മോസ്കോ: ഇറാന് നേരിട്ട് ആണവായുധം നല്‍കാന്‍ തയാറുള്ള ഒന്നിലേറെ രാജ്യങ്ങളുണ്ടെന്ന് റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ദിമിത്രി മെദ്വദേവ്. എന്നാല്‍, രാജ്യങ്ങളുടെ പേര് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. അമേരിക്ക ഒരു പുതിയ ഏറ്റുമുട്ടലിന് തുടക്കംകുറിച്ചിരിക്കുന്നു. സമാധാനമുണ്ടാക്കുന്ന, സമാധാന നൊബേലിന് ശ്രമിക്കുന്ന പ്രസിഡന്റാണ് ആക്രമണത്തിന് ഉത്തരവിട്ടത്. സൈനിക ലക്ഷ്യം നേടുന്നതില്‍ അവര്‍ പരാജയപ്പെട്ടിരിക്കുന്നു. ആണവ കേന്ദ്രത്തിന് ചെറിയ കേടുപാടുകളേ സംഭവിച്ചിട്ടുള്ളൂ. യുറേനിയം സമ്പുഷ്ടീകരണം തുടരാന്‍ കഴിയും. രാഷ്ട്രീയമായും ഇറാന്‍ ശക്തിയാര്‍ജിച്ചു. നേരത്തേ വിമര്‍ശിച്ചിരുന്നവര്‍ വരെ രാഷ്ട്ര നേതൃത്വത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് റാലി നടത്തുന്നതാണ് കാണുന്നതെന്നും മെദ്വദേവ്.
ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചത് നിരുത്തരവാദപരമായ പ്രവര്‍ത്തനവും അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എന്‍ ചാര്‍ട്ടറിന്റെയും രക്ഷാസമിതി പ്രമേയങ്ങളുടെയും ലംഘനവുമാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ""ഒരു പരമാധികാര രാഷ്ട്രത്തെ ആക്രമിക്കുന്നത് എന്ത് ന്യായം പറഞ്ഞാലും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. ഇത്തരം ഇടപെടലുകള്‍ അംഗീകരിക്കാനാവില്ല. ആണവ നിര്‍വ്യാപന കരാറിന്റെയും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ പരിശോധന സംവിധാനങ്ങളുടെയും വിശ്വാസ്യത തകര്‍ക്കുന്ന നടപടിയാണിത്. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയും യു.എന്‍ രക്ഷാസമിതിയും വിഷയത്തില്‍ പ്രതികരിക്കണം'' ~റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
അമേരിക്കയുടേത് അപകടകരമായ ആക്രമണമാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. "ഈ സംഘര്‍ഷം നിയന്ത്രണാതീതമാവുകയാണ്. മേഖലയിലെയും ലോകത്തെയും ജനങ്ങള്‍ക്ക് ഏറെ പ്രയാസകരമായ സാഹചര്യമാണിത്' ~അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആണവകേന്ദ്രങ്ങള്‍ക്കു നേരെ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി തിങ്കളാഴ്ച റഷ്യ സന്ദര്‍ശിക്കും. പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായി സംസാരിക്കും. റഷ്യ തങ്ങളുടെ വിശ്വസ്ത സുഹൃത്താണെന്നും അവരുമായി എപ്പോഴും കൂടിയാലോചിക്കാറുണ്ടെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി ഞായറാഴ്ച പ്രതികരിച്ചു.