/sathyam/media/media_files/2025/07/29/otfxg-2025-07-29-05-51-36.jpg)
ഓട്ടവ: കാനഡയിലെ മാനിറ്റോബയിൽ വിമാനാപകടത്തിൽ മരിച്ച മലയാളി യുവാവ് ശ്രീഹരി സുകേഷിന്റെ (23) സംസ്കാരം നടത്തി. ഡൽഹിയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ ഞായറാഴ്ച രാവിലെ 8.10ന് കൊച്ചിയിലെത്തിച്ച മൃതദേഹം വിമാനത്താവളത്തിൽ ബന്ധുക്കൾ ഏറ്റുവാങ്ങി.
തൃപ്പൂണിത്തുറ ന്യു റോഡിലെ കൃഷ്ണ എൻക്ലേവിൽ പൊതുദർശനത്തിനു വച്ച ശേഷമായിരുന്നു തൃപ്പൂണിത്തുറ ശ്മശാനത്തിൽ സംസ്കാരം നടത്തിയത്. കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി കെ.വി. തോമസ്, ഹൈബി ഈഡൻ എംപി, നഗരസഭാധ്യക്ഷ രമ സന്തോഷ് തുടങ്ങിയവർ വീട്ടിൽ എത്തി അന്തിമോപചാരം അർപ്പിച്ചു. സുഹൃത്തുക്കളും അധ്യാപകരും ബന്ധുക്കളുമായി ഒട്ടേറെ ആളുകളാണ് ശ്രീഹരിയെ അവസാനമായി ഒരു നോക്ക് കാണാൻ വീട്ടിൽ എത്തിയത്.
ജൂലൈ 8-ന് രാവിലെ എട്ടരയോടെ മാനിറ്റോബ ഹാനോവറിലെ റൂറൽ മുനിസിപ്പാലിറ്റിയിലായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ കാനഡ സ്വദേശിനി സാവന്ന മേയ് റോയ്‌സും മരിച്ചിരുന്നു. 2023-ലാണ് ഫ്ലൈറ്റ് ട്രെയിനിങ് കോഴ്സ് പഠിക്കുന്നതിനായി ശ്രീഹരി കാനഡയിലെത്തിയത്. സെൻട്രൽ ബാങ്ക് ഉദ്യോഗസ്ഥനായ സുകേഷിന്റെയും യുഎസ്ടി ഗ്ലോബൽ ഉദ്യോഗസ്ഥ ദീപയുടെയും മകനാണ് ശ്രീഹരി. പ്ലസ് ടു വിദ്യാർഥിനിയാണ് സഹോദരി സംയുക്ത.