യു കെ: പൊതു തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കവേ അപ്രതീക്ഷിത നീക്കങ്ങളുമായി ചില കോൺസർവേറ്റിവ് എംപിമാർ. തെരഞ്ഞെടുപ്പിൽ കൺസർവേറ്റിവ് പാർട്ടി കനത്ത തിരിച്ചടി നേരിടുമെന്നാണ് അടുത്തിടെ പുറത്തുവന്ന ചില സർവ്വേ റിപ്പോർട്ടുകൾ പറയുന്നത്.
ഈ ഒരു സാഹചര്യം കൂടി കണക്കിലെടുത്താണ് ബോറിസിനെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം ടോറി പാര്‍ട്ടിയില്‍ ഒരു വിഭാഗം ശക്തമാക്കിയിരിക്കുന്നത്.ഈ വര്‍ഷത്തെ പൊതുതെരഞ്ഞെടുപ്പില്‍ മുൻതൂക്കം നിലനിർത്തുന്ന ലേബറിന് എതിരെ പോരാടാന്‍ ബോറിസിനെ തിരിച്ചുവിളിക്കണമെന്ന സമ്മര്‍ദമാണ് ശക്തമാകുന്നത്. ഈ കാര്യം സുനകിനോട് സീനിയര്‍ ടോറികള്‍ ആവശ്യപ്പെട്ടു കഴിഞ്ഞു.
/sathyam/media/media_files/ilPugAjimtcHbNWici85.jpg)
ഉള്‍പ്പോര് മറന്ന് ബോറിസിന്റെ പ്രചരണമികവ് പ്രയോജനപ്പെടുത്തുകയാണ് പ്രധാനമന്ത്രി സുനക് ചെയ്യേണ്ടതെന്നാണ് ബോറിസിനായി വാദിക്കുന്നവരുടെ ആവശ്യം. 2019 തെരഞ്ഞെടുപ്പില്‍ ബോറിസിന്റെ പ്രവർത്തന മികവായിരുന്നു ടോറികൾക്ക് ഏകപക്ഷീയ വിജയം കൊയ്‌തെടുക്കാന്‍ സഹായകമായത്.
കോൺസർവെറ്റിവുകളിൽ തന്നെ ഇരുചേരിയിലാണ് ബോറിസും സുനകും. എങ്കിലും, രാഷ്ട്രീയ തിരിച്ചു വരവിന് മുൻപ്രധാനമന്ത്രി തയ്യാറാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന സൂചനകള്‍. എന്നാല്‍ സുനാക് ഇതിനു മുൻകൈ എടുക്കുമെന്ന പ്രതീക്ഷയിലാണ് ബോറിസെന്ന് അദ്ദേഹത്തിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
/sathyam/media/media_files/FDzlQDr3MJsrEHYJMYe5.jpg)
തെരഞ്ഞെടുപ്പിലെ ടോറികളുടെ പ്രധാന ആയുധം എടുത്ത് പ്രയോഗിക്കുന്നതിന് അഭിമാനപ്രശ്‌നം കാരണമായി മാറരുതെന്ന് മുന്‍ ബിസിനസ്സ് സെക്രട്ടറി ക്വാസി ക്വാര്‍ട്ടെംഗ് സുനാകിനോട് ആവശ്യപ്പെട്ടു.
"ഞാന്‍ എന്നും ബോറിസ് ഫാനാണെന്നാണ്. തെരഞ്ഞെടുപ്പില്‍ അദ്ദേഹം വലിയ വിജയമാണ്. ഇപ്പോള്‍ 20 പോയിന്റ് പിന്നിലാണ് പാര്‍ട്ടി. കഴിഞ്ഞ വര്‍ഷം വലിയ മുന്നേറ്റം നേടാന്‍ സാധിച്ചിട്ടില്ല" ക്വാര്‍ട്ടെംഗ് പറഞ്ഞു.
/sathyam/media/media_files/CntUqoMrldMRdnRvgG4W.jpg)
ഇക്കുറി ബോറിസിനെ പ്രചരണത്തിന് ഇറക്കി ടോറികള്‍ വിജയിക്കുകയും, സുനാകിനെ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുകയും വേണമെന്നാണ് ഹൗസിംഗ് സെക്രട്ടറി മൈക്കിള്‍ ഗോവിന്റെ ആവശ്യം.
ടോറികൾക്കിടയിൽ നിലനിൽക്കുന്ന ചേരിതിരിവ് ഇതിൽ നിന്നും സുവ്യക്തം. മാത്രമല്ല പാർട്ടിക്കും പ്രധാനമന്ത്രിക്കും എതിരെ ശക്തമായ ജനവികാരം നിലനിൽക്കുന്നുമുണ്ട്. വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് പ്രധാനമന്ത്രി നിരന്തരം വീണു പോകുന്നത് അദ്ദേഹത്തിന്റെ പ്രതിഛായക്കു കനത്ത മങ്ങലേൽപ്പിച്ചിട്ടുമുണ്ട്. ഇതിനെയൊക്കെ ശക്തമായി മറികടന്നു തെരെഞ്ഞെടുപ്പിനെ നേരിടാൻ ടോറികൾക്ക് കുറച്ചധികം വിയർപ്പൊഴുക്കേണ്ടി വരും.