Advertisment

യു കെയിൽ ദിവസങ്ങളുടെ ഇടവേളയിൽ അർബുദം കവർന്നത് രണ്ട് മലയാളി ജീവനുകൾ; മഹാവ്യാധിക്ക് കീഴടങ്ങിയത് മാഞ്ചസ്റ്ററിലെ ഐടി ഉദ്യോഗസ്ഥൻ രാഹുലും വിസ്റ്റോണ്‍ ഹോസ്പിറ്റലിലെ നഴ്‌സ്‌ ജോമോൾ ജോസും; ക്യാൻസർ വ്യാപനത്തിൽ തരിച്ച് യു കെ മലയാളികൾ

New Update
0obit667Untitled.jpg

മാഞ്ചസ്റ്റർ / വിസ്റ്റോണ്‍: യു കെ മലയാളികൾക്ക്‌ തീരാ വേദന സമ്മാനിച്ചുകൊണ്ട് ദിവസങ്ങളുടെ വ്യത്യാസത്തിൽ സംഭവിച്ചത് രണ്ട് മരണങ്ങൾ. സംഭവിച്ച രണ്ട് മരണങ്ങളും ക്യാൻസർ എന്ന മഹാവ്യാധി മൂലമാണെന്നതാണ് തികച്ചും ഞെട്ടിക്കുന്ന മറ്റൊരു വസ്തുത.

Advertisment

മാഞ്ചസ്റ്ററില്‍ കുടുംബസമേതം താമസിക്കുകയായിരുന്ന ഐടി എഞ്ചിനീയര്‍ രാഹുലും 

വിസ്റ്റണിലെ മലയാളി നഴ്സായ ജോമോള്‍ ജോസുമാണ് ദിവസങ്ങളുടെ മാത്രം വ്യത്യാസത്തിൽ ക്യാൻസർ മൂലം മരണമടഞ്ഞത്.

കവന്‍ട്രിയിലെ ഒരു ഐടി കമ്പനിയിൽ ജോലിചയ്തു വരുകയായിരുന്ന രാഹുൽ കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി കാന്‍സര്‍ ബാധിച്ചു ചികിത്സയിലായിരുന്നു.  വര്‍ക്ക് ഫ്രം ഹോം ആയിട്ടായിരുന്നു ജോലി ചെയ്തിരുന്നത്.

എന്നാല്‍, കഴിഞ്ഞ മാസം രോഗം മൂർച്ഛിച്ചതിനെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യുകയുമായിരുന്നു. ആശുപത്രിയിൽ കഴിയവെ, കഴിഞ്ഞ ദിവസം രാവിലെ 11.30 - ഓടെയാണ് രാഹുലിന്റെ മരണം സംഭവിച്ചത്.

മാഞ്ചസ്റ്ററിലെ റോയല്‍ ഇന്‍ഫേര്‍മറി ഹോസ്പിറ്റലില്‍ നഴ്സായി ജോലി ചെയ്യുന്ന ജോണ്‍സിയാണ് രാഹുലിന്റെ ഭാര്യ. 2021- ലാണ് ഇവര്‍ യു കെയില്‍ എത്തിയത്. ഏഴു വയസുകാരൻ ജോഹാഷ് ഏക മകനാണ്.

ഇവിടുത്തെ നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കാനാണ് ബന്ധുക്കളുടെ ശ്രമം. ജോണ്‍സിയും രാഹുലും ജനിച്ചതും വളര്‍ന്നതെല്ലാം ഛത്തീസ്ഗഡിലാണ്. ഇരുവരുടെയും മാതാപിതാക്കളും അവിടെയാണ്.

അടുത്തിടെ  രാഹുലിന്റെ പിതാവും സഹോദരിയും രാഹുലിനെ കാണാൻ മാഞ്ചസ്റ്ററിലെത്തിയിരുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം രാഹുലിന്റെ മാതാവ് വന്നിരുന്നില്ല. സംസ്കാരം സംബന്ധിച്ച കാര്യങ്ങളെല്ലാം പിന്നീട് തീരുമാനിക്കും.

യു കെ മലയാളികൾക്ക് മറ്റൊരു ദുഖവർത്തയായിരുന്നു വിസ്റ്റണിലെ മലയാളി നഴ്സായ ജോമോള്‍ ജോസിന്റെ മരണം.  55 - വയസ്സ് പ്രായമുണ്ടായിരുന്ന ജോമോള്‍ ക്യാൻസർ ബാധിതയായി വിസ്റ്റോണ്‍ ഹോസ്പിറ്റലില്‍ ചികിത്സയിൽ കഴിയവെയാണ് മരണപ്പെട്ടത്.

വിസ്റ്റോണ്‍ ഹോസ്പിറ്റലില്‍ നഴ്‌സ്‌ ആയി ജോലി ചെയ്യുകയായിരുന്നു ജോമോൾ. ജോസ് അബ്രാഹമാണ് ഭര്‍ത്താവ്. മൂന്നു മക്കളുമുണ്ട്. നാട്ടില്‍ കുറുമുളൂര്‍ പൂത്തറയില്‍ പരേതനായ മാത്യുവിന്റെ മകളാണ്.

Advertisment