/sathyam/media/media_files/2025/09/29/vvv-2025-09-29-04-14-32.jpg)
ബ്രസല്‍സ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ അറസ്ററ് ഭയം! അറസ്ററ് ഭയന്ന് യൂറോപ്യന്‍ രാജ്യങ്ങളിലൂടെയുള്ള സാധാരണ വിമാന സഞ്ചാര പാത ഒഴിവാക്കി നൂറു കണക്കിനു കിലോമീറ്ററുകള്‍ വളച്ചു ചുറ്റിയാണ് നെതന്യാഹു യാത്ര ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍. ഗാസയില്‍ നടത്തുന്ന യുദ്ധക്കുറ്റങ്ങളുടെ പേരില്‍ നെതന്യാഹുവിന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്ററ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് അമെരിക്കയില്‍ നടക്കുന്ന അന്താരാഷ്ട്ര ഐക്യരാഷ്ട്ര സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാധാരണ വ്യോമപാത ഒഴിവാക്കി അധിക ദൂരം സഞ്ചരിച്ച് ന്യൂയോര്‍ക്കില്‍ എത്തിയത് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. തങ്ങളുടെ രാജ്യത്തു പ്രവേശിച്ചാല്‍ നെതന്യാഹുവിനെ അറസ്ററ് ചെയ്യുമെന്ന് ചില യൂറോപ്യന്‍ രാജ്യങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
നെതന്യാഹുവിന്‍റെ ഔദ്യോഗിക വിമാനമാണ് വിങ്സ് ഒഫ് സയന്‍. അത് ന്യൂയോര്‍ക്കിലേക്കു പുറപ്പെട്ടത് ഗ്രീസ്, ഇറ്റലി എന്നീ രാജ്യങ്ങളുടെ വ്യോമ പാതയിലൂടെ മെഡിറ്ററേനിയന്‍, ജിബ്രാള്‍ട്ടര്‍ കടലിടുക്ക് വഴി അറ്റ്ലാന്‍റിക് റൂട്ടിലൂടെയായിരുന്നു. അമെരിക്കയിലേക്ക് ഉള്ള ഇസ്രയേല്‍ വിമാനങ്ങള്‍ സാധാരണയായി യൂറോപ്പിലൂടെ, ഫ്രഞ്ച് വ്യോമ പാതയിലൂടെയാണ് പോകാറുള്ളത്. എന്നാല്‍ നെതന്യാഹുവിന്‍റെ ഔദ്യോഗിക വിമാനം ഭൂരിപക്ഷം യൂറോപ്യന്‍ രാജ്യങ്ങളുടെ വ്യോമാതിര്‍ത്തികളും ഒഴിവാക്കി എന്നത് ശ്രദ്ധേയമാണ്.