/sathyam/media/media_files/2026/01/29/c-2026-01-29-03-50-50.jpg)
ഡബ്ലിന്‍: പതിറ്റാണ്ടുകളുടെ ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ദ്വിമുഖ വ്യാപാര കരാറിലെത്തിയിരിക്കുകയാണ്. അയര്‍ലണ്ടിന് ഇതിലൂടെ എന്ത് ഗുണമാണ് ഉണ്ടാവുകയെന്ന് വ്യാപാര സമൂഹം ഉറ്റുനോക്കുകയാണ്. ഏകദേശം രണ്ട് ബില്യണ്‍ ഉപഭോക്താക്കളുള്ള സംയുക്ത വിപണിയാണ് ഇവിടെ തുറക്കുന്നത്. ആഗോള സാമ്പത്തിക പ്രവര്‍ത്തനത്തിലെ ഓരോ നാല് യൂറോയിലും ഒരു യൂറോ വീതം ഇവിടെ വിനിമയം ചെയ്യപ്പെടുന്നു..
ചൊവ്വാഴ്ച ഒപ്പുവച്ച കരാര്‍ ഔദ്യോഗികമായി നിലവില്‍ വരാന്‍ ആറ് മാസമെടുക്കുമെന്നാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.ചിലപ്പോള്‍ ഒരു വര്‍ഷത്തിനുള്ളില്‍ കരാര്‍ നടപ്പിലായേക്കാം. അതല്ലെങ്കില്‍ കൂടുതല്‍ സമയമെടുക്കാനുമിടയുണ്ട്.
യു എസ് വിപണിയിലേക്കുള്ള പ്രവേശനം കുറയ്ക്കുന്നത് ഇരുപക്ഷത്തിന്റെയും ലക്ഷ്യമായതിനാല്‍ കൂടുതല്‍ വേഗത്തില്‍ നടപടിയെടുത്തേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യൂറോപ്യന്‍ യൂണിയനും ഇ യൂ കൗണ്‍സിലും ഈ കരാര്‍ അംഗീകരിക്കേണ്ടതുണ്ട്.
ഈ ഡീലില്‍ സംഭവിക്കുന്നത് ഇതൊക്കെയാണ്…
വിസ്‌കി ‘തകര്‍ക്കും’,
അയര്‍ലണ്ടിനെ സംബന്ധിച്ചിടത്തോളം വിസ്‌കി നിര്‍മ്മാതാക്കളായിരിക്കും പ്രധാന ഗുണഭോക്താക്കള്‍. ഇന്ത്യയിലേക്കുള്ള ഐറിഷ് വിസ്‌കി കയറ്റുമതിയ്ക്ക് നിലവില്‍ 150% താരിഫാണ്.കരാറിനെത്തുടര്‍ന്ന് ഇത് 75% ആയി കുറയും.ആറ് – ഏഴ് വര്‍ഷത്തിനുള്ളില്‍ ഇത് 40% ആകും.ബിയറിന്റെ തീരുവയും കുറയുമെങ്കിലും അത് ഇവിടെ വലിയ സ്വാധീനം ചെലുത്താന്‍ സാധ്യതയില്ലെന്നാണ് കരുതുന്നത്.
ഔഷധ വിപണി സ്വതന്ത്രമാകും, യൂറോപ്യന്‍ വിലയില്‍ ഇന്ത്യയില്‍ മരുന്ന്
ഇന്ത്യന്‍ ഔഷധ വിപണിയിലേക്ക് പ്രവേശനം നേടുന്നത് അയര്‍ലണ്ടിന് മറ്റൊരു നേട്ടമാകും.ഇന്ത്യയിലേക്കുള്ള യൂറോപ്യന്‍ യൂണിയന്‍ കെമിക്കല്‍ കയറ്റുമതിയുടെ മിക്ക താരിഫുകളും ഇല്ലാതാകും. നിലവില്‍ അത് 22 ശതമാനമാണ്. ഫാര്‍മസ്യൂട്ടിക്കല്‍ കയറ്റുമതിയില്‍ നിലവില്‍ 11 ശതമാനം താരിഫാണുള്ളത്. അടുത്ത അഞ്ച് മുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ ഘട്ടംഘട്ടമായി ഇത് ഇല്ലാതാക്കും. ഇന്ത്യന്‍ വിപണിയില്‍ ഇപ്പോള്‍ ലഭിക്കുന്ന വിലയ്ക്ക് തന്നെ യൂറോപ്യന്‍ മരുന്നുകള്‍ ലഭ്യക്കുകയാണ് ഇതിന്റെ ലക്ഷ്യം.മാത്രമല്ല,കൂടുതല്‍ സംയുക്ത വ്യവസായങ്ങള്‍ ഈ മേഖലയില്‍ ഉണ്ടായേക്കും.
സര്‍വ്വീസ് മേഖലയ്ക്കും ഗുണമാകും
സര്‍വ്വീസ് മേഖലയാണ് ഐറിഷ് സമ്പദ്വ്യവസ്ഥയുടെ ഏറ്റവും വലിയ ഘടകം. സാമ്പത്തിക, പ്രൊഫഷണല്‍ സര്‍വ്വീസുകളുള്‍പ്പെടെ ഇന്ത്യന്‍ വിപണികളിലേക്കുള്ള പ്രവേശനത്തിലൂടെ കൂടുതല്‍ പ്രയോജനം നേടും.ഇന്ത്യന്‍ മാനവശേഷിയ്ക്ക് യൂറോപ്പിലേക്കും പ്രവേശനവഴിയുണ്ടാവും.
യൂറോപ്യന്‍ കാറുകള്‍ പറക്കും… ഇന്ത്യന്‍ കാറുകള്‍ പമ്മും
യൂറോപ്പിന്റെ ബാക്കി ഭാഗങ്ങളില്‍ കാര്‍ നിര്‍മ്മാതാക്കളെ സംബന്ധിച്ചും വലിയ അവസരമാണ് ഈ കരാര്‍ കൊണ്ടുവരിക.യൂറോപ്യന്‍ ബ്രാന്‍ഡുകള്‍ക്ക് ആദ്യമായി വലിയൊരു വിപണിയാണ് ഇന്ത്യ തുറക്കുക. ഇന്ത്യന്‍ കാര്‍ നിര്‍മ്മാതാക്കള്‍ക്ക് ഇത് ദോഷം ചെയ്തേക്കും.മിക്ക യൂറോപ്യന്‍ കാറുകള്‍ക്കും ഇനി ഇന്ത്യന്‍ വിപണിയില്‍ വി ഐ പി സ്ഥാനം നഷ്ടപ്പെടും.
2,50,000 വരെയുള്ള യൂറോപ്യന്‍ നിര്‍മ്മിത വാഹനങ്ങളുടെ ക്വാട്ടയുടെ താരിഫ് 110 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറയും. കാര്‍ പാര്‍ട്‌സുകളുടെ താരിഫ് 10 വര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണമായും ഒഴിവാകും.കരാര്‍ വന്നതോടെ ഇന്ത്യന്‍ കാര്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര & മഹീന്ദ്രയുടെ ഓഹരികള്‍ 4.2 ശതമാനം ഇടിഞ്ഞു. ഇന്ത്യന്‍ വസ്ത്ര വ്യവസായത്തിന് കരാര്‍ മെച്ചമാകുമെന്നാണ് കരുതുന്നത്.
വസ്ത്ര വ്യാപാരത്തിന്റെ ‘ഫാഷന്‍’ മാറും
ആഗോള ഫാഷന്‍ വ്യാപാരത്തിന്റെ കേന്ദ്രമാണ് യൂറോപ്യന്‍ യൂണിയന്‍.ഇവിടേയ്ക്കുള്ള കയറ്റുമതിയില്‍ പൂജ്യം താരിഫ് ഏര്‍പ്പെടുത്തുന്നത് ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ക്ക് വന്‍ നേട്ടമാകും.വസ്ത്ര വ്യാപാരത്തില്‍ ബംഗ്ലാദേശ്, വിയറ്റ്നാം, തുര്‍ക്കി എന്നിവയുമായി ഇന്ത്യ മത്സരത്തിലാണ്.നിലവില്‍ യൂറോപ്യന്‍ യൂണിയന്‍ വിപണിയുടെ 5 ശതമാനത്തോളമാണ് ഈ ഇറക്കുമതി .ഐറിഷ് ഫാഷനെയും ഈ കരാര്‍ പ്രോത്സാഹിപ്പിക്കുമെന്നാണ് കരുതുന്നത്. ഇവിടെ ഡിസൈന്‍ ചെയ്ത് ഏഷ്യയില്‍ കമ്മീഷന്‍ ചെയ്യുന്ന ഐറിഷ് ബ്രാന്റുകളുടെ വിതരണ ശൃംഖലകള്‍ വൈവിധ്യവല്‍ക്കരിക്കാന്‍ കരാര്‍ വഴിയൊരുക്കും.
ലെതര്‍ ,ഫുട്ട് വെയര്‍,ആഭരണ വിപണിയ്ക്ക് ബൂസ്റ്റ്
ലെതര്‍ ,ഫുട്ട് വെയര്‍ എന്നിവയുടെ 17 ശതമാനമായിരുന്ന താരിഫ് ഒഴിവാക്കും. യു എസ് വിപണിയിലേക്കുള്ള പ്രവേശനം നഷ്ടപ്പെട്ട ആഭരണ രത്ന വിപണിയ്ക്കും കരാര്‍ ബൂസ്റ്റ് നല്‍കും.
സ്വര്‍ണ്ണക്കടകള്‍ തുടങ്ങാം !, ഇറക്കുമതി നികുതിയില്ല
ഇന്ത്യയില്‍ നിന്നുള്ള രത്നങ്ങളുടെയും ആഭരണങ്ങളുടെയും ഇറക്കുമതിക്ക് യൂറോപ്യന്‍ യൂണിയന്‍ ഡ്യൂട്ടി-ഫ്രീ ആക്‌സസ് ലഭിക്കും. ഇന്ത്യന്‍ ആഭരണങ്ങള്‍ യൂറോപ്പില്‍ നികുതിയില്ലാതെ വില്‍ക്കാന്‍ അവസരം ലഭിക്കും, ഇന്ത്യന്‍ ജ്വല്ലറികള്‍ യൂറോപ്പില്‍ വര്‍ധിക്കാനുള്ള പ്രവണത ഇതുവഴി ലഭ്യമാകും.
മത്സ്യബന്ധന മേഖലയിലും മാറ്റം
മത്സ്യബന്ധന മേഖലയില്‍ ഈ കരാര്‍ മത്സരം വര്‍ദ്ധിപ്പിക്കും. ഇന്ത്യന്‍ സമുദ്രോത്പന്ന കയറ്റുമതിക്കാര്‍ക്ക് ചെമ്മീന്‍, ശീതീകരിച്ച മത്സ്യം, മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ തുടങ്ങിയവയില്‍ മുന്‍ഗണന ലഭിക്കും.ഇതുവഴി ഇന്ത്യന്‍ കടല്‍മത്സ്യങ്ങള്‍ (ചെമ്മീന്‍, ഫ്രോസണ്‍ ഫിഷ് മുതലായവ) യൂറോപ്യന്‍ വിപണിയില്‍ കൂടുതല്‍ എത്തും
തൊഴില്‍ മേഖലയില്‍ ഇന്ത്യന്‍ വസന്തം
യൂറോപ്യന്‍ യൂണിയന്‍-ഇന്ത്യ സ്വതന്ത്ര വ്യാപാര കരാര്‍ ഇന്ത്യന്‍ തൊഴില്‍ മേഖലയിലേക്ക് വലിയ അവസരങ്ങള്‍ തുറക്കുകയാണ്. യൂറോപ്യന്‍ വിപണിയിലേക്കുള്ള ഡ്യൂട്ടി-ഫ്രീ പ്രവേശനം ലഭിക്കുന്നതോടെ വസ്ത്രവ്യവസായം, രത്‌ന-ആഭരണ നിര്‍മ്മാണം, തോല്‍-ചെരുപ്പ് മേഖല, ഫാര്‍മസ്യൂട്ടിക്കല്‍സ്, കെമിക്കല്‍സ് എന്നിവയില്‍ കയറ്റുമതി വേഗം വര്‍ധിക്കുകയും അതിലൂടെ ലക്ഷക്കണക്കിന് പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും.
പ്രത്യേകിച്ച് ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്ക് (എം എസ് എം ഇ) കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കുന്നതോടെ ഗ്രാമീണവും നഗരപ്രദേശങ്ങളിലുമുള്ള തൊഴിലവസരങ്ങള്‍ ശക്തമാകും. കൂടാതെ ഐടി, ഫിനാന്‍ഷ്യല്‍, പ്രൊഫഷണല്‍ സേവന മേഖലകളില്‍ യൂറോപ്യന്‍ കമ്പനികളുടെ നിക്ഷേപം ഉയരുന്നത് നൈപുണ്യമുള്ള യുവാക്കള്‍ക്ക് ഉയര്‍ന്ന വേതനമുള്ള ജോലികള്‍ ലഭിക്കാന്‍ വഴിയൊരുക്കും. മൊത്തത്തില്‍, ഇന്ത്യ-ഇ യു സ്വതന്ത്ര വ്യാപാര കരാര്‍ ഇന്ത്യയിലെ തൊഴില്‍ സൃഷ്ടിയെയും തൊഴിലാളികളുടെ വരുമാന വര്‍ധനവിനെയും ദീര്‍ഘകാലത്തില്‍ ശക്തമായി പിന്തുണയ്ക്കുന്ന ഒരു നിര്‍ണായക മുന്നേറ്റമായിരിക്കും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us