മദ്യലഹരിയിൽ ഇന്ത്യൻ യുവാവിനെ വെടിവച്ചു തളർത്തിയ ന്യൂ യോർക്ക് പോലീസ് ഓഫിസർ കുറ്റമേറ്റു

New Update
H

വിവാഹപാർട്ടി കഴിഞ്ഞു മദ്യപിച്ചു കാറോടിച്ചു പോകുമ്പോൾ ന്യൂ ജേഴ്സി നിവാസിയായ ഇന്ത്യൻ യുവാവിനെ വെടിവച്ചു വീഴ്ത്തിയ ന്യൂ യോർക്ക് പോലീസ് ഓഫിസർ കുറ്റമേറ്റുവെന്നു കാംഡെൻ കൗണ്ടി പ്രോസിക്യൂട്ടറുടെ ഓഫിസ് സ്ഥിരീകരിച്ചു. കിഷൻ പട്ടേലിനെ (30) വെടിവച്ച ഹിയു ട്രാൻ എന്ന ഓഫിസറുടെ മേൽ വധശ്രമ കുറ്റമാണ് ചുമത്തിയിട്ടുള്ളത്.

Advertisment

2024 മേയിൽ വെടിയേറ്റ പട്ടേൽ തളർന്നു കിടപ്പാണ്.

എൻ വൈ പി ഡിയിൽ മൂന്നു വർഷത്തെ സർവീസുള്ള ഹിയു ട്രാൻ മേയ് 17 രാത്രി 11:15 നാണു ന്യൂ യോർക്ക് സിറ്റിക്കു 90മൈൽ തെക്കു കാംഡൻ കൗണ്ടി റോഡ്വേയിൽ വച്ചു പട്ടേലിൻ്റെ കാറിനു നേരെ പോലീസ് തോക്കുപയോഗിച്ചു നിരവധി തവണ വെടിവച്ചത്. പട്ടേലിനു തലയുടെ പിൻഭാഗത്തു വെടികൊണ്ടു മുറിവേറ്റു. പരുക്കുകളേറ്റ പട്ടേലിനു ചലനശേഷി നഷ്ടമായി.

ഹിയു ട്രാൻ പിന്നീട് ജോലി കഴിഞ്ഞു മടങ്ങുന്ന ഒരു നഴ്സ‌ിന്റെ കാറിൽ ഇടിച്ചുകയറിയ ശേഷം വീട്ടിലേക്കു പാഞ്ഞു പോയി.

ജൂൺ 6നാണു ഡിറ്റക്റ്റീവുകൾ അയാളെ തിരിച്ചറിഞ്ഞു കണ്ടെത്തി അറസ്റ്റ് ചെയ്തത്.

സുപ്പീരിയർ കോടതിയിൽ ഫസ്റ്റ് ഡിഗ്രി വധശ്രമ കുറ്റം ട്രാൻ ഏറ്റുവെന്നു പ്രോസിക്യൂട്ടറുടെ ഓഫിസ് അറിയിച്ചു.

അദ്ദേഹത്തിനു പ്ളീ ഡീൽ അനുസരിച്ചു 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കും. ഡിസംബർ 15നാണു വിധി പറയുക.

ഓഫിസറെ പിരിച്ചുവിട്ടതായി എൻ വൈ പി ഡി പ്രസ്ത‌ാവനയിൽ അറിയിച്ചു. അദ്ദേഹം കൗണ്ടി ജയിലിൽ കഴിയുകയാണ്.

പട്ടേലിന്റെ കുടുംബത്തിനു വേണ്ടി അഭിഭാഷകൻ നൽകിയ പ്രസ്താവനയിൽ ട്രാൻ കുറ്റമേറ്റതിൽ ആശ്വാസം പ്രകടിപ്പിച്ചു.

ടെക്സസിലെ ഒരു ആശുപത്രിയിൽ 24 മണിക്കൂർ പരിചരണത്തിൽ കഴിയുന്ന പട്ടേലിനു വേണ്ടി കുടുംബം വൻ തുകയാണ് ചെലവഴിക്കുന്നത്. അദ്ദേഹത്തിന് നടക്കാനോ സംസാരിക്കാനോ എന്നെങ്കിലും കഴിയുമോ എന്നറിയില്ലെന്നു അഭിഭാഷകൻ പറഞ്ഞു.

ട്രാൻ മനോരോഗിയും മദ്യപാനിയും ആയിരുന്നുവെന്നത് എൻ വൈ പി ഡിക്ക് അറിയാമായിരുന്നുവെന്നു മൻഹാട്ടൻ കോടതിയിൽ നൽകിയ പരാതിയിൽ കുടുംബം പറയുന്നു. അതൊക്കെ അനുവദിച്ച നയം സേന മാറ്റേണ്ടതുണ്ട്.

ട്രാൻ കാറിടിച്ചു കയറ്റിയപ്പോൾ പരുക്കേറ്റ നഴ്സ് സ്റ്റെഫാനി ഹമ്മലും മൻഹാട്ടനിൽ കേസ് കൊടുത്തിട്ടുണ്ട്. ഒക്ടോബർ 8നു എൻ വൈ പി ഡി ആരോപണങ്ങൾ നിഷേധിച്ചു.

Advertisment