വിയന്ന അന്താരാഷ്ട്ര വോളിബോൾ കിരീടം പാലാ സിക്സസ്സിന്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
gfdswerty

വിയന്ന : ഒരു വർഷം നീണ്ടു നിന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിരുന്നു വിയന്ന മലയാളി അസോസിയേഷൻ അന്താരാഷ്ട്ര വോളിബോൾ ടൂർണമെന്റ് സംഘടിപ്പിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കായിക പ്രേമികകൾക്ക് ആവേശം പകർന്ന് വിയന്ന മലയാളി അസോസിയേഷൻ സംഘടിപ്പിച്ച അന്താരാഷ്ട്ര വോളിബോൾ ടൂർണമെന്റിന്റെ കലാശ പോരാട്ടത്തിൽ ഇന്ത്യയിൽ നിന്നുള്ള പാലാ സിക്സസിന് ത്രസിപ്പിക്കുന്ന വിജയം.

Advertisment

നിറഞ്ഞു കവിഞ്ഞ ഗാലറിയെ സാക്ഷിയാക്കി രണ്ടു ഗ്രൂപ്പുകളിലായി പത്തോളം ടീമുകൾ പ്രാഥമിക മത്സരങ്ങൾ പൂർത്തിയാക്കി. സെമി ഫൈനലിൽ യുകെയിൽനിന്നുള്ള ലിവർപൂളിനെ തോൽപ്പിച്ച് ഇംഗ്ലണ്ടിൽ നിന്നുള്ള ബിർമ്മിംഗ്ഹാം ഗ്രൂപ്പ് എയിൽ ഫൈനലിൽ പ്രവേശിച്ചപ്പോൾ ഓസ്ട്രേലിയയിൽ നിന്നുള്ള ഓസ്സി ഇന്ത്യൻ സ്പോർട്സ് ക്ലബിനെ തോൽപ്പിച്ച് ഇന്ത്യയിൽ നിന്നുള്ള പാലാ സിക്സസ് ബി ഗ്രൂപ്പിൽനിന്ന് ഫൈനലിൽ പ്രവേശിച്ചു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിപിൻ ജോർജിന്റെ നേതൃത്വത്തിൽ ഇറങ്ങിയ പാലാ സിക്സസ് മിന്നും പ്രകടനം കൊണ്ട് ആദ്യ സെറ്റ് സ്വന്തമാക്കി. വീറും വാശിയുമേറിയ രണ്ടാം സെറ്റിൽ ബിർമ്മിംങ്ങ്ഹാം അഴിഞ്ഞാടിയപ്പോൾ വിജയം ബിർമ്മിങ്ങാമിലെ പക്ഷത്തായിരുന്നു.

അളന്നു കുറിച്ച പാസ്സുകളും തീ പാറുന്ന ഷോർട്ടുകളും കറയറ്റ പ്ലെയിസിംങ്ങുകളും കൊണ്ട് ഇഞ്ചോടിഞ്ച് പോരാടിയ മൂന്നാം സെറ്റിൽ ത്രസിപ്പിക്കുന്ന വിജയം പാലാ സിക്സസ് സ്വന്തമാക്കി. കളിയുടെ ആവേശത്തിനൊപ്പം കാണികൾക്ക് കമന്ററി ആവേശം പകർന്ന് കമന്ററി ബോക്സിന് വിപിൻ കുടിയിരിക്കൽ മാത്യൂസ് ചിറയിൻകാല എന്നിവർ നേതൃത്വം കൊടുത്തു. ടൂർണമെന്റ് വിജയികൾക്ക് മലയാളി അസോസിയേഷന്റെ പ്രഥമ പ്രസിഡന്റ് ജോസ് കിഴക്കേക്കരയുടെ മെമ്മോറിയൽ ട്രോഫിയും കാഷ് പ്രൈസും നൽകി. യഥാക്രമം രണ്ടും മൂന്ന് സ്ഥാനക്കാർക്ക് ജെറി മെമ്മോറിയൽ, ലിൻസ് പിടക്കുടി മെമ്മോറിയൽ ട്രോഫിയും കാഷ് പ്രൈസും നൽകി. പാലാ സിക്സസിൽ നിന്നും ബസ്റ്റ് ലിഫ്റ്റർ ആയി ജനീഷ് ജോർജിനും, ബസ്റ്റ് അറ്റാക്കറായി വിപിൻ ജോർജിനും ട്രോഫികൾ സമ്മാനിച്ചു. ബസ്റ്റ് ഓൾറൗണ്ടർ ട്രോഫി മാൾട്ടയിൽ നിന്നുള്ള കാർഡിഫ് ടീം അംഗം ബിനീഷ് അർഹനായി. കളി മികവുകൊണ്ടും കാണികളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായ ഈ അന്താരാഷ്ട്ര ടൂർണ്മെന്റ് വിയന്ന മലയാളി അസോസിയേഷന്റെ ചരിത്രത്തിന്റെ ഭാഗമായി മാറി എന്ന് പ്രസിഡന്റ് സുനീഷ് മുണ്ടിയാനിക്കൽ അറിയിച്ചു.

സ്പോർട്സ് ക്ലബ്‌ സെക്രട്ടറി രഞ്ജിത് കുറുപ്പ്, വൈസ് പ്രസിഡന്റ്‌ ബാബു പോൾ തട്ടിൽ എന്നിവർ ടൂർണമെന്റിന് നേതൃത്വം കൊടുത്തു. ഈ ടൂർണമെന്റ് വിജയകരമാക്കുവാൻ പ്രധാന പങ്കുവഹിച്ച ടൂർണമെന്റ് കോഡിനേറ്റർ ലിൻറ്റോ പാലക്കുടിക്കും ഒപ്പം നിന്നു സഹായിച്ച മറ്റെല്ലാ കമ്മറ്റി അംഗങ്ങൾക്കും ജനറൽ സെക്രട്ടറി സോണി ജോസഫ് ചേന്നങ്കര നന്ദി അറിയിച്ചു.

Vienna International Volleyball
Advertisment