യു.കെയിൽ പ്രക്ഷോഭം രൂക്ഷമാകുന്നു; സ്വദേശത്തേക്ക് തിരികെ പോകുമെന്ന മുന്നറിയിപ്പുമായി ഇന്ത്യക്കാരടക്കമുള്ള നഴ്‌സുമാർ; പലയിടങ്ങളിലും ഇന്ന് പ്രതിഷേധ പ്രകടനങ്ങൾ; പ്രക്ഷോഭകാരികൾക്കെതിരെ മുഖം നോക്കാതെ നടപടിയെന്നു സർക്കാർ

New Update

യു കെ: സൗത്ത്‌പോർട്ടിലെ ഒരു ഡാൻസ് ക്ലാസ്സിൽ വെച്ച് കൊച്ചുകുട്ടികളെ അഭയാർത്ഥിയായ ആക്രമി ദാരുണമായി കൊലപ്പെടുത്തുകയും പരുക്കേൽപിക്കുകയും ചെയ്‌ത സംഭവത്തിൽ പ്രതിഷേധിച്ച് യു കെയിലുടനീളം പൊട്ടിപ്പുറപ്പെട്ട കലാപം രൂക്ഷമാകുന്നതായി റിപ്പോർട്ടുകൾ.

Advertisment

ഇന്ന് യു കെയിലെ വിവിധ ഭാഗങ്ങളിലായി മുപ്പതോളം ഇമിഗ്രേഷൻ കേന്ദ്രങ്ങളിലേക്ക് തീവ്ര വലതുപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നതിനാൽ ജനങ്ങൾ കടുത്ത ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. പ്രകടനങ്ങൾ കൂടുതൽ അക്രമ സംഭവങ്ങളിലേക്ക് നയിച്ചേക്കാം എന്ന മുന്നറിയിപ്പും അധികൃതർ നൽകുന്നുണ്ട്.

publive-image

പ്രതിഷേധങ്ങളെ തുടർന്ന് പ്രധാന നഗരങ്ങളിലെല്ലാം കൂടുതൽ പോലീസിനെ വിന്യസിക്കുകയും, ഏകദേശം ആറായിരം ഉദ്യോഗസ്ഥരെ അധികമായി അണിനിരത്തിയതായും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

മുപ്പത്തിൽ പരം ഇടങ്ങളിലായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌തുകൊണ്ടുള്ള പരമ്പരാഗത ബ്രിട്ടീഷുകാരുടെ തീവ്ര വലതുപക്ഷ സംഘടനകൾ നടത്തിയ വാട്സ്ആപ്പ് സന്ദേശം ചോർന്നതോടെയാണ് വിവരങ്ങൾ പുറത്തായത്. ഇന്ന് ഈ സ്ഥലങ്ങളിലെ ഇമിഗ്രേഷന്‍ സെന്ററുകളും, ഒരു പ്രത്യേക വിഭാഗം കുടിയേറ്റക്കാരെ സഹായിക്കുന്ന അഭിഭാഷകരുടെ വീടുകളും ഉള്‍പ്പെടെ ലക്ഷ്യമിട്ട് രംഗത്തിറങ്ങുമെന്നാണ് ഭീഷണി.

publive-image

മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍, പ്ലൈമൗത്ത്, ബര്‍മിംഗ്ഹാം, സ്റ്റോക്ക് ഓൺ ട്രെൻറ് ആല്‍ഡെര്‍ഷോട്ട്, കാന്റര്‍ബറി, ബെഡ്‌ഫോര്‍ഡ്, ഡെര്‍ബി എന്നീ സ്ഥലങ്ങൾ ഉൾപ്പടെ ആല്‍ഡെര്‍ഷോട്ട് മുതല്‍ വിഗാന്‍ വരെയുള്ള 38 പട്ടണങ്ങളിലും, നഗരങ്ങളിലുമായി പ്രതിഷേധ പ്രകടനങ്ങള്‍ ഉണ്ടാകുമെന്നാണ് ലഭ്യമായ സന്ദേശത്തിൽ പറയുന്നത്. ഈ സ്ഥലങ്ങളിലെ ഇമ്മിഗ്രേഷൻ സെന്ററുകൾ ഇന്ന് സന്ദർശിക്കരുതെന്നും കഴിവതും വീടുകളിൽ കഴിയണമെന്നും സോഷ്യൽ മീഡിയവഴി പ്രചാരണങ്ങൾ നടക്കുന്നു. 

പ്രധാന കലാപബാധിത പ്രദേശങ്ങളിലെ സ്ഥാപന ജീവനക്കാർ താൽക്കാലികമായി വീട്ടിലിരുന്ന് ജോലിചെയ്യുന്ന വർക്ക് ഫ്രം ഹോം വീണ്ടും തുടങ്ങാനും സോഷ്യൽ മീഡിയവഴി ആഹ്വാനങ്ങൾ നടക്കുന്നു. എന്നാൽ ഇക്കാര്യവും പ്രകടന സന്ദേശവും പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം സുരക്ഷാ മുൻകരുതലുകൾ കൂടുതൽ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.

publive-image

ഇന്നലെ രാത്രി സർക്കാർ അടിയന്തരമായി കൂടിയ കോബ്ര മീറ്റിംങ്ങിന് ശേഷം നടത്തിയ മാധ്യമ സന്ദേശത്തിൽ കുടിയേറ്റക്കാർ എല്ലാവരെയും സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. വംശീയ വർഗീയ വിരോധ പ്രതിഷേധങ്ങളും അക്രമങ്ങളും നടത്തുന്നവർക്കെതിരെ നിയമനടപടികൾ അതിവേഗം കൈക്കൊള്ളുമെന്നും സർക്കാർ വ്യക്തമാക്കി.

വിവിധ സ്ഥലങ്ങളിൽ ഇന്നലെ അരങ്ങേറിയ അക്രമ സംഭവങ്ങളെ തുടർന്ന്, മുപ്പതോളം പേരെ അറസ്റ്റ് ചെയ്തുവെന്ന് പോലീസ് അറിയിച്ചു.

publive-image

അതിനിടെ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ പ്രതിഷേധ പ്രകടനങ്ങളും ആക്രമങ്ങളും നടന്ന നോർത്തേൺ അയർലണ്ടിലെ ഇന്ത്യക്കാരുൾപ്പടെയുള്ള മുസ്ലിം മതവിശ്വാസികളായ പത്തോളം വിദേശ നഴ്സുമാർ, ഉടൻതന്നെ സ്വദേശങ്ങളിലേക്ക് തിരിച്ചു പോകണമെന്ന് അറിയിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്‌തു. 

ബെൽഫാസ്റ്റിൽ കഴിഞ്ഞ ദിവസങ്ങളിൽ റസ്റ്റോറന്റുകൾക്കും കടകൾക്കും നേരെ വ്യാപകമായ ആക്രമങ്ങൾ നടന്നിരുന്നു. ഇവിടെ കുടിയേറ്റക്കാരായ ഇസ്ലാമിക വിശ്വാസികൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യം ഉള്ളതായി പലരും ദേശീയ മാധ്യമപ്രവർത്തകരോട് പരാതിപ്പെട്ടു.

publive-image

സർക്കാരും പ്രതിപക്ഷവും ശക്തമായ പ്രക്ഷോഭകാരികൾക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചതിനാലും പോലീസ് ശക്തമായ നടപടികൾ ആരംഭിച്ചതിനാലും ഈയാഴ്ച്ച അവസാനത്തോടെ കലാപം എരിഞ്ഞടങ്ങുമെന്നാണ് വിവിധ മാധ്യമ റിപ്പോർട്ടുകളിൽ നിന്നും ലഭ്യമാകുന്ന സൂചന. അതുവരെ കുടിയേറ്റക്കാർ സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചു സുരക്ഷിതരായി ഇരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

Advertisment