മോസ്കോ: ഒരു പ്രകോപനവുമില്ലാതെ യു.എസ് ഇറാന്റെ മേല്‍ നടത്തിയ ആക്രമണം ന്യായീകരിക്കാനാവാത്തതാണെന്ന റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍. ഇറാനുമായി റഷ്യക്ക് അടുത്ത ബന്ധമാണുള്ളതെന്നും ഇറാന്‍ ജനതയെ സഹായിക്കാനുള്ള ശ്രമങ്ങളെല്ലാം നടത്തുമെന്നും പുടിന്‍ പ്രഖ്യാപിച്ചു.
മോസ്കോയില്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജിയുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷമാണ് പുടിന്‍റെ പ്രതികരണം. ഇസ്രായേലിന്റെയും അമേരിക്കയുടെയും ആക്രമണം നിയമവിരുദ്ധവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് അറാഖ്ജി പറഞ്ഞു.
ഇറാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ സഹായിക്കാന്‍ ഒരുക്കമാണെന്ന് റഷ്യന്‍ വക്താവ് ദിമിത്രി പെസ്കോവ് നേരത്തെ വ്യക്തമാക്കിയിരുന്നു. മധ്യസ്ഥതയ്ക്കും റഷ്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്. റഷ്യന്‍ പ്രസിഡന്റ് വ്ലദിമിര്‍ പുടിനും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള സമീപകാല സംസാരങ്ങളില്‍ ഇറാന്‍ പ്രധാന വിഷയമായിരുന്നെന്നും പെസ്കോവ് കൂട്ടിച്ചേര്‍ത്തു.
ഇറാനും റഷ്യയും തമ്മില്‍ തന്ത്രപരമായ സഹകരണത്തിനുള്ള കരാര്‍ നിലവിലുണ്ട്. എന്നാല്‍, ഇതുപ്രകാരം ഒരു രാജ്യം ആക്രമിക്കപ്പെട്ടാല്‍ സൈനികമായി സഹായിക്കാന്‍ വ്യവസ്ഥയില്ല. അതേസമയം, അക്രമി രാഷ്ട്രത്തിന്റെ കൂടെ കൂടാതിരിക്കാനും ആവശ്യമായ മധ്യസ്ഥതക്ക് ശ്രമിക്കാനും വ്യവസ്ഥയുണ്ട്.