ലണ്ടൻ ഒന്റാരിയോ ആശുപ്രതിക്ക് കോടിക്കണക്കിന് ഡോളർ നഷ്ടമുണ്ടാക്കിയ മുൻ ജീവനക്കാർക്കും കോൺട്രാക്ടർമാർക്കുമെതിരെ കേസ് ഫയൽ ചെയ്ത് ലണ്ടൻ ഹെൽത്ത് സയൻസസ് സെന്റർ (എൽ എച്ച് എസ് ഇ). ഇന്ത്യൻ വംശജരായ മുൻ എക്സിക്യൂട്ടീവ് ദിപേഷ് പട്ടേൽ, ഡെറക് ലാൽ, നീൽ മോദി, ബി എച്ച് കോൺട്രാക്ടേഴ്സ് പരേഷ് സോണി, നിർമ്മാണ സ്ഥാപനങ്ങളായ ബി എച്ച് കോൺട്രാക്ടേഴ്സ്, ജി ബി ഐ കൺസ്ട്രക്ഷൻ എന്നിവയുടെ ഡയറക്ടർ എന്നിവർക്കെതിരെയാണ് എൽ എച്ച് എസ് ഇ 6 കോടി 50 ലക്ഷം ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തിരിക്കുന്നത്.
ആരോപണവിധേയരായ ജീവനക്കാരും കോൺട്രാക്ടർമാരും ഒരു ദശാബ്ദത്തിലേറെയായി ആശുപ്രതിക്ക് കോടിക്കണക്കിന് ഡോളർ നഷ്ടമുണ്ടാക്കിയതായി ലണ്ടൻ ഹെൽത്ത് സയൻസസ് സെന്റർ പറയുന്നു. വ്യാജ രേഖകൾ സമർപ്പിക്കുകയും ഇൻവോഴ്സുകളിൽ തുക വർധിപ്പിക്കാനും വ്യത്യസ്ത കമ്പനികൾക്ക് കരാറുകൾ നൽകാനും ഇവർ ഗൂഢാലോചന നടത്തിയെന്ന് ആശുപത്രി ആരോപിക്കുന്നു.
2013നും 2024നും ഇടയിൽ ഫെസിലിറ്റി മാനേജ്മെന്റിന്റെ മേൽനോട്ടമുള്ള സീനിയർ എക്സിക്യൂട്ടീവായി സേവനമനുഷ്ഠിച്ച ദീപേഷ് പട്ടേലാണ് പദ്ധതിയുടെ സൂത്രധാരനെന്നും HSC ആരോപിക്കുന്നു. പരേഷ് സോണിയുമായി ബന്ധമുള്ള കമ്പനികൾക്ക് ദശലക്ഷക്കണക്കിന് ഡോളർ കരാറുകൾ നൽകാൻ പട്ടേൽ സഹായിച്ചതായും ലണ്ടൻ ഹെൽത്ത് സയൻസസ് സെന്റർ പറയുന്നു.
2015-നും 2024-നും ഇടയിൽ സോണി നിയന്ത്രിച്ചിരുന്ന ബിഎച്ച് കോൺട്രാക്ടേഴ്സിന് ഏകദേശം മൂന്ന് കോടി ഡോളറിന്റെ കരാർ ലഭിച്ചതായി ലണ്ടൻ ഹെൽത്ത് സയൻസസ് സെന്റർ അറിയിച്ചു. ഇതിൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ വിൻഡോ റീപ്ലേസ്മെന്റ് പ്രൊജക്ടിനുള്ള രണ്ടു കോടി ഡോളറും ഉൾപ്പെടുന്നു. സ്വതന്ത്ര എസ്റ്റിമേറ്റുകളേക്കാൾ ഏകദേശം ഒരു കോടി ഡോളറാണ് ബി എച്ച് ചെലവ് വർധിപ്പിച്ചതെന്നാണ് ലണ്ടൻ ഹെൽത്ത് സയൻസസ് സെന്റർ ആരോപിക്കുന്നത്.