/sathyam/media/media_files/2025/05/13/ySZnartnC1MF3x5M80lQ.jpg)
മോസ്കോ: യുക്രെയ്നുമായി നേരിട്ടു ചര്‍ച്ച നടത്താന്‍ തയാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍. മൂന്നു വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ഉപാധികളില്ലാതെ ചര്‍ച്ച നടത്താമെന്നും, തുര്‍ക്കിയിലെ ഇസ്താംബുള്‍ ഇതിനു വേദിയാക്കാമെന്നും പുടിന്‍ പറയുന്നു. 30 ദിവസത്തെ വെടിനിര്‍ത്തല്‍ നടപ്പാക്കിയില്ലെങ്കില്‍ റഷ്യക്കെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍, പോളണ്ട് തുടങ്ങിയ രാഷ്ട്രത്തലവന്മാര്‍ മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് പുടിന്റെ നീക്കം.
റഷ്യന്‍ നിര്‍ദേശത്തെ യുക്രെയ്ന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലന്‍സ്കി സ്വാഗതം ചെയ്തു. എന്നാല്‍, സമാധാന ചര്‍ച്ചക്ക് മുമ്പ് റഷ്യ തിങ്കളാഴ്ച മുതല്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. റഷ്യയുടെ തീരുമാനം ശുഭ സൂചനയാണെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഫ്രീഡ്റിച്ച് മെര്‍സ് പ്രതികരിച്ചു. ചര്‍ച്ചക്ക് മുമ്പ് ആക്രമണം അവസാനിപ്പിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. റഷ്യ ഉടന്‍ നിരുപാധിക വെടിനിര്‍ത്തല്‍ നടപ്പാക്കുമെന്ന തീരുമാനത്തിനായി ലോകം മുഴുവന്‍ കാത്തിരിക്കുകയാണെന്ന് പോളണ്ട് പ്രധാനമന്ത്രി ഡോണള്‍ഡ് ടസ്ക് പറഞ്ഞു.
ശനിയാഴ്ച ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, പോളണ്ട് എന്നീ രാജ്യങ്ങളിലെ നേതാക്കള്‍ കീവിലേക്ക് നടത്തിയ സന്ദര്‍ശനത്തിനിടെ 30 ദിവസത്തെ വെടിനിര്‍ത്തല്‍ ആവശ്യം ഉന്നയിച്ചിരുന്നു. ഇവര്‍ സെലെന്‍സ്കിയുമായി ചേര്‍ന്ന് സംയുക്ത പത്രസമ്മേളനം നടത്തി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഫോണില്‍ വിളിക്കുകയും ചെയ്തു.
യുക്രെയ്നില്‍ നിരുപാധികമായ 30 ദിവസത്തെ വെടിനിര്‍ത്തലിന് യൂറോപ്യന്‍ നേതാക്കള്‍ ആഹ്വാനം ചെയ്യുന്നുവെന്നും പുടിന്‍ വാഗ്ദാനം നിരസിച്ചാല്‍, തങ്ങള്‍ പ്രതികരിക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്ററാര്‍മര്‍ പറഞ്ഞു. പ്രസിഡന്റ് ട്രംപുമായും തങ്ങളുടെ എല്ലാ പങ്കാളികളുമായും സഹകരിച്ച് ഉപരോധങ്ങള്‍ വര്‍ധിപ്പിക്കും. റഷ്യയെ വീണ്ടും ചര്‍ച്ചയിലേക്ക് സമ്മര്‍ദ്ദം ചെലുത്താന്‍ യുക്രെയ്നിന്റെ പ്രതിരോധത്തിനുള്ള സൈനിക സഹായം വര്‍ധിപ്പിക്കുമെന്നും കെയര്‍ സ്ററാര്‍മര്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us