Advertisment

മാര്‍പാപ്പ പറഞ്ഞതുകൊണ്ടായില്ല, പീഡനം നടത്തിയ പുരോഹിതര്‍ക്കെതിരേ നടപടി വേണം: ബെല്‍ജിയന്‍ പ്രധാനമന്ത്രി

New Update
fbsjfbs
ബ്രസല്‍സ്: കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കത്തോലിക്കാ സഭയിലെ വൈദികര്‍ക്കെതിരേ ശക്തമായ നടപടി വേണമെന്ന് ബെല്‍ജിയന്‍ പ്രധാനമന്ത്രി.

ബെല്‍ജിയത്തിലെ ലീക്കന്‍ കൊട്ടാരത്തില്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍, ഫ്രാന്‍സിസ് മാര്‍പാപ്പയെ വേദിയിലിരുത്തിക്കൊണ്ടാണ് അലക്സാണ്ടര്‍ ഡി ക്രൂവിന്റെ രൂക്ഷ വിമര്‍ശം.

ഇരകളുടെ ഭാഗം കേള്‍ക്കാന്‍ സഭ തയാറാകണം. സത്യം പുറത്തുവരുകയും കുറ്റം തെളിയിക്കുകയും വേണം. അതുവഴി നീതി നടപ്പാക്കണമെന്നും ഡി ക്രൂ. കത്തോലിക്ക സഭയില്‍ വിശ്വാസികള്‍ക്കു നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാന്‍ ഇതാണ് ഏറ്റവും പ്രധാനപ്പെട്ട നടപടിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ സന്നിഹിതനായിരുന്ന ബെല്‍ജിയം രാജാവ് ഫിലിപ്പും സഭക്കെതിരെ കടുത്ത ഭാഷയിലാണ് സംസാരിച്ചത്. ഇരകള്‍ക്ക് ആശ്വാസം നല്‍കുന്ന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ വര്‍ഷം ഒരു ഡോക്യുമെന്ററിയിലൂടെയാണ് ബെല്‍ജിയത്തിലെ പുരോഹിതന്മാരുടെ ലൈംഗിക പീഡന സംഭവങ്ങള്‍ പുറംലോകമറിഞ്ഞത്. പീഡന സംഭവങ്ങളില്‍ സഭ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് നിരവധി രാഷ്ട്രീയ നേതാക്കള്‍ മാര്‍പാപ്പയുടെ സ്വീകരണ ചടങ്ങ് ബഹിഷ്കരിച്ചിരുന്നു.

ഇത്തരം സംഭവങ്ങളില്‍ സഭ ലജ്ജിക്കുകയും ക്ഷമ ചോദിക്കുകയും വേണമെന്ന് ചടങ്ങില്‍ മാര്‍പാപ്പ മറുപടി പറഞ്ഞു. ഈ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കണം. ഇനി ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Advertisment