/sathyam/media/media_files/2025/03/18/N5s8XzYLX8maCF1v2Rk5.jpg)
പതിറ്റാണ്ടുകളായി അമേരിക്ക ഒരുക്കിക്കൊടുത്ത ആണവ കവചത്തിന്റെ സുരക്ഷിതത്വത്തിലാണ് ജര്‍മനി. ഇരുപതോളം യുഎസ് ആണവായുധങ്ങള്‍ റൈന്‍ലാന്‍ഡ് പലാറ്റിനേറ്റിലെ എയര്‍ബേസില്‍ സൂക്ഷിച്ചിട്ടുണ്ട്. ആവശ്യം വന്നാല്‍ ഇതു പ്രയോഗിക്കാന്‍ ജര്‍മന്‍ വിമാനങ്ങളായിരിക്കും ഉപയോഗിക്കുക. എന്നാല്‍, ആണവായുധങ്ങള്‍ റിലീസ് ചെയ്യാനുള്ള കോഡ് യുഎസ് പ്രസിഡന്റിനു മാത്രമേ അറിയൂ.
ഡോണള്‍ഡ് ട്രംപ് രണ്ടാം വട്ടം യുഎസ് പ്രസിഡന്റായതു മുതല്‍ ഈ സുരക്ഷ ജര്‍മനിക്കും അതുവഴി യൂറോപ്പിനും നഷ്ടമാകുമോ എന്ന ആശങ്ക ശക്തമാണ്. പ്രത്യേകിച്ച്. നാറ്റോയില്‍ നിന്ന് പിന്‍മാറുമെന്ന് പ്രത്യക്ഷമായും പരോക്ഷമായും ട്രംപ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍.
എന്നാല്‍, ട്രംപ് അധികാരത്തിലെത്തും മുന്‍പു തന്നെ ജര്‍മനിക്ക് ഇങ്ങനെയൊരു സാധ്യതയെക്കുറിച്ച് സൂചന നല്‍കിയിരുന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. എന്നാല്‍, ഫ്രാന്‍സുമായി ഈ വിഷയത്തില്‍ വിശദമായൊരു ചര്‍ച്ചയ്ക്ക് ജര്‍മനി ഇതുവരെ തയാറായിട്ടില്ല. ഇപ്പോള്‍, യുഎസ് സംരക്ഷണം ഇല്ലാതാകാനുള്ള സാധ്യതകള്‍ കൂടുതല്‍ തെളിഞ്ഞു വരുന്ന പശ്ചാത്തലത്തില്‍, ഫ്രാന്‍സിനെ സഹായ വാഗ്ദാനം ജര്‍മനി കൂടുതല്‍ സജീവമായി പരിഗണിക്കുമെന്നു വേണം കരുതാന്‍.
75 വര്‍ഷമായി ജര്‍മനിയില്‍ യുഎസ് സൈനിക സാന്നിധ്യമുണ്ട്. രണ്ടാം ലോകയുദ്ധത്തില്‍ ജര്‍മനി കീഴടങ്ങിയ ശേഷം ഇരുരാജ്യങ്ങളും ക്രമേണ സൈനികതലത്തില്‍ ഉള്‍പ്പെടെ അടുത്ത പങ്കാളികളായി മാറുകയായിരുന്നു.
ജര്‍മനിയെ നാസികളില്‍നിന്നു മോചിപ്പിച്ചത് അമേരിക്കന്‍ സൈന്യമാണ്. എന്നാല്‍, അന്ന് അമേരിക്കന്‍ സഖ്യത്തിന്റെ ഭാഗമായിരുന്ന സോവ്യറ്റ് യൂണിയന്‍ വൈകാതെ പഴയതു പോലെ തന്നെ അവരുടെ ശത്രുവായി. പശ്ചിമ ജര്‍മനി യുഎസിനൊപ്പവും പൂര്‍വ ജര്‍മനി സോവ്യറ്റ് യൂണിയനൊപ്പവും നിലകൊണ്ടു. ഒരുഘട്ടത്തില്‍ വിഭജിത ബര്‍ലിനില്‍ വച്ച് യുഎസ് ~ സോവ്യറ്റ് ടാങ്കുകള്‍ നേര്‍ക്കുനേര്‍ വരുക പോലും ചെയ്തു.
എന്നാല്‍, സോവ്യറ്റ് യൂണിയന്റെ തകര്‍ച്ചയും ബര്‍ലിന്‍ മതില്‍ പൊളിക്കലും ജര്‍മന്‍ പുനരേകീകരണവും എല്ലാമായപ്പോള്‍ യുഎസ് സൈന്യത്തിന്റെ അപ്രമാദിത്വമായി. ജര്‍മനിയുടെ സുഹൃദ് രാജ്യമായി റഷ്യ തുടര്‍ന്നെങ്കിലും തന്ത്രപരമായ സഖ്യം അമേരിക്കയുമായി മാത്രമായിരുന്നു. ഈ സഖ്യം വഴി ജര്‍മനിക്കും യൂറോപ്പിനാകെയും ഉറപ്പ് വരുത്തിയ സുരക്ഷിതത്വമാണ് ഇപ്പോള്‍ ട്രംപിന്റെ നിലപാടുകള്‍ ഭീഷണിയായി മാറിയിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us