റോം: ഇറ്റലിയില്‍ ഡിജിറ്റല്‍ നൊമാഡ് വിസ പ്രോഗ്രാമിന് ഔദ്യോഗികമായി തുടക്കം കുറിച്ചു. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കു പുറത്തുനിന്നുള്ള ജോലിക്കാര്‍ക്ക് ഒരു വര്‍ഷം വരെ ഇറ്റലിയില്‍ താമസിച്ച് ജോലി ചെയ്യാനുള്ള അവസരമാണ് ഇതുവഴി ലഭിക്കുന്നത്.
വര്‍ഷാവര്‍ഷം വിസ പുതുക്കാനും സാധിക്കും. സാങ്കേതികവിദ്യയുടെ സഹായത്തോടെ, ഓഫീസില്‍ നിന്ന് ദൂരെയിരുന്നും ജോലി ചെയ്യാന്‍ സാധിക്കുന്ന, ഉയര്‍ന്ന യോഗ്യതകള്‍ ഉള്ളവരെ മാത്രമായിരിക്കും ഇതിനു പരിഗണിക്കുക. സ്ഥിരമായി വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലുള്ളവര്‍ക്കായിരിക്കും ഇത് ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുന്നത്. ഏതു രാജ്യത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ജീവനക്കാര്‍ക്കും ഈ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.
ഏതെങ്കിലും കമ്പനികള്‍ക്കു വേണ്ടി ജോലി ചെയ്യുന്നവരെ കൂടാതെ, സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും, ഏതെങ്കിലും കമ്പനിയുടെ ജീവനക്കാര്‍ അല്ലാതെ, അവരുമായി സഹകരിച്ച് ജോലി ചെയ്യുന്നവര്‍ക്കും ഡിജിറ്റല്‍ നൊമാഡ് വിസയ്ക്ക് യോഗ്യതയുണ്ടാകും.
പ്രതിവര്‍ഷം കുറഞ്ഞത് 28,000 യൂറോ വരുമാനമുള്ളവരായിരിക്കണം എന്നതാണ് അപേക്ഷകര്‍ക്കുള്ള മറ്റൊരു പ്രധാന മാനദണ്ഡം. ഇറ്റലിയില്‍ താമസിക്കാന്‍ ഉദ്ദേശിക്കുന്ന കാലയളവിലേക്ക് താമസ സൗകര്യവും ഹെല്‍ത്ത് ഇന്‍ഷുറന്‍സും ലഭ്യമാണെന്നതിന്‍റെ തെളിവും ഹാജരാക്കേണ്ടി വരും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏതെങ്കിലും കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് വിസ ലഭിക്കില്ല. ആറു മാസത്തിലധികം ഓഫീസില്‍ പോകാതെ ജോലി ചെയ്തിട്ടുള്ളവരായിരിക്കണം.
വിസ അനുവദിച്ചാല്‍ ഇറ്റലിയിലെത്തി എട്ടു ദിവസത്തിനുള്ളില്‍ റെസിഡന്‍സ് പെര്‍മിറ്റിന് അപേക്ഷിക്കണം. നിരവധി രാജ്യങ്ങള്‍ നേരത്തെ തന്നെ ഡിജിറ്റല്‍ നൊമാഡ് വിസ നല്‍കിവരുന്നുണ്ട്. നാലു കോടിയോളം പേര്‍ ആഗോളതലത്തില്‍ ഇതിന്‍റെ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ് കണക്ക്.