ലണ്ടൻ: ലണ്ടനിലെ ഓവർഗ്രൗണ്ട് ജീവനക്കാരുടെ യൂണിയൻ പണിമുടക്കിലേക്ക്. ട്രെയിൻ ഡ്രൈവർമാരുടെ സംഘടനയുടെ നേതൃത്വത്തിൽ യു കെയിൽ പണിമുടക്ക് തുടരുന്നതിനിടയിലാണ് രാജ്യത്തിന് ഇരട്ടി പ്രഹരം ഏൽപ്പിച്ചുകൊണ്ട് ഓവർ ഗ്രൗണ്ട് ജീവനക്കാരും പണിമുടക്കിലേക്ക് നീങ്ങുന്നത്.
ഫെബ്രുവരി മാർച്ച് മാസങ്ങളിലായി 48 മണിക്കൂർ സമര പരമ്പരക്കാണ് യൂണിയൻ ആഹ്വാനം നൽകിയിരിക്കുന്നത്. പണപ്പെരുപ്പത്തിന് താഴെയുള്ള പേയ്‌മെൻ്റ് ഓഫറിന് മറുപടിയായാണ് ആർഎംടി അംഗങ്ങളുടെ 48 മണിക്കൂർ പണിമുടക്കെന്ന് യൂണിയൻ പ്രതിനിധികൾ അറിയിച്ചു.
/sathyam/media/media_files/odvQlXGt2fAZthsVKylI.jpg)
2024 ഫെബ്രുവരി 19 (തിങ്കളാഴ്ച) രാവിലെ 00.01 മുതൽ 2024 ഫെബ്രുവരി 20 (ചൊവ്വാഴ്ച) രാത്രി 11.59 വരെയും, വീണ്ടും 2024 മാർച്ച് 4 (തിങ്കളാഴ്ച) രാവിലെ 00.01 മുതൽ 2024 മാർച്ച് 5 ചൊവ്വാഴ്ച രാത്രി 11.59 വരെയുമുള്ള 48 മണിക്കൂർ നേരം ഏകദേശം 300 - ലധികം ജീവനക്കാർ തൊഴിലിൽ നിന്നും വിട്ടു നിൽക്കും. സെക്യൂരിറ്റി, സ്റ്റേഷൻ, റവന്യൂ, കൺട്രോൾ ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കും. ഇത് ഗതാഗതം വൻ തോതിൽ തടസ്സപ്പെടാൻ ഇടയാക്കും.
രാജ്യത്തെ ഏറ്റവും തിരക്കേറിയ റെയിൽ റൂട്ടുകളിൽ ചിലത് സ്തംപിപ്പിച്ചുകൊണ്ട് ട്രെയിൻ ഡ്രൈവേഴ്‌സ് യൂണിയനായ 'അസ്‌ലെഫ്' സംഘടിപ്പിക്കുന്ന വേറിട്ട പണിമുടക്കിൻ്റെ ആദ്യ ദിനം തന്നെ മറ്റൊരു പണിമുടക്ക് പ്രഖ്യാപനം വന്നത് ശ്രദ്ധേയമായി.
ട്രാൻസ്‌പോർട്ട് ഫോർ ലണ്ടന് (ടിഎഫ്എൽ) വേണ്ടി ലണ്ടൻ ഓവർഗ്രൗണ്ട് പ്രവർത്തിപ്പിക്കുന്ന അറൈവ റെയിൽ ലണ്ടൻ, പണപ്പെരുപ്പത്തിന് താഴെയുള്ള ശമ്പള ഓഫർ വാഗ്ദാനം ചെയ്തതിനെതിരെ ജീവനക്കാർ വോട്ട് ചെയ്തതിരുന്നു.
/sathyam/media/media_files/jtb247Bmy4iewpxVY6S5.jpg)
“ലണ്ടൻ ഓവർഗ്രൗണ്ട് തൊഴിലാളികൾ ലണ്ടനിലേക്കുള്ള ട്രാൻസ്‌പോർട്ടിനായുള്ള സേവനങ്ങൾ നൽകുകയും ലണ്ടനിലുടനീളം യാത്രകളിൽ യാത്രക്കാരെ സഹായിക്കുകയും ചെയ്യുന്ന ഒരു പ്രധാന ജോലി ചെയ്യുന്നു. ഞങ്ങളുടെ അംഗങ്ങൾക്ക് പണപ്പെരുപ്പത്തിന് താഴെയുള്ള ശമ്പള ഓഫർ നൽകിയതിൽ രോഷാകുലരാണ്, അവർ കമ്പനിയിലേക്ക് കൊണ്ടുവരുന്ന മൂല്യത്തെ പ്രതിനിധീകരിക്കുന്ന ഒരു പുരോഗതി കാണാൻ ആഗ്രഹിക്കുന്നു" ആർഎംടി ജനറൽ സെക്രട്ടറി മിക്ക് ലിഞ്ച് പറഞ്ഞു.
എന്നാൽ പണിമുടക്ക് തീയതികളെക്കുറിച്ച് ആർഎംടി ഇതുവരെ കമ്പനിയെ അറിയിച്ചിട്ടില്ലെന്ന് അറൈവ റെയിൽ ലണ്ടൻ്റെ ബോസ് സ്റ്റീവ് ബെസ്റ്റ് ദി ഇൻഡിപെൻഡൻ്റിനോട് പറഞ്ഞത്.
“ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ലണ്ടൻ ഓവർഗ്രൗണ്ടിൽ സമരം നടത്താനുള്ള ആർഎംടി യൂണിയൻ്റെ തീരുമാനത്തെക്കുറിച്ച് കേട്ടതിൽ ഞങ്ങൾക്ക് വലിയ നിരാശയുണ്ട്. ഞങ്ങളുടെ വ്യവസായവുമായി മാത്രമല്ല, യു കെയിലെ മറ്റ് വ്യവസായങ്ങളെയും ബിസിനസുകളെയും താരതമ്യപ്പെടുത്തുമ്പോൾ ഞങ്ങൾ നല്ല ശമ്പള അവാർഡ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഈ തർക്കം പരിഹരിക്കുമെന്ന പ്രതീക്ഷയിൽ ആർഎംടിയുമായി ചർച്ചക്ക് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്," സ്റ്റീവ് കൂട്ടിച്ചേർത്തു.
/sathyam/media/media_files/xNqUNe1yCN29OvwQIDuh.jpg)
ലണ്ടൻ അണ്ടർഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന ആർഎംടി അംഗങ്ങൾ ഈ മാസമാദ്യം സമരവുമായി മുന്നോട്ട് പോകാൻ ഇരിക്കവേ, ട്രാൻസ്‌പോർട്ട് ഫോർ ലണ്ടനുമായുള്ള ചർച്ചകളുടെ പുരോഗതിയെത്തുടർന്ന് അവസാന നിമിഷത്തിൽ അതിൽ നിന്നും പിൻവാങ്ങുകയായിരുന്നു.