/sathyam/media/media_files/2025/10/14/vvv-2025-10-14-05-32-19.jpg)
Gg
യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെത്തുന്ന വിദേശ പൌരന്മാരുടെ വിസ നടപടികള്‍ കൂടുതല്‍ എളുപ്പമാകുന്ന തരത്തില്‍ ഈ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലെയും അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലെയും പാസ്‌പോര്‍ട്ട് സ്റ്റാമ്പിംഗ് നിര്‍ത്തലാക്കി. പകരമായി ബയോ മെട്രിക് സംവിധാനമാണ് ഇനിമുതല്‍ ഉപയോഗിക്കുക. 25 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും, യൂണിയനിൽ ഉൾപ്പെടാത്ത നാല് രാജ്യങ്ങളിലും പുതിയ യൂറോപ്യൻ എൻട്രി/എക്സിറ് സിസ്റ്റം (ഇ ഇ എസ്) ഒക്ടോബർ 12 മുതൽ നിലവിൽ വന്നു. അതേസമയം അയർലണ്ട്, സൈപ്രസ് എന്നീ ഇയു രാജ്യങ്ങൾ ഇ എസ് പിന്തുടരില്ല, പകരം പാസ്പോർട്ടിൽ മുദ്ര വയ്ക്കുന്നത് തുടരും.
25 യൂറോപ്യന്‍ യൂണിയൻ രാജ്യങ്ങളിലും, മറ്റ് നാല് രാജ്യങ്ങളായ Iceland, Liechtenstein, Norway, Switzerland എന്നിവിടങ്ങളിലും എത്തുന്ന ഇയുവിന് പുറത്തുള്ള രാജ്യങ്ങളിലെ പൌരന്മാർ, ഇനിമുതൽ പാസ്പോർട്ട് സ്റ്റാംപിങ്ങിനായി നൽകുന്നതിന് പകരമായി European Entry/Exit System (EES) പ്രകാരം ഫോട്ടോ, വിരലടയാളം ഉൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. രാജ്യത്ത് പ്രവേശിക്കുന്ന തീയതിയും, തിരികെ പോകുന്ന തീയതിയും ഡിജിറ്റലായി രേഖപ്പെടുത്തുകയും ചെയ്യും. പരമാവധി 90 ദിവസത്തേക്കുള്ള ഹ്രസ്വസന്ദർശനത്തിനായി എത്തുന്നവർക്കാകും ഈ സൌകര്യം.
ഈ രാജ്യങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് ഇനിമുതല്‍ വിമാനത്താവളങ്ങളിലെ നീണ്ട ക്യൂവില്‍ കാത്ത് നില്‍ക്കാതെ വേഗത്തിലുള്ള പ്രവേശനവും പുറത്തുകടക്കലും സാധ്യമാകും. പാസ്‌പോര്‍ട്ടില്‍ കൈകൊണ്ട് മുദ്ര പതിക്കുന്ന പഴയ രീതി സമയം കൂടുതല്‍ എടുക്കുന്നതും യാത്രക്കാര്‍ക്ക് അസൗകര്യങ്ങള്‍ ഉണ്ടാക്കുന്നതുമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഡിജിറ്റല്‍ സംവിധാനത്തിലേയ്ക്ക് മാറിയിരിക്കുന്നത്.
ഇയു രാജ്യാതിർത്തികളിലെല്ലാം ഘട്ടം ഘട്ടമായി നടപ്പിലാക്കുന്ന പദ്ധതി, 2026 ഏപ്രിലോടെ പൂര്‍ണ്ണമായി പ്രാവര്‍ത്തികമാക്കാനാണ് യൂറോപ്യന്‍ യൂണിയന്റെ ലക്ഷ്യം.