ലോകത്തിന്റെ മറ്റു പല ഭാഗങ്ങളും എന്നതുപോലെ ജര്‍മനിയിലും വലിയ വളര്‍ച്ച കൈവരിക്കുകയാണ് പോപ്പുലിസ്ററ് പാര്‍ട്ടികള്‍. ജനാധിപത്യവിശ്വാസം കാത്തുസൂക്ഷിക്കുന്ന വിശാല സമൂഹങ്ങള്‍ ഇവര്‍ക്കെതിരേ ശക്തമായ നിലപാടുകള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്.
യുഎസില്‍ ഡോണള്‍ഡ് ട്രംപും ഇന്ത്യയില്‍ നരേന്ദ്ര മോദിയും എന്നതുപോലെ ജര്‍മനിയില്‍ എ എഫ് ഡി നേതാവ് ബ്യോണ്‍ ഹോക്കെയാണ് പോപ്പുലിസത്തിന്റെ മുഖമായി കണക്കാക്കപ്പെടുന്നത്. മുഖങ്ങളും സമീപനങ്ങളും പലതാണെങ്കിലും, എല്ലായിടത്തും ഇവരുടെ പ്രവര്‍ത്തന ഘടന സമാനമാണ്. സമൂഹത്തിലെ ഉപരിവര്‍ഗത്തെ പ്രതിനിധാനം ചെയ്യുന്നു എന്നു മാത്രമല്ല, താഴേക്കിടയിലുള്ളവരെ അടിച്ചമര്‍ത്താനുള്ള തന്ത്രം മെനയുക കൂടി ചെയ്യുന്നു എന്നതാണ് ഇവരെ സമത്വം എന്ന സിദ്ധാന്തത്തിന് എതിരാക്കുന്നത്.
'അവരും നമ്മളും' എന്ന ദ്വന്ദം സമൂഹത്തില്‍ ഊട്ടിയുറപ്പിച്ചുകൊണ്ടാണ് അവരുടെ പ്രവര്‍ത്തനം. ഇന്ത്യയില്‍ ശത്രുപക്ഷത്തു നിര്‍ത്താന്‍ ശ്രമിക്കുന്നത് മത ന്യൂനപക്ഷങ്ങളെയാണെങ്കില്‍, ജര്‍മനിയില്‍ മതന്യൂനപക്ഷങ്ങള്‍ക്കൊപ്പം കുടിയേറ്റക്കാരെ കൂടി വെറുക്കപ്പെട്ടവരാക്കാനാണ് ശ്രമം.
രാജ്യത്തെ നയിക്കാന്‍ കരുത്തുള്ള ഏക നേതാവ് എന്ന നിലയിലുള്ള പ്രചരണമാണ് ഇവരുടെ മറ്റൊരു സമാനത. നാടിന്റെ എന്തു പ്രശ്നവും പരിഹരിക്കാന്‍ സാധിക്കുന്നവരാണ് ഈ ഏക ഛത്രാധിപതികള്‍ എന്ന തെറ്റിദ്ധാരണ പരത്താന്‍ അവര്‍ വാര്‍ത്താ മാധ്യമങ്ങളെ അടക്കം ദുര്‍വിനിയോഗം ചെയ്യും. നിയമത്തെയും നീതിയെയുമെല്ലാം തങ്ങളുടെ വഴിക്കാക്കാന്‍ അവര്‍ ശ്രമിക്കും.
രാജ്യത്തിന്റെ രക്ഷകന്‍ എന്നാണ് എ എഫ് ഡിയുടെ തുരിംഗിയ സ്റേററ്റ് ചെയര്‍മാനായ ഹോക്കെ സ്വയം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. 'ഒരിക്കല്‍ക്കൂടി രാജ്യത്തിന്റെ മുറിവുണക്കാന്‍ ശേഷിയുള്ള ഒരു ചരിത്രപുരുഷനെയാണ് ജര്‍മനിക്കാര്‍ കാത്തിരിക്കുന്നതെന്ന് എനിക്കറിയാം' എന്നാണ് ഹോക്കെ ഒരിക്കല്‍ എഴുതിയത്.
12ാം നൂറ്റാണ്ടിലെ റോമന്‍ ചക്രവര്‍ത്തിയായിരുന്ന ബാര്‍ബറോസയുടെ അവതാരാമായാണ് ഹോക്കെ സ്വയം പ്രഖ്യാപിക്കുന്നത്. ജര്‍മന്‍ സാമ്രാജ്യത്തിലും പുറത്തും ഏകീകരണവും സമാധാനവും സ്ഥാപിക്കാന്‍ സാധിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ബാര്‍ബറോസ മരിച്ചിട്ടില്ലെന്നും തന്റെ പിന്‍ഗാമികളെ ഏകീകരിക്കാന്‍ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റു വരുമെന്നുമാണ് വിശ്വാസം. ഇന്ത്യയില്‍ പൊതു തെരഞ്ഞെടുപ്പിനു മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഒരു പ്രസ്താവന കൂടി വേണമെങ്കില്‍ ഇതുമായി ചേര്‍ത്തു വായിക്കാം~ തന്റെ ജനനം ജൈവികമല്ല ദൈവികമാണ് എന്നായിരുന്നു അത്!
തുല്യത, ആത്മാഭിമാനം, സ്വാതന്ത്ര്യം, വിവേചനമില്ലായ്മ തുടങ്ങിയ മാനുഷിക ഘടകങ്ങളെയെല്ലാം തള്ളിക്കളയുന്നതാണ് അടിസ്ഥാനപരമായി പോപ്പുലിസ്ററ് പാര്‍ട്ടികളുടെയെല്ലാം പ്രത്യയശാസ്ത്രം. യൂറോപ്പില്‍ ആകമാനം ഇവര്‍ക്ക് വലിയ തോതില്‍ വേരോട്ടമുണ്ടാക്കാന്‍ സാധിക്കുന്നു എന്നത് ആശങ്കാജനകവുമാണ്. രണ്ടാം ലോകയുദ്ധത്തിനു ശേഷം ആദ്യമായി ഒരു ജര്‍മന്‍ സ്റ്റേറ്റ് ഇലക്ഷനില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഒരു തീവ്ര വലതുപക്ഷ പ്രസ്ഥാനം വരുന്നതിനും തുരിംഗിയ സാക്ഷിയായി.
പോപ്പുലിസത്തിന് ആര് മണികെട്ടും
New Update
Advertisment