/sathyam/media/media_files/2025/03/18/ktgaGTagsj1fpNRoktXb.jpg)
ബര്‍ലിന്‍: പുതിയ സഖ്യകക്ഷി സര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ പോകുകയാണ് ജര്‍മനിയില്‍. വോട്ടവകാശമുള്ളവരും ഇല്ലാത്തവരുമായി ഇന്ത്യക്കാരടക്കം അനവധി വിദേശികള്‍ ഇന്ന് ജര്‍മനിയില്‍ താമസക്കാരാണ്. താത്പര്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും ജര്‍മനിയിലെ ആഭ്യന്തര രാഷ്ട്രീയം അവരെ കൂടി ബാധിക്കുന്നതുമാണ്. കാരണം, കുടിയേറ്റ നയങ്ങളിലടക്കം കാതലായ മാറ്റങ്ങള്‍ വരുത്താനാണ് സി ഡി യു ~ സി എസ് യു ~ എസ് പി ഡി സഖ്യം തയാറെടുക്കുന്നത്.
അടുത്ത സര്‍ക്കാരില്‍നിന്ന് എന്താണ് പ്രതീക്ഷിക്കാനുള്ളതെന്ന് വ്യക്തമാക്കുന്ന 11 പേജ് രേഖ എസ് പി ഡി പുറത്തുവിട്ടു കഴിഞ്ഞു. കുടിയേറ്റ നിയമങ്ങള്‍ കര്‍ക്കശമാക്കുന്നതു മുതല്‍, മിനിമം വേതനം ഉയര്‍ത്തുന്നതും മധ്യവര്‍ഗത്തിനു മേലുള്ള നികുതിഭാരം കുറയ്ക്കുന്നതും വരെയുള്ള നിര്‍ദേശങ്ങള്‍ ഇതിലുണ്ട്.
അതേസമയം, ജര്‍മനിയില്‍ താമസിക്കുന്ന വിദേശികള്‍ ഇതിനൊപ്പം കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് ഇരട്ട പൗരത്വം, വീട്ടു വാടക, ജീവിതച്ചെലവ് തുടങ്ങിയ വിഷയങ്ങളില്‍ കൂടിയാണ്. കുടിയേറ്റക്കാര്‍ക്കെതിരായ കടുത്ത നടപടികളെയും ഫാസിസ്ററ് മുന്നേറ്റത്തെയും അവര്‍ ആശങ്കയോടെ കാണുന്നു.
ഇതു സംബന്ധിച്ചു നടത്തിയ സര്‍വേകളില്‍ കുടിയേറ്റക്കാര്‍ ആവര്‍ത്തിച്ച് ഉന്നയിച്ച ആശങ്കകള്‍ ഈ നാലു കാര്യങ്ങളിലാണ്:
1. ഇരട്ട പൗരത്വത്തിന്റെ ഭാവി
2. വര്‍ധിക്കുന്ന ജീവിതച്ചെലവ്
3. കുടിയേറ്റ നയം
4. തീവ്ര വലതുപക്ഷത്തിന്റെ വളര്‍ച്ച
കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയ ഇരട്ട പൗരത്വ സൗകര്യം കണ്‍സര്‍വേറ്റീവുകള്‍ പിന്‍വലിക്കുമെന്ന ആശങ്ക ശക്തമാണ്. ന്യൂട്രലൈസേഷനുള്ള വ്യവസ്ഥകള്‍ വലിയ അളവില്‍ ലഘൂകരിക്കാന്‍ ഇരട്ട പൗരത്വ സംവിധാനം സഹായിച്ചിരുന്നു. പഴയ പൗരത്വം ഉപേക്ഷിക്കാതെ തന്നെ ജര്‍മന്‍ പൗരത്വം സ്വീകരിക്കാനുള്ള അവകാശമാണിത്. ഇതു നടപ്പാക്കിയ എസ് പി ഡി അടുത്ത സര്‍ക്കാരിന്റെയും മുന്നണി പങ്കാളിയായിരിക്കും എന്നതിനാല്‍ പെട്ടെന്ന് ഇതു പിന്‍വലിക്കാന്‍ സാധ്യതയില്ലെന്ന് ആശ്വസിക്കാം.
രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടച്ചിടാന്‍ ആഗ്രഹിക്കുന്ന തീവ്ര വലതുപക്ഷം അധികാരത്തിലെത്തിയിട്ടില്ല. എന്നാല്‍, അവര്‍ ഈ തെരഞ്ഞെടുപ്പോടെ പാര്‍ലമെന്റിലെ രണ്ടാമത്തെ വലിയ ഒറ്റക്കക്ഷിയായി മാറിക്കഴിഞ്ഞു. അതിനാല്‍ തന്നെ അവര്‍ മുന്നോട്ടുവയ്ക്കുന്ന കുടിയേറ്റ വിരുദ്ധ ഇസ്ളാം വിരുദ്ധ നിലപാടുകള്‍ ഭരണമുന്നണിക്ക് പൂര്‍ണമായി തള്ളിക്കളയാന്‍ സാധിക്കില്ല.
അംഗല മെര്‍ക്കല്‍ ചാന്‍സലറായിരിക്കെ സ്വീകരിച്ച ഉദാരമായ കുടിയേറ്റ ~ അഭയാര്‍ഥിത്വ നയങ്ങളാണ് തീവ്ര വലതുപക്ഷത്തിന്റെ വാദങ്ങളെ ശക്തിപ്പെടുത്തിയതെന്ന ധാരണ ശക്തമാണ്. അതിനാല്‍ തന്നെ വലതുപക്ഷത്തോളം വരില്ലെങ്കിലും, യാഥാസ്ഥിതിക മുന്നണിയും കുടിയേറ്റ നിയന്ത്രണം ശക്തിപ്പെടുത്തുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us