/sathyam/media/media_files/2025/08/13/hgfvv-2025-08-13-03-39-31.jpg)
കാലബ്രിയ: തെരുവുഭക്ഷണശാലയില്‍ നിന്ന് ബ്രൊക്കോളി സോസേജ് സാന്‍വിച്ച് കഴിച്ചതിനു പിന്നാലെ ഇറ്റാലിയന്‍ സംഗീതജ്ഞന്‍ ല്യുഗി ഡി സാര്‍നോ കുഴഞ്ഞു വീണു മരിച്ചതായി റിപ്പോര്‍ട്ട്. ഇതേ വിഭവം കഴിച്ച 9 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. ബ്രൊക്കോളിയില്‍ അടങ്ങിയിരിക്കുന്ന വിഷമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
കലാബ്രിയയിലെ ഡിയാമാന്‍റെയില്‍ നിന്ന് ഭക്ഷണം കഴിച്ചതിനു പിന്നാലെ സാര്‍ണോ കുഴഞ്ഞു വീഴുകയായിരുന്നു. സംഭവ സമയത്ത് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഉടന്‍ തന്നെ അന്നുന്‍സിയാട്ട ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സാര്‍ണോയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഇതു ഇറ്റലിയില്‍ അപ്പാടെ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. വലിയ രീതിയില്‍ ബ്രൊക്കോളി മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിക്കപ്പെടാന്‍ പോലും പ്രതിഷേധം കാരണമായി.
വിഷയത്തില്‍ അന്വേഷണം നടക്കുകയാണെന്നും അനാവശ്യ ഊഹാപോഹങ്ങള്‍ പരത്തരുതെന്നും ഡിയാമാന്‍റെ മേയര്‍ അക്കിലി ഓര്‍ഡിന്‍ വ്യക്തമാക്കി.
ക്ളോസ്ട്രിഡിയം ബോട്ടുലിനം എന്ന വിഷകാരിയായ പദാര്‍ഥം മൂലമുണ്ടാകുന്ന ബോട്ടുലിസമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതു ബാധിച്ചാല്‍ ശ്വാസോച്ഛ്വാസത്തിന് ബുദ്ധിമുട്ട് നേരിടും. മസിലുകള്‍ തളരുകയും കാഴ്ച മങ്ങുകയും ചെയ്യും. പലപ്പോഴും മരണകാരണമാകാറുമുണ്ട്. സാധാരണയായി കൃത്യമായി അടച്ചു വയ്ക്കാത്ത ഫെര്‍മെന്‍റഡ് ഭക്ഷണങ്ങളിലാണ് ഈ വിഷപദാര്‍ഥം രൂപപ്പെടാറുള്ളത്. ഇതിനുള്ള ആന്‍റിവെനം സൂക്ഷിക്കാന്‍ നിലവില്‍ ഇറ്റലിയിലെ ഒരു ആശുപത്രിക്കും അധികാരമില്ല. ആരോഗ്യമന്ത്രാലയം നേരിട്ട് പോയിസണ്‍ കണ്‍ട്രോള്‍ സെന്‍റര്‍ വഴിയാണ് മരുന്ന് വിതരണം ചെയ്യാറുള്ളത്.