/sathyam/media/media_files/veDkdzqihI5FsAx35lTR.jpg)
ഇംഗ്ലണ്ട്: ഇംഗ്ലണ്ടിലെ സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗം നിരോധിക്കുന്നതിനുള്ള പദ്ധതി മന്ത്രിമാർ സ്ഥിതീരീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രധാനാധ്യാപകർക്കുള്ള മാർഗനിർദേശം പുറത്തിറക്കി. വിദ്യാഭ്യാസ വകുപ്പിൻ്റെ (ഡിഎഫ്ഇ) പദ്ധതിയെ പ്രധാനാധ്യാപകർ സ്വാഗതം ചെയ്തു.
എന്നാൽ, മാർഗ്ഗനിർദ്ദേശത്തിൽ വ്യക്തമാക്കിയ നയങ്ങൾ മിക്ക സ്കൂളുകളിലും നിലവിലുണ്ടെന്നാണ് അദ്ധ്യാപക യൂണിയനുകൾ പ്രതികരിച്ചത്. വിദ്യാർത്ഥികൾക്ക് പ്രയോജനകരമായ ഒരു മാറ്റം കൊണ്ടുവരാൻ സ്കൂളുകൾക്ക് ആത്മവിശ്വാസം നൽകുന്ന ഈ നിർദേശം, പക്ഷെ രക്ഷിതാക്കളുടെ എതിർപ്പ് ക്ഷണിച്ചുവരുത്തുമെന്ന് വിലയിരുത്തുന്നവരും ഉണ്ട്.
ഈ നിയമനം പ്രാവർത്തികമാക്കാൻ പല രീതികളും സ്കൂൾ അധികൃതർക്ക് അവലംമ്പിക്കാം. കുട്ടികൾ ഫോൺ വീട്ടിൽ സൂക്ഷിക്കുകയോ, സ്കൂളിൽ എത്തുമ്പോൾഅവർ ഫോൺ സ്കൂൾ അധികൃതർക്ക് കൈമാറുകയോ അല്ലെങ്കിൽ സ്കൂൾ സമയം വിദ്യാർഥികൾക്ക് ആക്സസ് ചെയ്യാൻ സാധിക്കാത്ത വിധം ഫോൺ ലോക്കറിൽ സൂക്ഷിക്കുകയോ അതുമല്ലെങ്കിൽ വിദ്യാർത്ഥികളുടെ കൈവശം തന്നെ ഫോണുകൾ ഉപയോഗിക്കാതെ വയ്ക്കുകയോ ചെയ്യാവുന്നതാണ്.
സ്‌കൂളുകളിൽ സ്‌മാർട്ട്‌ഫോണുകളുടെ വ്യാപനം അതിശക്തമാണെന്നാണ് ഡാറ്റകൾ സൂചിപ്പിക്കുന്നത്. ഏതാണ്ട് 97% കുട്ടികൾക്കും 12 വയസ്സ് ആകുമ്പോൾ സ്മാർട്ട് ഫോൺ ലഭിക്കുന്നു എന്നാണ് ഓഫ്‌കോം ഡാറ്റ പറയുന്നത്.
കുട്ടികളുടെ അമിത മൊബൈൽ ഫോൺ ഉപയോഗം അവരുടെ ശ്രദ്ധ വ്യതിചലിപ്പിക്കുക മാത്രമല്ല, അവർ അത് സാമൂഹിക വിപത്തിന് കാരണമാകുന്ന കാര്യങ്ങൾക്കും ഉപയോഗിക്കാം. കുട്ടികളുടെ ഫോൺ ഉപയോഗത്തെക്കുറിച്ചും അവർക്ക് ആക്‌സസ് ചെയ്യാനാകുന്ന ഹാനികരമായ ഉള്ളടക്കത്തെക്കുറിച്ചും കൂടുതൽ ആശങ്കയുണ്ട്.
അടുത്തിടെ കൊല്ലപ്പെട്ട കൗമാരക്കാരിയായ ബ്രിയാന ഗെയുടെ അമ്മ എസ്തർ ഗെ, ടെക് കമ്പനികൾ ഇക്കാര്യത്തിൽ കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്നും, 16 വയസ്സിന് താഴെയുള്ളവർ സോഷ്യൽ മീഡിയയിൽ പ്രവേശിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
16 വയസ്സിന് താഴെയുള്ളവർക്കായി ഫോൺ നിർമ്മാതാക്കൾ ഹാനികരമായ ഉള്ളടക്കം ആക്‌സസ് ചെയ്യുന്നതിൽ നിന്ന് തടയുന്ന രീതിയിലുള്ള പ്രത്യേക ഫോണുകൾ നിർമ്മിക്കണമെന്നും ഗേ ആവശ്യപ്പെട്ടു. കൊലപാതകത്തിന് മുമ്പ് തൻ്റെ മകളുടെ കൊലയാളികൾ അക്രമാസക്തമായ വീഡിയോകലും കൊലപാതക ദൃശ്യങ്ങളും ഡാർക്ക് വെബുകൾ മുഖേന കണ്ടതായി അവർ വ്യക്തമാക്കി.
“സ്‌കൂളുകൾ കുട്ടികൾക്ക് പഠിക്കാനുള്ള ഇടമാണ്, മൊബൈൽ ഫോണുകൾ ക്ലാസ് മുറിയിൽ അനാവശ്യമായ അശ്രദ്ധക്ക് കാരണമാകും. ഞങ്ങളുടെ കഠിനാധ്വാനികളായ അധ്യാപകർക്ക് പെരുമാറ്റം മെച്ചപ്പെടുത്താൻ സഹായിക്കുന്നതിനും അവർ ഏറ്റവും മികച്ചത് ചെയ്യാൻ അവരെ അനുവദിക്കുന്നതിനുമുള്ള ഉപകരണങ്ങൾ ഞങ്ങൾ നൽകുന്നു" വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ പറഞ്ഞു.
പതിമൂന്ന് പേജുള്ള ഡിഎഫ്ഇ മാർഗ്ഗനിർദ്ദേശത്തിൽ, ഫോണുകളിലെ നയം വിദ്യാർത്ഥികളെ വ്യക്തമായി അറിയിക്കണമെന്നും അതിൻ്റെ കാരണങ്ങൾ അവരുടെ വിശദീകരിക്കണമെന്നും പറയുന്നു. സ്‌കൂളുകളിൽ അധ്യാപകർ ജോലി സംബന്ധമായ ആവശ്യങ്ങൾക്കല്ലാതെ ഫോൺ ഉപയോഗിക്കരുതെന്ന് വ്യക്തമാക്കി.
സ്കൂളുകളിലെ ഫോൺ നിരോധനത്തിൽ രക്ഷിതാക്കളും പങ്കാളികളാകേണ്ടതുണ്ട്, വിദ്യാർത്ഥികളുമായി നേരിട്ട് ബന്ധപ്പെടുന്നതിന് പകരം അവർ സ്കൂൾ ഓഫീസ് വഴി ബന്ധപ്പെടണമെന്ന് ഓർമ്മപ്പെടുത്തുന്നു.
"മൊബൈൽ ഫോൺ ഉപയോഗത്തിൻ്റെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ മിക്ക സ്‌കൂളുകളിലും നയങ്ങൾ നിലവിലുണ്ട് എന്നതിനാൽ ഈ മാർഗ്ഗനിർദ്ദേശം വലിയ മാറ്റമായി കാണാനാകില്ല എന്ന് മാത്രമല്ല ഇത് വിദ്യാഭ്യാസം നേരിടുന്ന നിരവധി പ്രശ്‌നങ്ങളിൽ നിന്ന് വ്യതിചലിപ്പിക്കുകയും ചെയ്യും" നാഷണൽ എജ്യുക്കേഷൻ യൂണിയൻ ജനറൽ സെക്രട്ടറി ഡാനിയേൽ കെബെഡെ പറഞ്ഞു.
എന്നാൽ, എസ്സെക്സ് സീരീസിലൂടെ പ്രസിദ്ധമായ ഹാർലോവിലെ പാസ്‌മോർസ് അക്കാദമി ഉൾപ്പെടെ, എസെക്‌സിലെ രണ്ട് സ്‌കൂളുകളുടെ എക്‌സിക്യൂട്ടീവ് പ്രിൻസിപ്പൽ വിക് ഗൊദാർഡിന്റെ വാക്കുകൾ അനുസരിച്ച്, പാസ്‌മോറുകൾ സ്കൂൾ അടുത്തിടെ ഫോണുകൾക്ക് പൂർണ്ണമായ നിരോധനം ഏർപ്പെടുത്തിയിരുന്നതായും അതിന് മാതാപിതാക്കളുടെയും വിദ്യാർത്ഥികളുടെയും ഇടയിൽ നിന്നും പോസിറ്റീവ് ആയ പ്രതികരണങ്ങളാണ് ലഭിച്ചതെന്നും പറഞ്ഞു.
“കുട്ടിക്കാലത്ത് ഫോണുകൾ ഉപയോഗിക്കാതിരുന്ന മാതാപിതാക്കളുടെ ഒരു തലമുറ നമുക്കുണ്ട്. കുട്ടികൾക്ക് ഒരു ഫോൺ നൽകുന്നത് അവരെ സുരക്ഷിതമായി സൂക്ഷിക്കുകയാണെന്ന് ഞങ്ങൾ കരുതി. പക്ഷെ യഥാർത്ഥത്തിൽ, അത് അവരെ ഓൺലൈൻ ഉപദ്രവത്തിൻ്റെയും സമ്മർദ്ദത്തിൻ്റെയും ലോകത്തേക്കാണ് നയിക്കുന്നത്" അദ്ദേഹം കൂട്ടിച്ചേർത്തു.
മൊബൈൽ ഫോണുകൾ സർവ്വവ്യാപിയായേക്കാം, എന്നാൽ ഒരു കുട്ടിയുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ വികസനത്തിന് അവ എത്രത്തോളം ദോഷകരമാകുമെന്ന് ശക്തവും ധാരണ ഞങ്ങൾക്കുണ്ടെന്നാണ് സ്കൂൾ പെരുമാറ്റത്തെക്കുറിച്ചുള്ള ഡിഫ്എ യുടെ ഉപദേശകനായ ടോം ബെന്നറ്റ് പ്രതികരിച്ചത്.