/sathyam/media/media_files/NjlHrQqFVscvrPoTrEla.jpg)
ബോൾട്ടൻ: ബോൾട്ടൻ മലയാളി അസോസിയേഷന്റെ (ബിഎംഎ) ഈ വർഷത്തെ ഏകദിന പിക്നിക്ക്, 1820 മുതൽ 1950 വരെയുള്ള വടക്കേ ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ വിവിധ കാലങ്ങളിലേക്കുള്ള വേറിട്ട യാത്ര അനുഭവം പകരുന്നതായി.
ജൂലൈ 13 - നാണ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഡെറം കൗണ്ടിയിൽ 300 ഏക്കറിലധികം വ്യാപിച്ചിരിക്കുന്ന 'ഭീമിഷ് മ്യൂസിയം' എന്ന, ഒരു കാലഘട്ടത്തിന്റെ സ്മരണ അവിശേഷിപ്പിക്കുന്ന ചരിത്ര പ്രധാനമായ ഓപ്പൺ എയർ മ്യൂസിയത്തിന്റെ മനോഹാരിതയിലേക്കുള്ള ഏകദിന ട്രിപ്പ് സംഘടിപ്പിച്ചത്.
അസോസിയേഷൻ പ്രസിഡന്റ് ബേബി ലൂക്കോസ്, സെക്രട്ടറി അനിൽ നായർ തുടങ്ങിയവർ യാത്രക്ക് നേതൃത്വം നൽകി.
ബോൾട്ടനിൽ നിന്നും കോച്ച് ബസിൽ രാവിലെ 8 മണിയോടെ വിനോദയാത്ര
ആരംഭിച്ചു. കൂട്ടായ്മയിലെ മുതിർന്ന അംഗങ്ങൾ അനുഭവങ്ങളും ചിന്തയും ചിരിയുമായി പിൻ സീറ്റിൽ കളംപിടിച്ചപ്പോൾ, അവർക്ക് ചുറ്റിലും അരയും തലയും മുറുക്കി പിൻ തലമുറയും അണിനിരന്നത് യാത്രയിൽ കൗതുകമായി.
ട്രിപ്പിലുടനീളം ഷാരോൺ, അബി, എബിൻ എന്നിവരുടെ നേതൃത്വത്തിൽ അരങ്ങേറിയ ഗാനമേളയുടെ ഓളം, മൂന്ന് മണിക്കൂറോളം ദൈർഖ്യമുള്ള ബസ് യാത്രയുടെ മുഷിപ്പ് പൂർണ്ണമായും അകറ്റുന്നതായിരുന്നു.
മാർഗമദ്ധ്യേ പ്രഭാത ഭക്ഷണവും കഴിച്ചു, ഉച്ചയ്ക്ക് 12 മണിയോടുകൂടി 'ഭീമിഷ് മ്യൂസിയത്തിന്റെ കവാടത്തിൽ ബസ് എത്തിച്ചേർന്നു.
ചരിത്രം കൃത്യമായി പുനരനുഭവപ്പെടുന്ന കെട്ടിടങ്ങളും, തെരുവുകളും, ഭൂഭാഗങ്ങളും പഴയ കാലഘട്ടത്തിലെ വേഷധാരികളായ ജീവനക്കാരെ ചേര്‍ത്തു കൊണ്ടു അതിജീവിപ്പിച്ചിരിക്കുന്ന സുന്ദര മുഹൂർത്തങ്ങളിലേക്കായി പിന്നീടുള്ള യാത്ര. മ്യൂസിയം അധികൃതർ ഒരുക്കിയിരിക്കുന്ന പുരാതന കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന 'മൂക്കൻ ഇരുനില' ബസുകളിലും ട്രാമുകളിലുമായിരുന്നു ഈ യാത്രകൾ.
പല ഇടങ്ങളിലായി ചരിത്രത്തോട് ശബ്ദം, ദൃശ്യം, ഇടപെടല്‍ എന്നിവയിലൂടെ നേരിട്ട് ബന്ധപ്പെടാന്‍ സന്ദര്‍ശകര്‍ക്ക് കഴിയും വിധം ഒരുക്കി വച്ചിരിക്കുന്ന അത്ഭുതങ്ങൾ, ചെറുകൂട്ടമായും ഒറ്റയ്ക്കും കണ്ടും ആസ്വദിച്ചും അംഗങ്ങളുടെ യാത്ര മുന്നേറി.
1900 - കളിലെ എഡ്വേര്‍ഡിയന്‍ നഗരത്തിന്റെ തിരക്കേറിയ തെരുവുകളിലെ കടകൾ, കോ - ഓപ്പറേറ്റീവ് സ്റ്റോര്‍, മേസോണിക് ഹാള്‍, സ്നാക്ക് ഷോപ്പ്, 'എഡ്വേര്‍ഡിയന്‍ ടീ റൂ'മുകള്‍
എന്നിവ യാത്രയിലെ മങ്ങാത്ത ഓർമകളായി.
തുടർന്ന്, 1900 - കളിൽ കല്ലുപണിയും മൈനിംഗ് ജോലിയമായി കഴിഞ്ഞിരുന്ന ഗ്രാമവാസികളുടെയും (പിറ്റ് ഗ്രാമം) ഖനന പണികള്‍ നടത്തിയിരുന്നവരുടെയും വീട്ടുകള്‍, സ്‌കൂള്‍, പഴയകാല പ്രൊജക്ടർ ഉൾപ്പെടുന്ന ചാപ്പല്‍, ബോർമ, ഡെന്റൽ സർജറി, വണ്ടി ഗ്യാരേജ്, ഫർമസി, തുന്നൽ കട, 1940 - ളിലെ ഫാം, ഫാം ഹൗസ്, മറ്റ് ജൈവയിനങ്ങൾ, 1820 - കളിലെ ജോര്‍ജിയന്‍ ആഡംബരമായ പോക്കേര്‍ലി ഹാള്‍, 1950 - കളിൽ കൂട്ടിച്ചേര്‍ത്തതും ബീമിഷിന്റെ പുതിയ സ്ഥലങ്ങളില്‍ ഒന്നായ നഗരം, അതിൽ ഉൾപ്പെടുന്നതായ വീട്, കട, സിനിമ തിയേറ്റർ, കഫെ എന്നിവയുടെ ദൃശ്യ മനോഹാരിത ആസ്വദിച്ചുകൊണ്ടു യാത്ര മുന്നേറി.
അപ്രതീക്ഷിത അതിഥിയായി ചാറ്റൽ മഴ യാത്രയിലെ രസംകൊല്ലി ആകുമെന്ന് തുടക്കത്തിൽ കരുതിയെങ്കിലും, കോള്‍ - ഫയേര്‍ഡ് ഓവനില്‍ ബ്രെഡ് തയാറാക്കുന്നതു മുതല്‍ വിന്റേജ് ട്രാം - ബസ്സ് യാത്രകളും, പഴയ കാലഘട്ടം അനുസ്മരിപ്പിക്കുന്ന വേഷം ധരിച്ച ജീവനക്കാര്‍ ചരിത്ര കഥാപാത്രങ്ങളായി അഭിനയിക്കുന്നതുമെല്ലാം യാത്രയുടെ പ്രചോദനം അനുനിമിഷം വർധിപ്പിച്ചു.
കൂട്ടായ്മയിലെ അംഗം ജോണിച്ചേട്ടൻ (ജോണി കണിവേലിൽ) ഒരുക്കിയ രുചികരമായ തനി നാടൻ വിഭവങ്ങളായിരുന്നു ട്രിപ്പിലെ മറ്റൊരു ഹൈലൈറ്റ്.
മറ്റു ഭക്ഷണ വിഭവങ്ങളോട് പൊതുവെ വിമുഖത കാണിക്കുന്നവരാണ് ബ്രിട്ടീഷുകാരെങ്കിലും, യാത്രയിൽ വന്ന ബ്രിട്ടീഷുകാരനായ ബസ് ഡ്രൈവർ, എല്ലാവർക്കുമൊപ്പമിരുന്നു ഭക്ഷണം ആസ്വദിച്ചതും രുചിയെ പറ്റി വാചാലനായതും യാത്രയിലെ സുന്ദര മുഹൂർത്തങ്ങളായി മാറി.
കൂട്ടായ്മയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം മൂന്ന് വയസുകാരൻ 'മാച്ചോ' എന്ന 'മാക്സ് വെൽ' മുതൽ ഏറ്റവും മുതിർന്ന അംഗം വരെ ഒരേപോലെ യാത്ര ആസ്വദിച്ചു എന്നതിൽ തർക്കമില്ല. കുറേ നല്ല ഓർമകളും, നേരമ്പോക്കുകളും ചേർത്തുപിടിച്ചുകൊണ്ട് വൈകിട്ട് 5 മണിയോടെ മടക്കയാത്ര ആരംഭിച്ചു. ദീർഘയാത്ര നൽകിയ മയക്കത്തിന്റെ ആലസ്യത്തെ അലിയിച്ചില്ലാതാക്കാൻ ഗായകസംഘത്തിന് വീണ്ടും കളത്തിലിറങ്ങേണ്ടി വന്നു.
യാത്ര ആരംഭിച്ച ഇടത്തു രാത്രി 7.30 - ഓടെ ബസ് തിരിച്ചെത്തുമ്പോൾ ഓർക്കാൻ ഒരുപിടി നല്ല ഓർമകളും ക്യാമറയിൽ ഒപ്പിയെടുത്ത കുറേ മുഹൂർത്തങ്ങളും സ്വന്തമാക്കി, അടുത്ത യാത്രയിൽ വീണ്ടും ഒരുമിക്കാമെന്ന പരസ്പര വാഗ്ദാനവുമായി എല്ലാവരും വീണ്ടും തിരക്കുകളിലേക്ക്.
യാത്രയുടെ ഭാഗമായവരോടും സഹകരിച്ച എല്ലാവരോടും ബോൾട്ടൻ മലയാളി അസോസിയേഷന്റെ നന്ദി പ്രസിഡന്റ് ബേബി ലൂക്കോസ് അറിയിച്ചു.