നോട്ടിംഗ്ഹാം: എ ആക്‌സിഡൻ്റ് ആൻഡ് എമർജൻസിയിൽ (എ & ഇ) അവശനിലയിൽ കണ്ടെത്തിയ 39 - കാരിയായ അമ്മ മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ജനുവരി 19 ന് നോട്ടിംഗ്ഹാമിലെ ക്യൂൻസ് മെഡിക്കൽ സെൻ്ററിലെഎ ആക്‌സിഡൻ്റ് ആൻഡ് എമർജൻസി (എ & ഇ) സംഭവം നടന്നത്. ആക്‌സിഡൻ്റ് ആൻഡ് എമർജൻസി (എ ആൻഡ് ഇ) യൂണിറ്റിൽ കാത്തുനിൽക്കുന്നതിനിടെ രണ്ട് കുട്ടികളുടെ അമ്മ ബോധരഹിതയായി വീഴുകയായിരുന്നു.
തലവേദനയുണ്ടെന്ന് പരാതിപ്പെട്ട് എത്തിയ 39 - കാരിക്ക് ഒരു ഡോക്ടറെ കാണാൻ ഏഴ് മണിക്കൂറിലധികം കാത്തിരിക്കേണ്ടി വന്നു എന്നാണ് മനസ്സിലാക്കുന്നത്. രണ്ട് ദിവസത്തിന് ശേഷം മസ്തിഷ്ക രക്തസ്രാവം മൂലം അവർ മരിച്ചു.
യുവതിയെ നഴ്‌സുമാർ നോക്കിയിരുന്നുവെങ്കിലും വിദഗ്ധനായ ഒരു ഡോക്ടർ പരിശോധിച്ചില്ല എന്ന പരാതിയാണ് ഉയരുന്നത്. നീണ്ട കാത്തിരിപ്പിനൊടുവിൽ ഡോക്ടറെ കാണാനായി പേര് വിളിച്ചെങ്കിലും പ്രതികരിക്കാതിരുന്നപ്പോഴാണ് ജീവനക്കാർ സ്ത്രീയെ കണ്ടെത്തിയത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
"ഈ ദുഷ്‌കരമായ സമയത്ത് യുവതിയുടെ കുടുംബത്തോട് ഞാൻ ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നു. കുടുംബത്തെകൂടി ഉൾപ്പെടുത്തി ഇപ്പോൾ നടക്കുന്ന അന്വേഷണം അവസാനിക്കുന്നതു വരെ ഞങ്ങൾക്ക് കൂടുതൽ അഭിപ്രായം പറയാൻ കഴിയില്ല" ആശുപത്രി നടത്തുന്ന നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റിലെ മെഡിക്കൽ ഡയറക്ടർ ഡോ. കീത്ത് ഗേർലിംഗ് പറഞ്ഞു.
നോട്ടിംഗ്ഹാം സൗത്ത് എം പി ലിലിയൻ ഗ്രീൻവുഡ് കുടുംബത്തെ അനുശോചനം അറിയിച്ചു. "താൻ വളരെ ഞെട്ടിപ്പോയി" എന്നാണ് ഗ്രീൻവുഡ് പ്രതികരിച്ചത്.
“ഇതിനെക്കുറിച്ച് പൂർണ്ണമായ അന്വേഷണം നടത്തേണ്ടതും ഈ കേസിൻ്റെ സാഹചര്യങ്ങളിലേക്ക് എത്തിച്ചേരേണ്ടതും ഇപ്പോൾ വളരെ പ്രധാനമാണ്” എം പി ബിബിസിയോട് പറഞ്ഞു.