വത്തിക്കാന്‍ സിറ്റി: ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ വെടനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെ ലിയോ പതിനാലാമന്‍ മാര്‍പാപ്പ സ്വാഗതം ചെയ്തു. ചുമതലയേറ്റ ശേഷമുള്ള തന്റെ ആദ്യത്തെ ഞായറാഴ്ച കുര്‍ബാനയിലായിരുന്നു മാര്‍പാപ്പയുടെ പരാമര്‍ശം.
ലോകത്തുടനീളമുള്ള സംഘര്‍ഷങ്ങളെ കുറിച്ചും ലിയോ മാര്‍പാപ്പ പ്രസംഗത്തില്‍ പറഞ്ഞു. മണ്‍മറഞ്ഞ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അതേ നിലപാടുകള്‍ തന്നെയാണ് പിന്‍ഗാമിയായ തന്റേതെന്നും ഉറപ്പിക്കുന്ന വാക്കുകളായിരുന്നു ലിയോ മാര്‍പാപ്പയുടെതും. ലോകത്തെ നശിപ്പിക്കുന്ന സംഘര്‍ഷങ്ങളെ അപലപിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകളും ലിയോ മാര്‍പാപ്പ ഉദ്ധരിച്ചു. ഇനിയൊരു യുദ്ധം ഒരിക്കലും ഉണ്ടായിക്കൂടാ എന്നും അദ്ദേഹം എടുത്തുപറഞ്ഞു.
ഗാസയിലെ കഷ്ടതയനുഭവിക്കുന്ന ജനതയെയും യുക്രെയ്നില്‍ യുദ്ധം തളര്‍ത്തിയ ജനലക്ഷങ്ങളെയും അദ്ദേഹം പ്രസംഗത്തില്‍ സൂചിപ്പിച്ചു. ലോകമെങ്ങും സമാധാനമെന്ന അത്ഭുതം സംഭവിക്കാനായി താന്‍ ദൈവത്തോട് പ്രാര്‍ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിന് വിശ്വാസികളാണ് സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ പുതിയ മാര്‍പാപ്പയുടെ പ്രസംഗം കേള്‍ക്കാന്‍ ഒത്തുകൂടിയത്. മേയ് എട്ടിനാണ് ലിയോ പതിനാലാമന്‍ പുതിയ മാര്‍പാപ്പയായി ചുമതലയേറ്റത്.