/sathyam/media/media_files/2025/02/25/mUP7HbYKFLthEbXQjq3q.jpg)
വാഷിങ്ടണ്‍: ലോകവ്യാപകമായി വലതുപക്ഷ നേതാക്കളുടെ സ്വാധീനം ശക്തിപ്പെടുമ്പോള്‍ ഇടതു രാഷ്ട്രീയ നേതൃത്വം ഭ്രാന്ത് പിടിച്ചതുപോലെയാണു പ്രതികരിക്കുന്നതെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി. കണ്‍സര്‍വേറ്റീവുകള്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്ന് ചാപ്പകുത്തുകയാണ് ഇടതുപക്ഷം. എന്നാല്‍, തങ്ങളുടെ ആഗോള സഖ്യങ്ങളെ അവര്‍ ആഘോഷിക്കുന്നു. ഇടതിന്‍റെ കാപട്യമാണ് ഇതിലൂടെ തെളിയുന്നതെന്നും വാഷിങ്ടണില്‍ സംഘടിപ്പിച്ച കണ്‍സര്‍വേറ്റിവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള തന്‍റെ ആദരം ആവര്‍ത്തിച്ചു പ്രകടിപ്പിച്ചുകൊണ്ടാണു മെലോനി ഇക്കാര്യം പറഞ്ഞത്. തൊണ്ണൂറുകളില്‍ ബില്‍ ക്ളിന്‍റണും ടോണി ബ്ളെയറും ആഗോള ഇടത് ഉദാര ശൃംഖല രൂപീകരിച്ചപ്പോള്‍ അവരെ നാം ലോകനേതാക്കള്‍ എന്ന് വിശേഷിപ്പിച്ചു. എന്നാല്‍ ഇന്നു ഡോണള്‍ഡ് ട്രംപും മെലോനിയും ജാവിയര്‍ മിലെയും (അര്‍ജന്‍റീന) മോദിയും തമ്മില്‍ ചര്‍ച്ച നടത്തിയാല്‍ അവര്‍ അതിനെ ജനാധിപത്യത്തിന് ഭീഷണി എന്ന് വിളിക്കും. ഇതാണ് ഇടതിന്‍റെ ഇരട്ടത്താപ്പ്. എക്കാലവും ജനങ്ങളെ ഇങ്ങനെ വിഡ്ഢികളാക്കാന്‍ കഴിയില്ല. ഇടതിന്‍റെ നിരന്തര ആക്രമണമുണ്ടായിട്ടും ജനങ്ങളുടെ പിന്തുണ തങ്ങള്‍ക്കാണെന്നും മെലോനി പറഞ്ഞു.
ലിബറല്‍ സംവിധാനങ്ങളുടെ സമ്മര്‍ദം ശക്തമാകുമ്പോഴും യാഥാസ്ഥിതിക മൂല്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന പ്രതിജ്ഞാബദ്ധതയുള്ള നേതാവാണു ട്രംപ്. യാഥാസ്ഥിതികര്‍ വിജയിക്കുക മാത്രമല്ല, ആഗോളതലത്തില്‍ സഹകരിക്കുക കൂടി ചെയ്തതോടെ ഇടതുപക്ഷം അസ്വസ്ഥരാണ്. ട്രംപിന്‍റെ വിജയത്തോടെ അവരുടെ പ്രകോപനം ഭ്രാന്ത്രായി മാറിയിരിക്കുന്നു~ റോമില്‍ നിന്നു വിഡിയൊ കോണ്‍ഫറന്‍സിലൂടെ നടത്തിയ പ്രസംഗത്തില്‍ മെലോനി പറഞ്ഞു.
മാധ്യമങ്ങളും രാഷ്ട്രീയക്കാരും വളഞ്ഞിട്ട് ആക്രമിക്കുമ്പോഴും കണ്‍സര്‍വേറ്റീവ് നേതാക്കള്‍ തുടര്‍ച്ചയായി തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച് കൊണ്ടിരിക്കുന്നു. കാരണം നുണകള്‍ വിശ്വസിക്കാന്‍ ജനങ്ങള്‍ തയാറല്ലെന്നതാണ്. ഞങ്ങള്‍ കുടുംബത്തെയും ജീവിതത്തെയും സംരക്ഷിക്കുന്നു. വിശ്വാസത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനുമുള്ള പരിശുദ്ധ അവകാശങ്ങള്‍ ഞങ്ങള്‍ സംരക്ഷിക്കുന്നു~ മെലോനി പറഞ്ഞു. ഇറ്റലിയിലെ തീവ്ര വലതു പക്ഷമായ ബ്രദേഴ്സ് പാര്‍ട്ടിയുടെ നേതാവാണു മെലോനി. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് അവര്‍ മാത്രമാണു ട്രംപിന്‍റെ സത്യപ്രതിജ്ഞയില്‍ പങ്കെടുത്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us