെപ്യൂട്ടി മേയറും ലണ്ടനിലെ പ്രശസ്ത ക്രിമിനൽ അഭിഭാഷകനും IWF ചെയർമാനുമായ ബൈജു തിട്ടാല അറിയിച്ചു.