ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയനില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് കനത്ത നികുതി ചുമത്താനുള്ള നീക്കം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നീട്ടിവച്ചു. ജൂലൈ ഒമ്പത് വരെയാണ് യൂറോപ്യന്‍ യൂണിയന് സമയം നീട്ടി നല്‍കിയിരിക്കുന്നത്. ഈ സമയപരിധിക്കുള്ളില്‍ ചര്‍ച്ച നടത്തി യൂറോപ്യന്‍ യൂനിയനുമായി വ്യാപാര കരാറിലെത്തുകയാണ് ലക്ഷ്യം.
27 അംഗ യൂറോപ്യന്‍ യൂനിയന്‍ ഉല്‍പന്നങ്ങള്‍ക്ക് ജൂണ്‍ ഒന്നുമുതല്‍ 50 ശതമാനം താരിഫ് ചുമത്തുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരുന്നത്. യു.എസുമായി വ്യാപാര ചര്‍ച്ചക്ക് യൂറോപ്യന്‍ യൂനിയന്‍ താല്‍പര്യം കാണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ ഭീഷണി.
ട്രംപുമായി യൂറോപ്യന്‍ കമീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയെന്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇപ്പോള്‍ ട്രംപിന്റെ താത്കാലിക 'വെടിനിര്‍ത്തല്‍'. യു.എസുമായി വ്യാപാര കരാറിലെത്താന്‍ കൂടുതല്‍ സമയം വേണമെന്നായിരുന്നു കമീഷന്റെ ആവശ്യം. ഏപ്രില്‍ ആദ്യം യൂറോപ്യന്‍ യൂനിയനും യു.എസും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ക്കായി ട്രംപ് 90 ദിവസത്തെ സമയം നിശ്ചയിച്ചിരുന്നു. ഈ സമയപരിധി ജൂലൈ ഒമ്പതിനാണ് അവസാനിക്കുന്നത്.
വളരെ നല്ല ഫോണ്‍ സംഭാഷണമാണ് നടന്നതെന്നും യൂറോപ്യന്‍ യൂനിയന്റെ ആവശ്യം അംഗീകരിച്ചതായും ട്രംപ് പ്രതികരിച്ചു. ചര്‍ച്ചകള്‍ വേഗത്തിലും ഫലപ്രദമായും മുന്നോട്ടു കൊണ്ടുപോകാന്‍ തയാറാണെന്നും മികച്ച കരാറിലെത്താന്‍ കൂടുതല്‍ സമയം വേണമെന്നും ഉര്‍സുല പറഞ്ഞു.