/sathyam/media/media_files/2026/01/23/g-2026-01-23-04-21-59.jpg)
വാര്‍സോ: പോളണ്ടിന് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിനേക്കാള്‍ സ്വര്‍ണ്ണശേഖരമുണ്ടെന്ന് റിപ്പോര്‍ട്ട്. യൂറോപ്യന്‍ സാമ്പത്തിക ഘടനയില്‍ പോളണ്ടിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതാണ് ഈ സുവര്‍ണ്ണ നേട്ടം.
നാഷണല്‍ ബാങ്ക് ഓഫ് പോളണ്ട് അതിന്റെ കരുതല്‍ സ്വര്‍ണ്ണശേഖരം 550ടണ്ണായി വര്‍ദ്ധിപ്പിച്ചു. 63 ബില്യണ്‍ യൂറോയില്‍ കൂടുതലാണ് അതിന്റെ മൂല്യം.ഇസിബിയുടെ സ്വര്‍ണ്ണ ശേഖരം 506.5 ടണ്‍ മാത്രമേയുള്ളു. ഈ പശ്ചാത്തലത്തില്‍ എന്‍ ബി പിയുടെ ഈ കരുതല്‍ സ്വര്‍ണ്ണം യൂറോപ്യന്‍ സാമ്പത്തിക ഘടനയില്‍ പോളണ്ടിന്റെ ഇടം കൂടുതല്‍ ഭദ്രമാക്കുന്നു.
നാഷണല്‍ ബാങ്ക് ഓഫ് പോളണ്ടിന്റെ പ്രസിഡന്റ് ആദം ഗ്ലാപിന്‍സ്‌കിയാണ് സ്വര്‍ണ്ണം കരുതല്‍ ശേഖരമാക്കുന്നതില്‍ പ്രത്യേക പങ്ക് വഹിക്കുന്ന വ്യക്തിയെന്നാണ് കരുതുന്നത്.
700 ടണ്‍ സ്വര്‍ണ്ണ ശേഖരം ഉറപ്പാക്കി മൊത്തം മൂല്യം 400 ബില്യണ്‍ പി എല്‍ എന്‍ (94 ബില്യണ്‍) ആക്കണമെന്നാണ് എന്‍ ബി പിയുടെ അഭിലാഷം. ജനുവരിയില്‍ കരുതല്‍ ശേഖരം 700 ടണ്‍ ബുള്ളിയനായി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു പ്രമേയം അംഗീകരിക്കാന്‍ ബോര്‍ഡിനോട് ആവശ്യപ്പെടുമെന്ന് ഗ്ലാപിന്‍സ്‌കി വ്യക്തമാക്കിയിരുന്നു.
മറ്റ് രാജ്യങ്ങളുടെ പണ നയ തീരുമാനങ്ങളില്‍ നിന്ന് സ്വതന്ത്രമായി ക്രെഡിറ്റ് റിസ്‌ക് ഇല്ലാത്തതും സാമ്പത്തിക ആഘാതങ്ങളെ പ്രതിരോധിക്കുന്നതുമായ ആസ്തിയായാണ് സ്വര്‍ണ്ണത്തെ എന്‍ ബി പി കാണുന്നത്.ഉയര്‍ന്ന സ്വര്‍ണ്ണ കരുതല്‍ പോളിഷ് സമ്പദ്വ്യവസ്ഥയുടെ സ്ഥിരതയും ഉറപ്പാക്കുന്നു.
2024ല്‍ പോളണ്ടിന്റെ വിദേശനാണ്യ കരുതല്‍ ശേഖരത്തിന്റെ 16.86% സ്വര്‍ണ്ണമായിരുന്നു. 2025 ഡിസംബര്‍ അവസാനത്തോടെ ഇത് 28.22% ആയി ഉയര്‍ന്നു, ലോകമെമ്പാടുമുള്ള സെന്‍ട്രല്‍ ബാങ്കുകള്‍ക്കിടയിലെ കരുതല്‍ ശേഖര ഘടനയിലെ ഏറ്റവും വേഗതയേറിയ മാറ്റങ്ങളിലൊന്നാണിത്.
2025 ലെ അവസാന മാസങ്ങളില്‍, ഉയര്‍ന്ന വിപണി അസ്ഥിരതയും ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും ഉണ്ടായ കാലഘട്ടത്തിലാണ് ഏറ്റവും വലിയ ഇടപാടുകള്‍ നടന്നതെന്നതും ശ്രദ്ധേയം.ഈ ഘട്ടത്തിലും ഗ്ലാപിന്‍സ്‌കിയുടെ മുന്‍കൈയില്‍ എന്‍ബിപി മാനേജ്മെന്റ് ബോര്‍ഡ് സ്വര്‍ണ്ണത്തിന്റെ വിഹിതം കൂടുതല്‍ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
സെന്‍ട്രല്‍ ബാങ്കുകളില്‍ ആഗോള സ്വര്‍ണ്ണ ശേഖരണ പ്രവണത തുടരുകയാണെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ വിശകലനം വ്യക്തമാക്കുന്നു.2025ല്‍ നടന്ന കൗണ്‍സിലിന്റെ സര്‍വേയില്‍ പങ്കെടുത്ത ബാങ്കുകളില്‍ 95%വും ഒരു വര്‍ഷത്തിനുള്ളില്‍ ആഗോള സ്വര്‍ണ്ണ ശേഖരം വര്‍ദ്ധിക്കുമെന്ന് സൂചന നല്‍കിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us