ബെയ്ജിങ്: യുഎസില്‍ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ണായക സ്ഥാനത്ത് നിയോഗിച്ചിരിക്കുന്ന ഇലോണ്‍ മസ്കും വിവേക് രാമസ്വാമിയും ഉള്‍പ്പെട്ട സംഘം കടുത്ത ഭീഷണിയെന്ന് ചൈനയുടെ വിലയിരുത്തല്‍. സര്‍ക്കാര്‍ സംവിധാനം ഉടച്ചുവാര്‍ക്കാനാണ് മസ്കിനോടും സംഘത്തോടും ട്രംപ് നിര്‍ദേശിച്ചിരിക്കുന്നത്.
കാര്യക്ഷമതയുള്ള യു.എസ് ഭരണസംവിധാനം ചൈനക്കുമേല്‍ കടുത്ത സമ്മര്‍ദമുണ്ടാക്കുമെന്ന് സര്‍ക്കാര്‍ നയ ഉപദേഷ്ടാവ് യെങ് യോങ്നിയന്‍ പറഞ്ഞു. ചൈനക്ക് മാത്രമല്ല, യൂറോപ്പിനും സമ്മര്‍ദം നേരിടേണ്ടിവരും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ യു.എസിലെ മാറ്റങ്ങളില്‍ നിന്നായിരിക്കാം ചൈനക്ക് ഏറ്റവും വലിയ സമ്മര്‍ദം നേരിടേണ്ടിവരിക എന്നും അദ്ദേഹം പറഞ്ഞു. ജര്‍മനിയുടെ മുന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലും കഴിഞ്ഞ ദിവസം സമാനമായ അഭിപ്രായപ്രകടനം നടത്തിയിരുന്നു.
ട്രംപ് ഭരണകൂടത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമത വകുപ്പിന്റെ ചുമതലയാണ് വ്യവസായി ഇലണ്‍ മസ്കും ഇന്ത്യന്‍ വംശജന്‍ വിവേക് രാമസ്വാമിയും വഹിക്കുക. സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം ഗണ്യമായി വെട്ടിക്കുറക്കുന്നതടക്കം നിരവധി പദ്ധതികളാണ് ഇവര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.