Advertisment

ഈ നവംബര്‍ ജര്‍മനിക്ക് 'ഉത്സവ'കാലം

New Update
b
പരമ്പരാഗത ഉത്സവങ്ങള്‍ മുതല്‍ പുസ്തകോത്സവങ്ങളും ചലച്ചിത്രോത്സവങ്ങളും വരെയാണ് നവംബറില്‍ ജര്‍മനിയെ കാത്തിരിക്കുന്നത്. രാജ്യത്തിന് അക്ഷരാര്‍ഥത്തില്‍ തന്നെ ഉത്സവകാലം. ഇതിനു പുറമേ വിവിധ സ്ഥലങ്ങളിലെ ക്രിസ്മസ് മാര്‍ക്കറ്റുകള്‍ക്കും നവംബറില്‍ തുടക്കം കുറിക്കും.

ഒക്ടോബര്‍ മുപ്പത്ത് മുതല്‍ നവംബര്‍ മൂന്ന് വരെ നീളുന്ന ഡോര്‍ട്ട്മുണ്ടര്‍ ഹാന്‍സ്മാര്‍ക്കറ്റാണ് ഇതില്‍ ആദ്യത്തേത്. പരമ്പരാഗത വ്യാപാര രീതികളിലേക്ക് നഗരം മടങ്ങിപ്പോകുന്നത് ഈ സമയത്ത് കാണാം. പരമ്പരാഗത ഉത്പന്നങ്ങള്‍ വാങ്ങുകയും ചെയ്യാം. പരമ്പരാഗത ഭക്ഷ്യ വിഭവങ്ങള്‍ രുചിക്കാനും തെരുവോവര കലാ പ്രകടനങ്ങള്‍ കാണാനും അവസരം കിട്ടും.

ബര്‍ലിന്‍ ജാസ് ഫെസ്ററാണ് അടുത്തത്. ഒക്റ്റോബര്‍ 31നു തുടങ്ങി നവംബര്‍ മൂന്നിന് അവസാനിക്കുന്ന ജാസ്ഫെസ്ററിന് ഈ വര്‍ഷം അറുപത് വയസ് തികയുകയാണ്. യൂറോപ്പിലെ ഏറ്റവും പഴക്കമുള്ള ജാസ് ഫെസ്ററിവലുകളില്‍ ഒന്നാണിത്. ആഗോളതലത്തിലുള്ള സംഗീതജ്ഞര്‍ ഒത്തുചേരുന്ന വേദിയാണിത്.

നവംബര്‍ ഒമ്പത്, പത്ത് തീയതികളില്‍ ഡോ. മാര്‍ട്ടിന്‍ ലൂഥറുടെ ഓര്‍മയ്ക്കായി നടത്തുന്ന മധ്യകാല മാര്‍ക്കറ്റുണ്ട്. പ്രശസ്തമായ ലൂഥര്‍സ്ററാറ്റ് ഐല്‍ബേനിലെ മാര്‍ക്കറ്റ് സ്ക്വയറാണ് വേദി. 1521 മുതല്‍ നടത്തിവരുന്ന മധ്യകാല മാര്‍ക്കറ്റിന്റെ ശേഷിപ്പാണിത്.

നവംബര്‍ ആറ് മുതല്‍ പത്ത് വരെ അലര്‍ഹീലിഗന്‍കിര്‍മ്സ്, അഥവാ ഓള്‍ സെയിന്റ്സ് ഫെയര്‍ നടക്കും. വേദി നോര്‍ത്ത്റൈന്‍ വെസ്റ്റ്ഫാലിയയിലെ സോസ്റ്റ്. ആയിരം വര്‍ഷം പഴക്കമുള്ള കത്തീഡ്രലും പുരാതനരീതിയിലുള്ള തടി വീടുകളും ഒപ്പം നിയോണ്‍ വിളക്കുകള്‍ തെളിച്ച ആധുനിക കാര്‍ണിവല്‍ റൈഡുകളും ചേരുന്ന മനോഹര മിശ്രണമാണിത്.

നവംബര്‍ എട്ട് മുതല്‍ ഡിസംബര്‍ എട്ട് വരെ നീളുന്നതാണ് ഹാംബര്‍ഗിലെ ഹാംബര്‍ഗര്‍ വിന്റര്‍ഡോം. സ്റ്റോളുകളും അമ്യൂസ്മെന്റ് റൈഡുകളും മറ്റു കളിസ്ഥലങ്ങളും എല്ലാമായി സമ്പൂര്‍ണ കാര്‍ണിവലാണിത്.

നവംബര്‍ ഏഴ് മുതല്‍ പത്ത് വരെ ആര്‍ട്ട് കൊളോണ്‍ എന്ന അന്താരാഷ്ട്ര ആര്‍ട്ട് ഷോ അരങ്ങേറും. യൂറോപ്പിലെമ്പാടും നിന്നുള്ള പ്രമുഖ ആര്‍ട്ട് ഗ്യാലറികള്‍ ഇതില്‍ പങ്കെടുക്കും. ഇത്തവണ 24 രാജ്യങ്ങളില്‍ നിന്നുള്ള 175 ഗ്യാലറികളാണുള്ളത്.

നവംബര്‍ പതിനൊന്നിനാണ് കൊളോണ്‍ കാര്‍ണിവലിനു തുടക്കം കുറിക്കുക. രാവിലെ കൃത്യം 11:11 ആണ് തുടങ്ങുന്ന സമയം.

നവംബര്‍ 14 മുതല്‍ ഡിസംബര്‍ ഒന്നു വരെ മ്യൂണിച്ച് ബുക്ക് ഷോ. ജര്‍മനിയിലെ സാഹിത്യപ്രേമികള്‍ കാത്തിരിക്കുന്ന രണ്ടാമത്തെ വലിയ പുസ്തകോത്സവമാണിത്. 200 പ്രസാധകരുടെ 13000 പുസ്തകങ്ങള്‍ ഇത്തവണയുണ്ടാകും.

നവംബര്‍ 27, 28 തീയതികളില്‍ ഡ്യുസല്‍ഡോര്‍ഫ് ഫിലിം ഫെസ്ററിവല്‍ നടക്കും. ഹെന്റിച്ച് ഹെയ്ന്‍ യൂണിവേഴ്സിറ്റിയിലെ മീഡിയ ആന്‍ഡ് കള്‍ട്ടറല്‍ സ്ററഡീസ് വിദ്യാര്‍ഥികളാണ് ഇതു സംഘടിപ്പിക്കുന്നത്.
-
Advertisment