ആര്‍ത്തവ വിരാമവും ജര്‍മന്‍ തെരഞ്ഞെടുപ്പും

New Update
hbhbjhn

സ്ത്രീകളുടെ ആര്‍ത്തവ വിരമാത്തിന് ജര്‍മന്‍ പൊതു തെരഞ്ഞെടുപ്പുമായി എന്തു ബന്ധം എന്നു ചിന്തിക്കാം. എന്നാല്‍, അടുത്ത പൊതു തെരഞ്ഞെടുപ്പിനു ഒരു വര്‍ഷം ശേഷിക്കെ ആര്‍ത്തവ വിരാമം ഒരു പ്രധാന തെരഞ്ഞെടുപ്പ് വിഷയമായി ഉയര്‍ത്തിക്കൊണ്ടു വരാനുള്ള ശ്രമത്തിലാണ് ഒരു സംഘം ജര്‍മന്‍ എംപിമാര്‍.

ആര്‍ത്തവ വിരാമമായ 90 ലക്ഷം സ്ത്രീകളാണ് ജര്‍മനിയിലുള്ളതെന്ന് കണക്ക്. വളരെ ഗൗരവമായി കാണേണ്ടുന്ന ഒരു ശാരീരിക അവസ്ഥയായിരുന്നിട്ടു പോലും, ഈ വിഷയം കാര്യമായി മനസിലാക്കുന്നതിനോ ചര്‍ച്ച ചെയ്യുന്നതിനോ ഉള്ള ശ്രമങ്ങള്‍ പൊതുസമൂഹത്തില്‍ കാണാറില്ല. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് വിഷയമായി ഇത് ഉയര്‍ത്തിക്കൊണ്ടുവരാനും അതുവഴി സ്ത്രീ വോട്ടര്‍മാരുടെ പിന്തുണ ആര്‍ജിക്കാനുള്ള രാഷ്ട്രീയ നീക്കം ചൂട് പിടിക്കുന്നത്.

ആരോഗ്യരംഗത്തെ ഗവേഷണങ്ങള്‍ ഏറെയും പുരുഷകേന്ദ്രീകൃതമായി തുടരുമ്പോള്‍, സ്ത്രീകളുടെ ഹൃദ്രോഗ ലക്ഷണങ്ങള്‍ ഇന്നും മെഡിക്കല്‍ കോളെജുകളില്‍ പഠിപ്പിക്കാത്ത സ്ഥിതി ജര്‍മനിയിലുണ്ട്. സ്വാഭാവികമായും പുരുഷന്‍മാര്‍ക്ക് നേരിട്ട് അനുഭവവേദ്യമല്ലാത്ത മെനോപോസ് എന്ന അവസ്ഥയും ഇത്തരത്തില്‍ ആരോഗ്യരംഗത്ത് തീര്‍ത്തും അവഗണിക്കപ്പെട്ട അവസ്ഥയാണുള്ളത്.

45 വയസിനും 55 വയസിനുമിടയിലാണ് മിക്ക സ്ത്രീകള്‍ക്കും ആര്‍ത്തവ വിരാമം സംഭവിക്കുന്നത്. ഉറക്കമില്ലായ്മ മുതല്‍ വിഷാദവും ഹൃദ്രോഗങ്ങളും വരെ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലൂടെയാണ് ഈ സമയത്ത് അവര്‍ കടന്നുപോകുന്നത്. മൂന്നിലൊന്ന് സ്ത്രീകള്‍ക്കും ഈ ലക്ഷണങ്ങള്‍ തീവ്രമായിരിക്കും. അതവരുടെ ജോലിയെയും കുടുംബജീവിതത്തെയും ഒക്കെ ബാധിക്കാറുമുണ്ട്.

ഇപ്പോള്‍ സി ഡി യു ~ സി എസ് യു സഖ്യമാണ് ജര്‍മനിയില്‍ ഇതിനെ ഗൗരവമുള്ള തെരഞ്ഞെടുപ്പ് വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. വൈദ്യശാസ്ത്ര പഠനങ്ങളിലും, കമ്പനികളുടെ ആരോഗ്യരക്ഷാ രീതികളിലും മെനോപോസിന് കൂടുതല്‍ പ്രാധാന്യം ലഭിക്കണമെന്നാണ് അവരുടെ ആവശ്യം.

9 മില്യന്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യശാസ്ത്ര പ്രൊഫഷണലുകളുടെ ഒരു സംഘടനയാണ് ഈ വിഷയം ആദ്യമായി പൊതുമധ്യത്തില്‍ ഉയര്‍ത്തിക്കൊണ്ടുവന്നത്. ജര്‍മന്‍ യാഥാസ്ഥിതിക രാഷ്ട്രീയ പക്ഷം തന്നെ അര്‍ഹിക്കുന്ന ഗൗരവത്തോടെ ഇതിനെ രാഷ്ട്രീയമായി ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു.

ഭരണപക്ഷത്തുള്ള എസ് പി ഡിയും ഗ്രീന്‍ പാര്‍ട്ടിയും എഫ് പി ഡിയും ഈ നീക്കത്തോട് അനുകൂല പ്രതികരണമാണ് നടത്തിയിരിക്കുന്നത്. അതേസമയം, പതിനാറ് വര്‍ഷം അംഗല മെര്‍ക്കല്‍ എന്ന വനിതാ ചാന്‍സലര്‍ ഭരിച്ചിട്ടും ഇക്കാര്യത്തില്‍ ഒന്നും ചെയ്യാത്ത സി ഡി യുവും സി എസ് യുവും ഇപ്പോള്‍ ഈ വിഷയം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ തെരഞ്ഞെടുപ്പ് താത്പര്യം മാത്രമാണുള്ളതെന്ന വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

ഈ ആരോപണം പൂര്‍ണമായി തള്ളിക്കളയാനും സാധിക്കില്ലെന്നാണ് കണക്കുകളില്‍ വ്യക്തമാകുന്നത്. അംഗല മെര്‍ക്കല്‍ ചാന്‍സലറായിരിക്കുന്ന സമയത്ത് സി ഡി യു ~ സി എസ് യു സഖ്യത്തിന്റെ വോട്ടര്‍മാരില്‍ 30 ശതമാനം സ്ത്രീകളായിരുന്നു. മെര്‍ക്കല്‍ ഒഴിവായ ശേഷം ഇത് 25 ശതമാനമായി കുറയുകയും ചെയ്തു.

Advertisment