/sathyam/media/media_files/2025/10/07/gvv-2025-10-07-03-10-24.jpg)
ലണ്ടന്‍: ഗാസയിലെ ഇസ്രായേല്‍ ആക്രമണം തുടരുന്നതില്‍ പ്രതിഷേധിച്ച് വിവിധ യൂറോപ്യന്‍ നഗരങ്ങളില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലികള്‍ സംഘടിപ്പിച്ചു. ഗാസ യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വിവിധ യൂറോപ്യന്‍ നഗരങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളായി നടന്നുവരുന്ന റാലികളില്‍ വന്‍ ജനാവലിയാണ് അണിനിരക്കുന്നത്.
ഗാസയിലേക്ക് ദുരതാശ്വാസ സാമഗ്രികളുമായി പോയ നാല്‍പതിലേറെ വരുന്ന, ബോട്ടുകളും ചെറുകപ്പലുകളുമടങ്ങുന്ന ഫ്ലോട്ടില്ല മെഡിറ്ററേനിയനില്‍ തടഞ്ഞ് യാത്രാസംഘത്തെ തടവിലാക്കിയതിനെ തുടര്‍ന്ന് ഇറ്റാലിയന്‍ തലസ്ഥാനമായ റോമില്‍ തുടര്‍ച്ചയായി നാലാം ദിവസവും അരങ്ങേറിയ പ്രതിരോധ റാലിയില്‍ രണ്ടര ലക്ഷം പേര്‍ പങ്കെടുത്തതായി പൊലീസ് പറഞ്ഞു.
സ്പെയിനിലെ ബാഴ്സലോണയില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ 70,000ത്തിലധികം പേര്‍ പങ്കെടുത്തുവെന്നാണ് പൊലീസ് കണക്ക്. തലസ്ഥാനമായ മഡ്രിഡില്‍ 92,000 പേരുടെ റാലിയും നടന്നു. രണ്ടു വര്‍ഷമായിതുടരുന്ന വംശഹത്യ അവസാനിപ്പിക്കൂ എന്നാവശ്യപ്പെട്ട് അയര്‍ലന്‍ഡ് തലസ്ഥാനമായ ഡബ്ളിനില്‍ നടന്ന റാലിയിലും പതിനായിരങ്ങളാണ് സംബന്ധിച്ചത്. ഇസ്രായേല്‍ നയങ്ങള്‍ക്കെതിരെ ശക്തമായി നിലകൊള്ളുന്ന രാജ്യങ്ങളാണ് സ്പെയിനും അയര്‍ലന്‍ഡും.
ഗാസ യുദ്ധത്തിന്റെ പേരില്‍ ഇസ്രായേലിനെ അന്താരാഷ്ട്ര കായിക മത്സരങ്ങളില്‍നിന്ന് വിലക്കണമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ഈയിടെ ആഹ്വാനം ചെയ്തിരുന്നു. അധിനിവിഷ്ട വെസ്ററ്ബാങ്കിലെ ഇസ്രായേലി കുടിയേറ്റക്കാരുടേതായ ഇറക്കുമതികള്‍ നിരോധിക്കാനും സ്പെയിന്‍ തീരുമാനിച്ചിരുന്നു. ഫ്ലോട്ടിലയില്‍ അമ്പതിലേറെ സ്പെയിന്‍ പൗരന്മാരുണ്ടായിരുന്നു. ഇസ്രായേലിനെതിരെ ഉപരോധം പ്രഖ്യാപിക്കണമെന്നാണ് അയര്‍ലന്‍ഡില്‍ പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടത്.
അതേസമയം, ലണ്ടനില്‍ നിരോധിത "പലസ്തീന്‍ ആക്ഷന്‍ ഗ്രൂപ്പി'ന് പിന്തുണ പ്രഖ്യാപിച്ച് തെരുവിലിറങ്ങിയ 442 പേരെ അറസ്ററ് ചെയ്തതായി പൊലീസ് പറഞ്ഞു. പാരിസിലാകട്ടെ പതിനായിരത്തോളം പേര്‍ പ്രതിഷേധ റാലിയില്‍ അണിനിരന്നു.