ലണ്ടൻ: മുതിർന്ന കോൺഗ്രസ് നേതാവും കർണാടകയിൽ നിന്നുമുള്ള രാജ്യസഭാ അംഗവുമായ ഡോ. സെയ്ദ് നാസർ ഹുസൈൻ, പഞ്ചാബിലെ ഷാഹ്കോട്ട് നിയമസഭ മണ്ഡലത്തിൽ നിന്നുമുള്ള എം എൽ എ ഹർദേവ്സിങ് ലഡ്ഢി ഷെറോവാലിയ എന്നിവർക്ക് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) - യുടെ നേതൃത്വത്തിൽ യു കെയിൽ വൻ സ്വീകരണം ഒരുക്കുന്നു. വെസ്റ്റ് ലണ്ടനിലുള്ള ഐസ്ൽവർത്തിലെ ഓസ്റ്റർലി പാർക്ക് ഹോട്ടലിൽ വെച്ച് വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടെ ചടങ്ങുകൾ ആരംഭിക്കും.
ഐഒസി യു കെ പ്രസിഡന്റ് കമൽ ദലിവാലിന്റെ അധ്യക്ഷതയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ഐഒസി - യുടെയും കോൺഗ്രസ് പാർട്ടിയുടെയും മുതിർന്ന നേതാക്കൾ പങ്കെടുക്കും.
കർണാടകയിലെ ബെല്ലാരിയിൽ നിന്നുമുള്ള മുതിർന്ന നേതാവായ ഡോ. സെയ്ദ് നാസർ ഹുസൈൻ എഐസിസി പ്രസിഡന്റ് മല്ലികാർജ്ജുന ഖാർഗെയുടെ ഓഫീസ് ചുമതലയുള്ള കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം കൂടിയാണ്.
/sathyam/media/media_files/8Y4wPNIIb3irCLdzT8PC.jpg)
പഞ്ചാബ് രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ കരുത്തനായ ഹർദേവ്സിങ് ലഡ്ഢി ഷെറോവാലിയ, ശിരോമണി അകാലിദളിന്റെ കുത്തക നിയമസഭ മണ്ഡലമായിരുന്ന ഷാഹ്കോട്ട് 2018 - ൽ നടന്ന ഉപതെരഞ്ഞെടുപ്പോടെ പിടിച്ചെടുക്കുകയായിരുന്നു.
യു കെ സന്ദർശിക്കുന്ന കോൺഗ്രസ് നേതാക്കൾക്ക് ഐഒസിയുടെ നേതൃത്വത്തിൽ ഒരുക്കുന്ന സ്വീകരണ ചടങ്ങുകളിലേക്ക് എല്ലാ ജനാതിപത്യ മതേതര വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായും പരിപാടിയുടെ വൻ വിജയത്തിന് ഏവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായും ഐഒസി (യു കെ) ഭാരവാഹികൾ അറിയിച്ചു.
വേദിയുടെ വിലാസം:
Osterly Park Hotel
Isleworth
TW7 5NA